​ശശികല തമിഴ്നാട് മുഖ്യമന്ത്രിയായേക്കും;  അണ്ണാ ഡി.എം.കെ എം.എല്‍.എമാരുടെ യോഗം ഇന്ന്

 

ചെന്നൈ: ജയലളിതയുടെ മരണശേഷം അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയായ ശശികല നടരാജന്‍ തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് ഞായറാഴ്ച നടക്കുന്ന എം.എല്‍.എമാരുടെ യോഗത്തില്‍ ശശികലയോട് നിയമസഭ കക്ഷി സ്ഥാനം ഏറ്റെടുക്കാന്‍ ഐകകണ്ഠ്യേന അഭ്യര്‍ഥിക്കുമെന്നാണ് കരുതുന്നത്.  അതേസമയം, ഇന്നുതന്നെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കുമെന്നും ഈ ആഴ്ചതന്നെ മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റെടുക്കുമെന്നും സൂചനയുണ്ട്.

എം.എല്‍.എമാരുടെ അസാധാരണ യോഗമാണ് ശശികല വിളിച്ചിരിക്കുന്നത്. നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്ന് എം.എല്‍.എമാരെ ഫോണില്‍ അറിയിച്ചു. യോഗത്തിന്‍െറ അജണ്ട വ്യക്തമാക്കിയിട്ടില്ല. ജയലളിതയുടെ മരണത്തെതുടര്‍ന്ന് ഒ. പന്നീര്‍സെല്‍വത്തെ നിയമസഭകക്ഷി നേതാവായി തെരഞ്ഞെടുക്കാനാണ് ഇതിനുമുമ്പ് യോഗം ചേര്‍ന്നത്. 
 

ജയലളിതയുടെ മണ്ഡലമായിരുന്ന ഡോ. രാധാകൃഷ്ണ നഗറില്‍ ആറുമാസത്തിനകം വരുന്ന ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ച് നിയമസഭാംഗമാകാമെന്ന ഉറച്ചവിശ്വാസത്തിലാണ് ശശികലയുടെ നീക്കങ്ങള്‍. സമയം നീട്ടിക്കൊണ്ടുപോകാതെ മുഖ്യമന്ത്രി പദവി ഏറ്റെടുക്കാനാണ് ഭര്‍ത്താവ് നടരാജനും കൂട്ടരും ഉള്‍പ്പെട്ട മന്നാര്‍ഗുഡി മാഫിയ ശശികലയെ ഉപദേശിച്ചിരിക്കുന്നത്. ജെല്ലിക്കെട്ട്, അന്തര്‍സംസ്ഥാന ജലതര്‍ക്കങ്ങള്‍ പോലെ തമിഴര്‍ വൈകാരികതയോടെ കാണുന്ന വിഷയങ്ങളിലെ അനുകൂല തീരുമാനങ്ങള്‍ പന്നീര്‍സെല്‍വത്തിന് ജനകീയ പിന്തുണ വര്‍ധിപ്പിക്കുന്നത് അധികാര കൈമാറ്റത്തിന് തടസ്സമാകുമെന്ന് ശശികല ഭയക്കുന്നതായാണ് വിലയിരുത്തല്‍.  

ജയലളിതയുടേതില്‍നിന്ന് വ്യത്യസ്തമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പന്നീര്‍സെല്‍വത്തിന്‍െറ പ്രവര്‍ത്തനം ചില മേഖലകളില്‍നിന്ന് പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍ ഫെബ്രുവരി 24ന് രാഷ്ട്രീയ നയം വ്യക്തമാക്കാനിരിക്കുകയാണ്. ഈ വെല്ലുവിളിയും ശശികലക്ക് മുന്നിലുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിവരുകയാണ് ദീപ.  

Tags:    
News Summary - sasikala chief minister post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.