ന്യൂഡൽഹി: അസം പൊലീസ് ഡൽഹി വിമാനത്താവളത്തിൽ വിമാനത്തിൽനിന്നിറക്കി അറസ്റ്റ് ചെയ്ത കോൺഗ്രസ് നേതാവ് പവൻ ഖേരക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ചൊവ്വാഴ്ച വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. അസമിലും യു.പിയിലുമായി പവൻ ഖേരക്കെതിരെയുള്ള കേസുകൾ സംയോജിപ്പിച്ച് ഒറ്റ എഫ്.ഐ.ആർ ആക്കാനും സുപ്രീംകോടതി നിർദേശിച്ചു. ഡൽഹിയിലെ ദ്വാരക കോടതിയിൽ കോൺഗ്രസ് നേതാവിനെ ഹാജരാക്കും. ഇന്ന് രാവിലെയുണ്ടായ അറസ്റ്റിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിക്കുകയും, ഹരജി ഇന്ന് തന്നെ കേൾക്കാൻ കോടതി സമ്മതിക്കുകയുമായിരുന്നു.
ഡൽഹിയിൽ നിന്ന് ഛത്തിസ്ഗഢ് തലസ്ഥാനമായ റായ്പൂരിലേക്ക് പാർട്ടി പ്ലീനറി യോഗത്തിനായി പോകാൻ വിമാനത്തിൽ കയറിയപ്പോഴാണ് പവൻ ഖേരയെ തടഞ്ഞ് അറസ്റ്റ് ചെയ്തത്. ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം.
സംഭവമറിഞ്ഞ് അതേ വിമാനത്തിലുണ്ടായിരുന്ന പ്രവർത്തകർ വിമാനത്തിൽ നിന്നിറങ്ങി പ്രതിഷേധിച്ചു. വിമാനത്തിനു സമീപം ഇരുന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. കേസുള്ളതിനാൽ പവൻ ഖേരയെ വിമാനത്തിൽ കയറാൻ അനുവദിക്കരുതെന്ന് നിർദേശമുണ്ടായിരുന്നു എന്നാണ് ഇൻഡിഗോ എയർലൈൻ പ്രതികരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിന് അസം പൊലീസെടുത്ത കേസിലാണ് അറസ്റ്റ്. അദാനി വിഷയവുമായി ബന്ധപ്പെട്ട് സംയുക്ത പാർലമെന്റ് സമിതി അന്വേഷണം ആവശ്യപ്പെടവെ, നരേന്ദ്ര ദാമോദർ ദാസ് മോദി എന്നത് നരേന്ദ്ര ഗൗതം ദാസ് എന്നാണ് പവൻ ഖേര വാർത്തസമ്മേളനത്തിൽ പറഞ്ഞത്. ‘നരസിംഹറാവുവിന് ജെ.പി.സി രൂപീകരിക്കാമെങ്കിൽ, അടൽ ബിഹാരി വാജ്പേയിക്ക് ജെ.പി.സി രൂപീകരിക്കാമെങ്കിൽ, നരേന്ദ്ര ഗൗതം ദാസിന് എന്താണ് പ്രശ്നം? ക്ഷമിക്കണം, ദാമോദർ ദാസിന്’ -എന്നായിരുന്നു പവൻ ഖേരയുടെ പ്രസംഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.