ഗാങ്ടോക്ക്: സിക്കിമിലെ മംഗന്‍ ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും ബെയ്‍ലിപാലം ഒലിച്ചുപോയി. വ്യാപക നാശനഷ്ടങ്ങളാണ് സംസ്ഥാനത്തുടനീളം റിപ്പോർട്ട് ചെയ്തത്. മംഗൻ ജില്ലയിലെ ഫീ ഖോല അരുവിക്ക് കുറുകെയുള്ള ബെയ്ലി പാലം ഒലിച്ചുപോയത്. നിരവധി സ്ഥലങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. തുടർച്ചയായ മഴയിൽ ഫീ ഖോല അരുവി കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് ഫിഡാംഗിനെയും സങ്കലാങ്ങിനെയും ബന്ധിപ്പിക്കുന്ന പാലം ഒലിച്ചുപോയത്. പാലം തകർന്നതോടെ ദസോങ്ഗു നിയോജകമണ്ഡലം ഒറ്റപ്പെടുകയും ഏഴ് പഞ്ചായത്തുകളെ ബാധിക്കുകയും ചെയ്തു.
മംഗൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്.ഡി.എം) ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പ്രാദേശിക പഞ്ചായത്ത് പ്രതിനിധികളും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തുമിൻ-ലിംഗി നിയോജകമണ്ഡലത്തിലെ അപ്പർ കാവ് ഖോല മേഖലയിലും കനത്ത മഴ നാശം വിതച്ചു. വെള്ളപ്പൊക്കത്തിൽ ഒരു പാലം തകരുകയും പാതകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതോടെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. കാവ് മേഖലയിലെ പ്രധാന റോഡുകളും ലിംഗിയെ പയോങ്ങുമായി ബന്ധിപ്പിക്കുന്ന റോഡും മണ്ണിടിച്ചിലിനെത്തുടർന്ന് തകർന്നു. ഇതേ തുടർന്ന് ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. പ്രദേശത്തെ പ്രധാന കുടിവെള്ള പൈപ്പ്‌ലൈന്‍ കുത്തിയൊലിച്ച വെള്ളത്തിൽ തകർന്നതോടെ ജനങ്ങൾക്ക് വലഞ്ഞിരിക്കുകയാണ്.
ടീസ്റ്റ നദീതടത്തിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് സിക്കിം-വടക്കൻ ബംഗാൾ അതിർത്തിക്കടുത്തുള്ള ദേശീയപാതയുടെ ചില ഭാഗങ്ങളിൽ വെള്ളം കയറി. അതേസമയം ഞായറാഴ്ച നിരവധി ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. മംഗൻ, ഗാംഗ്‌ടോക്ക്, പാക്യോങ്, ഗ്യാൽഷിംഗ്, സോറെങ്, നംചി ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മിതമായ തോതിലുള്ള മഴയും, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയും ഉണ്ടാകുമെന്നാണ് പ്രവചനം. നിലവിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.