ബംഗളൂരു: അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി ശശികലക്ക് പരപ്പന അഗ്രഹാര ജയിലിൽ നൽകിയിരുന്ന സൗകര്യങ്ങൾ എടുത്തുമാറ്റി. പുതുതായി ചുമതലയേറ്റ ജയിൽ എ.ഡി.ജി.പി എൻ.എസ്. മേഘരികിെൻറ കർശന നിർദേശത്തെ തുടർന്നാണ് തടവുകാർക്ക് നൽകിയിരുന്ന സുഖസൗകര്യങ്ങൾ ഒഴിവാക്കിയത്. വ്യാഴാഴ്ച ജയിൽ സന്ദർശിക്കാനെത്തിയ അദ്ദേഹം ജയിൽ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും ലംഘിക്കുന്ന തടവുകാർക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകി.
ഒരാളുടെ പ്രശസ്തിയും സാമൂഹിക ഉന്നതിയും കണക്കിലെടുത്ത് ജയിലിൽ പ്രത്യേക പരിഗണന നൽകാനാകില്ല. സാധാരണക്കാരൻ, വി.ഐ.പി എന്ന വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരേ പരിഗണന നൽകും. എല്ലാവരും ജയിലിലെ ഭക്ഷണം കഴിക്കണം. പ്രത്യേക അടുക്കള ഉൾപ്പെടെ ആർക്കും സൗകര്യമൊരുക്കി നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജയിൽ അധികൃതർക്ക് രണ്ടുകോടി കൈക്കൂലി നൽകി ശശികല രാജകീയമായാണ് ജീവിക്കുന്നതെന്ന റിപ്പോർട്ടുകൾ ഏറെ വിവാദമായിരുന്നു. വിലകൂടിയ ചുരിദാർ ധരിച്ച് ജയിൽ ഇടനാഴിയിൽ ഉലാത്തുന്ന ശശികലയുടെ ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. ആരോപണവിധേയരായ ജയിൽ അധികൃതരെയെല്ലാം സ്ഥലംമാറ്റി.
ശശികല സ്ത്രീ തടവുകാർക്കുള്ള സാരിയാണ് ഇപ്പോൾ ധരിക്കുന്നത്. കോടികളുടെ കടപ്പത്ര കുംഭകോണ കേസിൽ ശിക്ഷ അനുഭവിക്കുന്ന അബ്ദുൽ കരീം തെൽഗിക്കുള്ള സൗകര്യങ്ങളും എടുത്തുമാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.