വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട 27 ലക്ഷത്തോളം പേരിലൊരാളാണ് ഞാൻ; പാസ്‌പോർട്ട് പുതുക്കിനൽകാതെ അധികൃതർ വലയ്ക്കുന്നതായി ആർ. രാജഗോപാൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നടന്ന പ്രത്യേക വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയ്ക്കിടെ വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട 27 ലക്ഷത്തോളം പേരിൽ ഒരാളാണ് താനെന്ന് പ്രമുഖ ദേശീയ മാധ്യമമായ ‘ദി ടെലഗ്രാഫി’ന്റെ മുൻ എഡിറ്റർ ആർ. രാജഗോപാൽ. വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ പാസ്‌പോർട്ട് പുതുക്കൽ നടപടികൾ പ്രതിസന്ധിയിലായത്. 2002-ലെ വോട്ടർപട്ടികയിൽ രാജഗോപാലിന്റെയോ പരേതനായ പിതാവിന്റെയോ പേര് കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ മാർച്ചിൽ കൊൽക്കത്തയിലെ ബാലിഗഞ്ച് മണ്ഡലത്തിൽ നിന്നും അദ്ദേഹത്തിന്റെ പേര് വെട്ടിയത്. ഗാന്ധിയനും മുൻ പ്രൊഫസറും കേരളത്തിലെ ഗാന്ധി സ്മാരക നിധി മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പിതാവ് 2016-ലാണ് അന്തരിച്ചതെന്നും, അദ്ദേഹം എങ്ങനെ വോട്ടർപട്ടികയിൽ ഇല്ലാതെ വരുമെന്നും ആർ. രാജഗോപാൽ ചോദിക്കുന്നു. 'യുക്തിസഹമായ അപാകതകൾ' (Logical Discrepancies) എന്ന കാരണക്കാട്ടി ബംഗാളിൽ വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകളിൽ ഒരാളാണ് താനെന്നും, തന്റെ മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും അധികൃതർ കാരണം വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി നിർദ്ദേശപ്രകാരമുള്ള ട്രൈബ്യൂണലിൽ ഇതിനെതിരെയുള്ള അപ്പീൽ നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വോട്ട് ചെയ്യാനും സാധിച്ചിരുന്നില്ല.

വോട്ടർപട്ടികയിൽ പേര് ഇല്ലാത്തതിനാൽ കൊൽക്കത്ത പൊലീസ് അനുകൂലമല്ലാത്ത വെരിഫിക്കേഷൻ റിപ്പോർട്ട് നൽകിയതാണ് ആർ. രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കൽ തടസ്സപ്പെടാൻ കാരണം. കഴിഞ്ഞ മാർച്ച് 19-ന് ബയോമെട്രിക് നടപടികൾ പൂർത്തിയാക്കിയെങ്കിലും ആവശ്യത്തിന് രേഖകളില്ലെന്ന് പറഞ്ഞ് അപേക്ഷ മാറ്റിവെക്കുകയായിരുന്നു. ജൂൺ 27-ഓടെ പാസ്‌പോർട്ട് അപേക്ഷ നൽകിയിട്ട് 100 ദിവസം പിന്നിട്ടതായി രാജഗോപാൽ വ്യക്തമാക്കി. റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ നേരിട്ടെത്താൻ നിർദ്ദേശമുണ്ടെങ്കിലും ജൂലൈ 17-ന് മാത്രമാണ് ഇനി അപ്പോയിന്റ്മെന്റ് ലഭ്യമായിട്ടുള്ളത്. സജീവമായ പാസ്‌പോർട്ട് ഇല്ലാത്തതിനാൽ കഴിഞ്ഞ ഏപ്രിൽ 17-ന് സാൻ ഫ്രാൻസിസ്കോയിൽ വെച്ച് നടന്ന മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോലും പത്തുവർഷത്തെ യു.എസ് വിസയുള്ള അദ്ദേഹത്തിന് സാധി്ച്ചില്ല. മാതാപിതാക്കളുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള രേഖകൾ സംഘടിപ്പിക്കാനാണ് താൻ ഇപ്പോൾ സമയം ചെലവഴിക്കുന്നതെന്നും, ഒരു മുൻ പത്രപത്രാധിപർക്ക് ഈ അവസ്ഥയാണെങ്കിൽ സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നും അദ്ദേഹം ചോദിക്കുന്നു. പ്രധാന മാധ്യമങ്ങൾ ഈ വിഷയത്തിൽ പുലർത്തുന്ന നിശബ്ദതയെയും അദ്ദേഹം വിമർശിച്ചു.

ആർ. രാജഗോപാലിന് നേരിട്ട ഈ ദുരനുഭവത്തിനെതിരെ രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു മുൻ എഡിറ്റർക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാരായ ജനങ്ങൾ എന്തൊക്കെ അനുഭവിക്കുന്നുണ്ടാകുമെന്ന് തൃണമൂൽ കോൺഗ്രസ് എം.പി സാഗരിക ഘോഷ് ചോദിച്ചു. വോട്ടവകാശം നിഷേധിക്കുന്നതും പാസ്‌പോർട്ട് തടയുന്നതും പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്നും മാധ്യമങ്ങൾ ഇത്തരം വാർത്തകൾ മറച്ചുവെക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. പാസ്‌പോർട്ട് വെരിഫിക്കേഷനായി വോട്ടർപട്ടിക പരിശോധിക്കുന്നത് എന്തിനാണെന്നും ഇതുമൂലം എത്രപേരുടെ പാസ്‌പോർട്ടുകൾ തടസ്സപ്പെട്ടിട്ടുണ്ടെന്നും മുതിർന്ന മാധ്യമപ്രവർത്തകൻ രവീഷ് കുമാർ ചോദിച്ചു. ആദ്യം വോട്ടവകാശവും ഇപ്പോൾ യാത്രാ സ്വാതന്ത്ര്യവുമാണ് തട്ടിയെടുക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലുടനീളം വോട്ടർമാർ ഇങ്ങനെ അന്യവൽക്കരിക്കപ്പെടുകയാണെന്നും അധികാരികളെ ചോദ്യം ചെയ്യുന്നതിൽ മുഖ്യധാരാ മാധ്യമങ്ങൾ പരാജയപ്പെട്ടുവെന്നും മാധ്യമപ്രവർത്തക ഗീത ശേഷുവും വിമർശിച്ചു.

Tags:    
News Summary - I am one of the nearly 2.7 million (27 lakh) people who have been removed from the voters' list; R. Rajagopal alleges that authorities are harassing him by refusing to renew his passport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.