ന്യൂഡൽഹി: ന്യൂസ് റൂമുകളെ നിശബ്ദമാക്കുന്നതിന് സംഘപരിവാർ നിയമ വ്യവസ്ഥയെ ആയുധമണിയിച്ചതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മാനനഷ്ട നിയമങ്ങൾ, ദേശീയ സുരക്ഷ വ്യവസ്ഥകൾ, വ്യാപകമായ ക്രിമിനൽ ചട്ടങ്ങൾ എന്നിവയെ ഭീഷണിപ്പെടുത്തലിന്റെ ഉപകരണങ്ങളാക്കി മാറ്റിയെന്നും അങ്ങിനെ രാജ്യത്ത് സ്വതന്ത്ര മാധ്യമപ്രവർത്തനം ഇല്ലായ്മ ചെയ്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബി.ജെ.പി ഭരണത്തിന് കീഴിൽ ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ക്രമാനുഗതമായി കുറഞ്ഞ് 157-ാം സ്ഥാനത്ത് എത്തി നിൽക്കുകയാണെന്ന ശക്തവും അനിഷേധ്യവുമായ യാഥാർത്ഥ്യത്തെയാണ് ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തിൽ രാജ്യം അഭിമുഖീകരിക്കുന്നതെന്ന് ഖാർഗെ പറഞ്ഞു. നിലവിലുള്ള നിയന്ത്രണത്തിലും തൃപ്തരാകാതെ സമ്പൂർണ്ണ ആധിപത്യത്തിനായി ശ്രമത്തിൽ ബി.ജെ.പി സർക്കാർ ഇപ്പോൾ സമൂഹ മാധ്യമങ്ങളെയും കഴുത്തു ഞെരിച്ച് കൊല്ലാനുള്ള ശ്രമത്തിലാണെന്ന് ഖാർഗെ ആരോപിച്ചു.
2014നും 2020നും ഇടയിൽ 135 മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യുകയോ തടങ്കലിലാക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തു. 2014 നും 2023 നും ഇടയിൽ 36 മാധ്യമപ്രവർത്തകരെ ജയിലിലടച്ചു. നിരവധി മാധ്യമപ്രവർത്തകർക്കെതിരെ യു.എ.പി.എ പോലുള്ള കരിനിയമങ്ങൾ ചുമത്തി കേസെടുത്തതോടെ പീഡനത്തിന്റെ തോത് കുത്തനെ ഉയർന്നു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്വന്തം ഉത്തരവാദിത്തം നിർവഹിച്ച മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിൽ രാഘവേന്ദ്ര ബാജ്പേയിയും ഛത്തീസ്ഗഢിൽ മുകേഷ് ചന്ദ്രാർക്കർ, ഉത്തരഖണ്ഡിൽ രാജീവ് പ്രതാപ് സിങ്ങ്, ഹരിയാനയിൽ ധർമേന്ദ്ര സിങ്ങ് ചൗഹാൻ എന്നിവരെല്ലാം അഴിമതി പുറത്തുകൊണ്ടുവന്നതിന് ജീവന്‍വില കൊടുത്തവരാണ്.
ഒരു സ്വതന്ത്ര മാധ്യമം, അതിന്റെ ഏറ്റവും സത്യസന്ധമായ അർത്ഥത്തിൽ നിലനിൽക്കുന്നത് സർക്കാർ നരേറ്റീവ് ശക്തിപ്പെടുത്താനോ സർക്കാറിന്റെ പരാജയങ്ങൾ മറച്ചുവെക്കാനോ അല്ല. മറിച്ച് അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്യാനും അവയെ പരിശോധനക്ക് വിധേയമാക്കാനും അധികാരത്തിലിരിക്കുന്നവരെ ഉത്തരവാദിത്തമുള്ളവരാക്കാനുമാണ്. അധികാരത്തിനും ജനങ്ങൾക്കുമിടയിലെ തമ്മിലുള്ള ജനാധിപത്യ സന്തുലനം മാധ്യമങ്ങളാണ് സംരക്ഷിക്കുന്നത്. മാധ്യമ പ്രവർത്തകർ പൊതുസത്യത്തിന്റെ സൂക്ഷിപ്പുകാരാണ്. പണ്ഡിറ്റ് നെഹ്റു പറഞ്ഞതുപോലെ, മാധ്യമ സ്വാതന്ത്ര്യം കേവലമൊരു മുദ്രാവാക്യമല്ല. മാത്രമല്ല, ജനാധിപത്യ പ്രക്രിയയുടെ അനിവാര്യ സ്വഭാവമാണ്. അതാണ് നിലവിലുള്ള കേന്ദ്ര ഭരണത്തിന് കീഴിൽ അങ്ങേയറ്റം വിട്ടുവീഴ്ച ചെയ്യപ്പെട്ടിരിക്കുന്നതെന്നും ഖാർഗെ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.