ലേ: ലഡാക്കിലെ പാംഗോങ് തടാകത്തിലും മറ്റ് സംരക്ഷിത വന്യജീവി മേഖലകളിലും നിയമവിരുദ്ധമായി ഓഫ് റോഡിങ് നടത്തിയ നാല് വിനോദസഞ്ചാരികളിൽ നിന്ന് ലഡാക്ക് ഭരണകൂടം 2 ലക്ഷം രൂപ പിഴ ഈടാക്കി. ഹിമാചൽ പ്രദേശ്, ചണ്ഡീഗഡ്, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള നാല് വാഹന ഉടമകളിൽ നിന്നാണ് ജൂൺ 26-ന് വന്യജീവി വകുപ്പ് 50,000 രൂപ വീതം പിഴ ചുമത്തിയത്. കേന്ദ്രഭരണ പ്രദേശത്ത് നിയമലംഘകർക്കെതിരെ ഇത്രയും കർശനമായ നടപടി സ്വീകരിക്കുന്നത് ഇതാദ്യമായാണെന്ന് വിവരം.
പരിസ്ഥിതിലോലമായ തടാകങ്ങൾ, അരുവികൾ, സംരക്ഷിത വന്യജീവി സങ്കേതങ്ങൾ എന്നിവയിലൂടെ വിനോദസഞ്ചാരികൾ വാഹനങ്ങൾ ഓടിക്കുന്ന പ്രവണത വർധിച്ചുവരുന്നത് തടയാൻ ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന നൽകിയ നിർദ്ദേശത്തെത്തുടർന്നാണ് ഈ നടപടി.
വന്യജീവി നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച് ചാങ്‌താങ്, നുബ്ര എന്നിവിടങ്ങളിലെ പാംഗോങ് തടാകത്തിലും മറ്റ് സംരക്ഷിത വന്യജീവി മേഖലകളിലും ഇവർ വാഹനങ്ങൾ ഓടിച്ചതായി കണ്ടെത്തുകയായിരുന്നു. അന്വേഷണത്തെ തുടർന്ന് പിടിച്ചെടുത്ത നാല് വാഹനങ്ങളും പിഴ ഒടുക്കിയ ശേഷമാണ് വിട്ടയച്ചത്. വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരുടെ പതിവ് പട്രോളിംങിനിടയിലും സോഷ്യൽ മീഡിയ നിരീക്ഷണത്തിലൂടെയുമാണ് നിയമലംഘനങ്ങൾ വെളിച്ചത്തുവന്നത്. ലേ വൈൽഡ്‌ലൈഫ് ഡിവിഷന് കീഴിലുള്ള പാംഗോങ് തടാകക്കരയിലെ മേരാക്, ലുകുങ്, ഹാൻലെയിലെ നൂർബൂ ലാ, നുബ്ര താഴ്‌വരയിലെ സുമൂർ എന്നിവിടങ്ങളിലാണ് നിയമ ലംഘനം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ലഡാക്ക് സന്ദർശിക്കുമ്പോൾ വിനോദസഞ്ചാരികളും അഡ്വഞ്ചർ പ്രേമികളും വാഹന ഉടമകളും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും സംരക്ഷിത വന്യജീവി സങ്കേതങ്ങളിൽ പ്രവേശിക്കുന്നത് ഒഴിവാക്കണമെന്നും ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന അഭ്യർഥിച്ചു. ഇത്തരം പ്രവൃത്തികൾ വംശനാശഭീഷണി നേരിടുന്ന ജീവികളെ അസ്വസ്ഥരാക്കുമെന്നും പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.