പ്രിയങ്ക് ഖാർഗെ

'ആർ.എസ്.എസിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു'; പ്രിയങ്ക് ഖാർഗെയ്ക്കും മുഹമ്മദ് നാലപ്പാടിനും കോടതി സമൻസ്

ബെംഗളൂരു: ആർ.എസ്.എസിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ കർണാടക ഐ.ടി. മന്ത്രി പ്രിയങ്ക് ഖാർഗെയ്ക്കും കോൺഗ്രസ് നേതാവ് മുഹമ്മദ് ഹാരിസ് നാലപ്പാടിനും കോടതി സമൻസ് അയച്ചു. ബെംഗളൂരു സിറ്റി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എ.സി.ജെ.എം-42) കോടതിയുടേതാണ് നടപടി. ഇരുവർക്കുമെതിരെ ക്രിമിനൽ കേസെടുക്കാൻ ഉത്തരവിട്ട കോടതി, വരുന്ന ജൂലൈ 21-ന് നേരിട്ട് ഹാജരാകാനും നിർദ്ദേശിച്ചിട്ടുണ്ട്.

ആർ.എസ്.എസിനെ സമൂഹ മധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് എ. തേജസ് എന്ന വ്യക്തി നൽകിയ സ്വകാര്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. കർണാടക മന്ത്രിമാരായ പ്രിയങ്ക് ഖാർഗെ, ദിനേശ് ഗുണ്ടുറാവു, യൂത്ത് കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് എന്നിവരെ പ്രതി ചേർത്തായിരുന്നു ഹർജി. എന്നാൽ, പ്രാഥമിക പരിശോധനകൾക്ക് ശേഷം രണ്ടാം പ്രതിയായ മന്ത്രി ദിനേശ് ഗുണ്ടുറാവുവിനെ കോടതി നടപടികളിൽ നിന്ന് ഒഴിവാക്കി.

തുടർന്ന് പ്രിയങ്ക് ഖാർഗെയെ ഒന്നാം പ്രതിയായും മുഹമ്മദ് നാലപ്പാടിനെ രണ്ടാം പ്രതിയായും നിശ്ചയിച്ച് ക്രിമിനൽ കേസുമായി മുന്നോട്ട് പോകാൻ കോടതി ഉത്തരവിടുകയായിരുന്നു. കോൺഗ്രസ് ഭരണത്തിലിരിക്കുന്ന കർണാടകയിൽ മുതിർന്ന മന്ത്രിക്കും യുവനേതാവിനുമെതിരെ കോടതി സമൻസ് അയച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. കേസ് ജൂലൈ 21-ന് കോടതി വീണ്ടും പരിഗണിക്കും.

ആർ.എസ്.എസും കർണാടക സർക്കാറും തമ്മിലുള്ള വിഷയം വലിയ രാഷ്ട്രീയ പോരിനാണ് വഴിതുറന്നിരിക്കുന്നത്. ബി.ജെ.പി നേതാക്കൾ ഖാർഗെയുടെ നീക്കത്തെ 'ദേശീയവാദികളായ ഒരു സംഘടനയെ അപമാനിക്കാനുള്ള ശ്രമം' എന്ന് വിശേഷിപ്പിച്ചപ്പോൾ, കോൺഗ്രസ് നേതൃത്വം മന്ത്രിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. വിഷയം ഉന്നയിക്കുന്നതിലൂടെ ദളിത്, ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ സ്വാധീനം ഉറപ്പിക്കാനും, കർണാടക സർക്കാരിനെതിരെ ഉയരുന്ന വിമർശനങ്ങളെ പ്രതിരോധിക്കാനും കോൺഗ്രസ് ലക്ഷ്യമിടുന്നതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Tags:    
News Summary - 'Tried to defame RSS'; Court summons Priyank Kharge and Mohammed Nalapada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.