ചെന്നൈ: സര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച് ഗവർണറുടെ ഭാഗത്തു നിന്ന് ഇതുവരെയും അനുകൂല നിലപാട് ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി വി.കെ. ശശികല ഉപവാസ സമരത്തിലേക്ക് നീങ്ങുന്നുവെന്ന് സൂചന. രാജ്ഭവനു മുന്നിലോ മറീനാ ബീച്ചിലെ ജയാ സ്മാരകത്തിലോ തന്നെ പിന്തുണയ്ക്കുന്ന എം.എല്‍.എമാര്‍ക്കൊപ്പം അവർ ഉപവാസമിരിക്കുമെന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ നൽകുന്ന സൂചന. ദിവസം കഴിയുന്തോറും പന്നീർശെൽവത്തിന് പിന്തുണ കൂടുന്നുവെന്ന് കണ്ടുകൊണ്ടു കൂടിയാണ് പുതിയ നടപടി. ഗവർണറുടെ തീരുമാനത്തിനായി ഇന്നു വൈകുന്നേരം വരെ കാത്തരിക്കുമെന്നും ശശികല പക്ഷം പറയുന്നു.
അതേസമയം, ഒ.പന്നീർസെൽവത്തിനു പിന്തുണയുമായി ബി.ജെ.പിയും രംഗത്തെത്തി. വിശ്വാസ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കാൻ പനീർസെൽവത്തിന് അവസരം നൽകണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
പാര്‍ട്ടിയെ പിളര്‍ത്താന്‍ ഗവര്‍ണര്‍ മനഃപൂര്‍വം നടപടിക്രമങ്ങള്‍ വൈകിക്കുകയാണെന്ന് ശശികല ആരോപിച്ചിരുന്നു. ഗവർണറുടെ തീരുമാനം വൈകുന്നതിനനുസരിച്ച് കൂടുതല്‍ പേര്‍ പനീര്‍സെല്‍വം ക്യാമ്പിലേക്ക് പോകുന്നതും ശശികലയെ ആശങ്കയിലാക്കിയിട്ടുണ്ട്. ഒരു മന്ത്രിയും മൂന്ന് എംപിമാരും പാർട്ടി വക്താവും ഇന്നലെ പനീർസെൽവത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചു ശശികല ഗവർണറെ കണ്ടപ്പോൾ ഒപ്പമുണ്ടായിരുന്ന മന്ത്രി കെ.പാണ്ഡ്യരാജനും ഇതുവരെ അവർക്കുവേണ്ടി ശക്തമായി വാദിച്ചിരുന്ന പാർട്ടി വക്താവ് സി.പൊന്നയ്യനുമാണു കളം മാറ്റിയ പ്രമുഖർ. ആറ് എംഎൽഎമാരാണ് ഇപ്പോൾ പനീർസെൽവത്തിനൊപ്പമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.