നാടകീയ രംഗങ്ങള്‍ ശശികല കണ്ടത്  തൊട്ടടുത്ത മുറിയിലെ ടി.വിയില്‍

ബംഗളൂരു: തമിഴ്നാട് നിയമസഭയില്‍ അരങ്ങേറിയ സംഘര്‍ഷ കാഴ്ചകളും വാര്‍ത്തകളും അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല കണ്ടത് തൊട്ടടുത്ത സെല്ലിലെ ടി.വിയില്‍. തമിഴ്നാട് രാഷ്ട്രീയ അനിശ്ചിതത്വത്തിന്‍െറ കേന്ദ്രബിന്ദുകൂടിയായ ശശികല ജയില്‍ മുറിയില്‍ ടി.വിയും മറ്റു സൗകര്യങ്ങളും ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയിട്ടില്ല. ജയില്‍ ചട്ടങ്ങള്‍ പ്രകാരം ശശികലക്ക് ടി.വി അനുവദിക്കാനാകില്ല. ഇതോടെയാണ് തൊട്ടടുത്ത സെല്ലിനെ ആശ്രയിക്കേണ്ടിവന്നത്. തന്‍െറ വിശ്വസ്തന്‍ എടപ്പാളി കെ. പളനിസാമി നിയമസഭയില്‍ വിശ്വാസവോട്ട് തേടുന്നത് കാണാന്‍ ടി.വി അനുവദിക്കണമെന്ന് ശനിയാഴ്ച രാവിലെ ശശികല വീണ്ടും ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് തൊട്ടടുത്ത മുറിയില്‍ ടി.വി കാണുന്നതിനുള്ള സൗകര്യം ഒരുക്കിനല്‍കുകയായിരുന്നു. നിയമസഭയില്‍ നടക്കുന്ന നാടകീയ സംഭവങ്ങള്‍ അറിയാനായി ഒന്നിലധികം തമിഴ് ചാനലുകള്‍ മാറി മാറി കണ്ടു. പിരിമുറുക്കത്തിലായ അവര്‍ ഇടക്കിടെ ഏതാനും തമിഴ് സീരിയലുകളും കണ്ടു. ഇളവരശിയോടൊപ്പം സ്ത്രീ തടവുകാര്‍ക്കുള്ള ബ്ളോക്കിലെ സാധാരണ മുറിയിലാണ് ശശികലയുടെ താമസം. 

തമിഴ്നാട് രാഷ്ട്രീയത്തിലെ സംഭവവികാസങ്ങള്‍ അറിയിക്കാന്‍ അണ്ണാ ഡി.എം.കെ കര്‍ണാടക സ്റ്റേറ്റ് സെക്രട്ടറി പുകഴേന്തി ജയിലില്‍വന്ന് ശശികലയുമായി ദിവസവും കൂടിക്കാഴ്ച നടത്തുന്നുണ്ട്. തമിഴ്നാട്ടിലെ രാഷ്ട്രീയ സംഭവവികാസങ്ങളില്‍ അവര്‍ ഏറെ സന്തോഷത്തിലാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തമിഴ്നാട് ജനത തന്നോടൊപ്പമുണ്ടെന്നാണ് ഇത് തെളിയിക്കുന്നതും ശശികല പറഞ്ഞെന്ന് അദ്ദേഹം വെളിപ്പെടുത്തി. ആദ്യ ദിവസങ്ങളില്‍ അസ്വസ്ഥയായി കാണപ്പെട്ട അവര്‍ ജയിലിലെ സൗകര്യങ്ങളുമായി പൊരുത്തപ്പെട്ടുവരുന്നുണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കൊടുംകുറ്റവാളിയായ സയനൈഡ് മല്ലികയാണ് ശശികലയുടെ തൊട്ടടുത്ത സെല്ലില്‍ താമസിക്കുന്നത്. കവര്‍ച്ചക്കുവേണ്ടി ആറുപേരെ വിഷം കൊടുത്ത് കൊന്ന കേസിലാണ് ഇവര്‍ തടവുശിക്ഷ അനുഭവിക്കുന്നത്. വരുംദിവസങ്ങളില്‍ മുഖ്യമന്ത്രി പളനിസാമിയും മന്ത്രിമാരും ശശികലയെ കാണാനായി പരപ്പന അഗ്രഹാര ജയിലിലത്തെും. സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ജയില്‍ വളപ്പില്‍ ഒരുക്കിയിരിക്കുന്നത്.

Tags:    
News Summary - Sasikala watches Assembly drama on neighbour's TV in Bengaluru jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.