പത്രാധിപർക്ക് ഇതാണ് സ്ഥിതിയെങ്കിൽ സാധാരണക്കാർക്ക് എന്ത് രക്ഷ? ആർ. രാജഗോപാലിന്‍റെ പാസ്‌പോർട്ട്‌ പുതുക്കിനൽകാത്ത നടപടിയിൽ പ്രതികരിച്ച് എം.ജി. രാധാകൃഷ്ണൻ

തിരുവനന്തപുരം: പ്രമുഖ ദേശീയ മാധ്യമമായ 'ദി ടെലഗ്രാഫി'ന്റെ മുൻ എഡിറ്റർ ആർ. രാജഗോപാലിന്റെ വോട്ടവകാശവും പാസ്‌പോർട്ടും തടഞ്ഞുവെക്കുന്ന അധികൃതരുടെ നടപടിക്കെതിരെ കടുത്ത വിമർശനവുമായി മുതിർന്ന മാധ്യമപ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ. ഇക്കാലത്തെ ഇന്ത്യൻ മാധ്യമരംഗത്ത് ഏറ്റവും സമർത്ഥനായ പത്രാധിപന്മാരിൽ ഒരാളായ ആർ. രാജഗോപാൽ കുറേ മാസങ്ങളായി ഒരു കടുത്ത യുദ്ധത്തിലാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു. പശ്ചിമ ബംഗാളിലെ കുപ്രസിദ്ധമായ 'പ്രത്യേക തീവ്ര പരിശോധന' (SIR) പ്രക്രിയയുടെ ഭാഗമായി വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്ത 27 ലക്ഷം പേരിൽ ഈ പ്രശസ്തനായ പത്രാധിപരും ഉൾപ്പെട്ടിരിക്കുകയാണ്. രാജഗോപാൽ നയിച്ച പത്രം ബി.ജെ.പിയോട് സ്വീകരിച്ച നിശിതമായ വിമർശനങ്ങൾക്ക് ഈ വേട്ടയാടലിൽ പങ്കുണ്ടെന്ന് വിശ്വസിച്ചാൽ തെറ്റുണ്ടോയെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.

Full View

പത്തു വർഷം കൊൽക്കത്തയിൽ സ്ഥിരതാമസമാക്കി രാജ്യത്തെ മുൻനിര പത്രത്തിന്റെ അധിപനായിരുന്ന ഒരാൾക്ക്, വോട്ട് തിരിച്ചുപിടിക്കാൻ തിരുവനന്തപുരത്തു നിന്ന് കൊൽക്കത്തയിൽ പോയി താമസിച്ച് ഭഗീരഥ ശ്രമം നടത്തിയിട്ടും ഒരു ഫലവുമില്ലാത്ത സാഹചര്യം ഗുരുതരമാണ്. പ്രശസ്ത ഗാന്ധിയനും സാമൂഹ്യ-മദ്യവിരുദ്ധ പ്രവർത്തകനും ഗാന്ധി സ്മാരക നിധിയുടെ മുൻ സംസ്ഥാന സെക്രട്ടറിയും കോളേജ് അധ്യാപകനുമായിരുന്ന അദ്ദേഹത്തിന്റെ പരേതനായ പിതാവ് പ്രൊഫ. രാമദാസും കോളേജ് അധ്യാപികയായിരുന്ന അമ്മയും ജീവിച്ചിരുന്നു എന്ന് തെളിയിക്കാനുള്ള രേഖകൾക്കായി ഒരു പത്രാധിപർക്ക് അലയേണ്ടി വരുന്നത് ജനാധിപത്യ രാജ്യത്തിന് യോജിച്ചതല്ല. എന്നും കൃത്യമായി വോട്ടവകാശം വിനിയോഗിച്ചിരുന്ന പിതാവിന്റെ പേര് എന്തുകൊണ്ട് 2002-ലെ പട്ടികയിൽ നിന്നും അപ്രത്യക്ഷമായി എന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതിനെ തുടർന്ന് പാസ്‌പോർട്ട് പുതുക്കാനുള്ള പൊലീസ് അനുമതി നിഷേധിക്കപ്പെടുന്ന മറ്റൊരു വലിയ പ്രതിസന്ധിയിലാണ് രാജഗോപാലിപ്പോൾ. ബയോമെട്രിക് പരിശോധന കഴിഞ്ഞ് നൂറു ദിവസമായിട്ടും പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് അനുകൂലമല്ലാത്തതിനാൽ പാസ്‌പോർട്ട് പുതുക്കൽ പൂർത്തിയാകുന്നില്ല. ഇതുമൂലം കാലിഫോർണിയയിൽ വെച്ച് നടന്ന തന്റെ ഏകമകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നത് ക്രൂരതയാണ്. ഇന്ത്യയിൽ ഇതിനകം ആറു കോടിയോളം പേരാണ് സമ്മതിദായക പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടുള്ളത്. പ്രമുഖർക്ക് പോലും ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാർക്ക് തങ്ങളുടെ വോട്ടവകാശം നിഷേധിക്കപ്പെട്ടാൽ എന്തെങ്കിലും രക്ഷയുണ്ടോ എന്നും എം.ജി. രാധാകൃഷ്ണൻ തന്റെ പ്രസ്താവനയിലൂടെ ചോദിക്കുന്നു.

Tags:    
News Summary - If this is the plight of a prominent editor, is there any hope for ordinary citizens if they are denied their voting rights? M.G. Radhakrishnan responds to the denial of passport renewal for R. Rajagopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.