യുവതിയെ കുത്തി പരിക്കേൽപ്പിച്ചതിന് പിന്നാലെ കാറിനുള്ളിൽവെച്ച് ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി
ബംഗളൂരു: കർണാടകയിൽ പെൺസുഹൃത്തുമായി വഴക്കിട്ട യുവാവ് കാറിനുള്ളിൽ പെട്രോൾ ബോംബ് പൊട്ടിച്ച് ജീവനൊടുക്കി. തുമകുരു ജില്ലയിലാണ് സംഭവം. അങ്കോള സ്വദേശിയായ നാഗേന്ദ്ര എന്ന 30കാരനാണ് മരിച്ചത്. ഇയാളുടെ പെൺസുഹൃത്തായ രമ്യ ഉല്ലാസിനെ കാറിനുള്ളിൽവെച്ച് കത്തികൊണ്ട് കുത്തിയ ശേഷമായിരുന്നു ബോംബ് പൊട്ടിച്ചത്.
യുവതി കാറിൽനിന്ന് പുറത്തേക്ക് ചാടിയതിനാൽ രക്ഷപ്പെട്ടു. രമ്യ ഉല്ലാസിന് കത്തികൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ബംഗളൂരുവിലെ ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യനായി ജോലി ചെയ്യുന്ന ഉത്തര കന്നഡ സ്വദേശിനിയായ രമ്യയെ തുമകുരു ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ആറുവർഷമായി അടുപ്പത്തിലായിരുന്നു നാഗേന്ദ്രയും രമ്യയും. പിന്നീട് ഇരുവരും തമ്മിൽ ബന്ധം പിരിഞ്ഞു. ഇതോടെ യുവതി നാഗേന്ദ്രയെ ഫോണിൽ ബ്ലോക്ക് ചെയ്തിരുന്നു. തുടർന്ന് ശനിയാഴ്ച രാവിലെ നാഗേന്ദ്ര ബംഗളൂരുവിൽ നിന്ന് ബുക്ക് ചെയ്ത ഊബർ കാറിൽ രമ്യയെ നിർബന്ധിച്ച് കയറ്റി കൊണ്ടുപോകുകയായിരുന്നു. യുവതിയെ ഇയാൾ നിർബന്ധിച്ച് കാറിൽ കയറ്റി കൊണ്ടുപോയതിനെ തുടർന്ന് മാതാപിതാക്കൾ ജയനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അങ്കോളയിലേക്കാണ് നാഗേന്ദ്രയുമായി രമ്യ യാത്ര ചെയ്തത്. തുമകുരുവിനു സമീപം എത്തിയപ്പോൾ ഇരുവരും തമ്മിൽ കാറിനുള്ളിൽവെച്ച് തർക്കം രൂക്ഷമായി. ഇതോടെ നാഗേന്ദ്ര കത്തിയെടുത്ത് രമ്യയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. നെറ്റിയിലും കയ്യിലും കുത്തേറ്റ രമ്യ കാറിന് പുറത്തേക്ക് ചാടി.
തുടർന്ന് നാഗേന്ദ്രയുടെ കൈവശം ബോംബുണ്ടെന്ന് മനസ്സിലാക്കിയതോടെ രമ്യ ഡ്രൈവറെയും വിവരമറിയിച്ചു. ഇതോടെ കാർ ഡ്രൈവർ പ്രവീൺ ഉടൻ വാഹനം റോഡരികിൽ നിർത്തി പുറത്തേക്കോടി. ഈ സമയം നാഗേന്ദ്ര കാറിനുള്ളിലിരുന്ന് വാതിലുകൾ ലോക്ക് ചെയ്യുകയും കൈവശം കരുതിയിരുന്ന ബോംബ് പൊട്ടിക്കുകയുമായിരുന്നു. സ്ഫോടനത്തിൽ കാർ പൂർണമായും കത്തിയമർന്നു. ഡ്രൈവർ പ്രവീണിനും സ്ഫോടനത്തിൽ പരിക്കേറ്റു. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.
നാഗേന്ദ്ര ഒരു സ്ഫോടകവസ്തു കൈവശം വെച്ചിരുന്നുവെന്നും അത് മനഃപൂർവ്വം സ്ഫോടനത്തിന് കാരണമായതായും തുംകൂരു പൊലീസ് സൂപ്രണ്ട് അശോക് കെ.വി പറഞ്ഞു. എസ്.പി അശോക് ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. സ്ഫോടനത്തിന് ഉപയോഗിച്ച വസ്തുവിന്റെ വിവരങ്ങൾ കണ്ടെത്താൻ ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. സംഭവത്തിൽ കല്ലമ്പെല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആക്രമണത്തിന് പിന്നിലെ യഥാർഥ കാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.