മുംബൈ: മഹാരാഷ്ട്രയിൽ മുനിസിപ്പൽ തിരഞ്ഞെടുപ്പിനിടെ സ്ത്രീകളെ പറഞ്ഞു പറ്റിച്ച് കള്ളവോട്ട് ചെയ്യിപ്പിച്ചതായി പരാതി. പുണെ ജില്ലയിലെ ജെജൂരി ഖണ്ഡോബ ക്ഷേത്രത്തിൽ ദർശനത്തിനെന്നു തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയ സ്ത്രീകളെ നിർബന്ധിച്ച് വോട്ട് ചെയ്യിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം.
സംഭവത്തിൽ ബീഡ് ജില്ലയിലെ ഗേവ്രൈ താലൂക്കിൽ നിന്നുള്ള വീട്ടമ്മ ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നൽകി. ജനുവരി 15-ന് നടന്ന തെരഞ്ഞെടുപ്പിനിടെയാണ് നാടകീയ സംഭവം അരങ്ങേറിയത്. പരാതിക്കാരി ഉൾപ്പെടെ സ്ത്രീകളെ നാല് ബസുകളിലായാണ് പിംപ്രി–ചിഞ്ച്‌വഡിലേക്ക് കൊണ്ടുപോയത്. സ്വയം സഹായ സംഘത്തിന്റെ യോഗവും ക്ഷേത്ര ദർശനവും നടത്താമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പിംപ്രി–ചിഞ്ച്‌വഡിലേത്തിയപ്പോൾ സ്ത്രീകളെ ഭീഷണിപ്പെടുത്തി വോട്ട് ചെയ്യിപ്പിക്കുകയായിരുന്നു.
സംഭവസ്ഥലത്തുനിന്ന് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്ന് വൈകിട്ട് ആറുമണിയോടെയാണ് ഇവരെ വിട്ടയച്ചത്. വഞ്ചിച്ചവർക്കെതിരെ കർശന നടപടി വേണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. വോട്ട് ചെയ്യുന്നതിനായി പണമൊന്നും വാങ്ങിയിട്ടില്ലെന്നും തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു.
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ സംഭവം. വോട്ടർമാരെ സംഘടിതമായി തെറ്റിദ്ധരിപ്പിച്ച് കള്ളവോട്ട് ചെയ്യിപ്പിക്കുന്നതിനെതിരെ ബീഡ് ജില്ലയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.