'സവർക്കർ ബ്രിട്ടീഷുകാരെ സഹായിച്ചു'; തെളിവിന് കത്തുമായി രാഹുൽ ഗാന്ധി

മുംബൈ: താൻ ബ്രിട്ടീഷുകാരന്റെ സേവകനാകാൻ ആഗ്രഹിക്കുന്നുവെന്ന വി.ഡി. സവർക്കറുടെ കത്തുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ അകോളയിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് രാഹുൽ കത്ത് പ്രദർശിപ്പിച്ചത്.

സവർക്കർ മാപ്പപേക്ഷിച്ച് ബ്രിട്ടീഷുകാർക്ക് കത്തെഴുതിയെന്നും പെൻഷൻ സ്വീകരിച്ചിരുന്നുവെന്നും ഭയംമൂലമാണ് ഇത് ചെയ്തതെന്നും രാഹുൽ പറഞ്ഞു. 'സവർക്കർ ബ്രിട്ടീഷുകാരെ സഹായിച്ചുവെന്നത് വളരെ വ്യക്തമാണ്. സവർക്കർ ബ്രിട്ടീഷുകാർക്ക് എഴുതിയ കത്ത് ഉൾക്കൊള്ളുന്ന രേഖകൾ എന്റെ പക്കലുണ്ട്, അതിൽ 'സാർ, നിങ്ങളുടെ ഏറ്റവും അനുസരണയുള്ള സേവകനായി തുടരാൻ ഞാൻ അപേക്ഷിക്കുന്നു എന്നുണ്ട്'. ഇത് ഞാനല്ല, സവർക്കർജി എഴുതിയതാണ്. എല്ലാവരും ഈ രേഖ വായിക്കട്ടെ' -രാഹുൽ പറഞ്ഞു.

സവർക്കർ ഈ കത്തിൽ ഒപ്പിട്ടിട്ടുണ്ട്, വർഷങ്ങളോളം ജയിലിൽ കിടന്ന മഹാത്മ ഗാന്ധിയും ജവഹർലാൽ നെഹ്റുവും സർദാർ വല്ലഭായ് പട്ടേലും ഒരു കത്തുപോലും എഴുതിയിട്ടില്ല. ഭയംമൂലമാണ് ഇത്തരത്തിലൊരു കത്ത് സവർക്കർ എഴുതിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവീസടക്കം ആർക്കും ഈ കത്ത് വായിച്ചുനോക്കാമെന്നും കത്തിലെ പ്രധാനഭാഗങ്ങൾ ഹൈലൈറ്റ് ചെയ്തുവച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. ബ്രിട്ടീഷുകർക്ക് കത്തെഴുതി ഒപ്പിട്ടു നൽകിയ സവർക്കറിന് അവരെ പേടിയായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും രാഹുലിനെ വിമർശിച്ചു.

ശിവസേന ഉദ്ധവ് വിഭാഗവും രാഹുലിന്റെ നിലപാടിനെതിരെ രംഗത്തെത്തി. ഞങ്ങൾ രാഹുൽ പറഞ്ഞതുമായി യോജിക്കുന്നില്ല. ഞങ്ങൾ വീർ സവർക്കറെ ബഹുമാനിക്കുന്നു. എന്നാൽ ഈ സമയത്ത് തങ്ങളെ ചോദ്യം ചെയ്യുന്ന ബി.ജെ.പിയോട് ചോദിക്കാനുള്ളത് അവർ എന്തുകൊണ്ട് പി.ഡി.പിയോടൊത്ത് ജമ്മു-കശ്മീർ ഭരിച്ചുവെന്നാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

ബ്രിട്ടീഷുകാരിൽനിന്ന് നമുക്ക് ലഭിച്ച സ്വാതന്ത്ര്യം സംരക്ഷിക്കാനാണ് തങ്ങൾ കോൺഗ്രസുമായി ചേർന്നതെന്നും ഉദ്ധവ് ചൂണ്ടിക്കാട്ടി. ഹിന്ദുമഹാസഭ നേതാവ് വി.ഡി. സവർക്കറെ അപമാനിച്ചാൽ മഹാരാഷ്ട്രയിലെ ജനങ്ങൾ സഹിക്കില്ലെന്ന് ഏക്‌നാഥ് ഷിൻഡെ പറഞ്ഞു. ഭാരത് ജോഡോ യാത്രക്കിടെ ബംഗളുരുവിലും ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരെ രാഹുൽ ആഞ്ഞടിച്ചിരുന്നു.

Tags:    
News Summary - 'Savarkarji helped British...', says Rahul Gandhi, shows letter as proof

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.