ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ ബഹുമതി ഏറ്റുവാങ്ങുന്ന പ്രധാനമന്ത്രി 

സെയ്ഷെൽസിന്റെ പരമോന്നത പരിസ്ഥിതി ബഹുമതി 'ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനുമുള്ള മാതൃകാപരമായ നേതൃത്വം പരിഗണിച്ച്, സെയ്ഷെൽസ് സർക്കാർ തങ്ങളുടെ പരമോന്നത പ്രസിഡൻഷ്യൽ പുരസ്കാരമായ 'ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ദ്വീപ് രാഷ്ട്രമായ സെയ്ഷൽസിലെ സന്ദർശന വേളയിലാണ് ഈ ഉന്നത ബഹുമതി അദ്ദേഹത്തിന് ലഭിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ലോകരാജ്യങ്ങൾ ഒന്നിച്ചുനിന്നുകൊണ്ട് പോരാടേണ്ടതിന്റെ ആവശ്യകതയിലേക്ക് ഈ പുരസ്കാരം വെളിച്ചം വീശുന്നു.

ഈ പുരസ്കാരം താൻ വിനയപൂർവ്വം സ്വീകരിക്കുന്നുവെന്നും, കാലാവസ്ഥാ വ്യതിയാനമെന്ന വലിയ പ്രതിസന്ധിയെ നേരിടാൻ പരിശ്രമിക്കുകയും പരിസ്ഥിതി സംരക്ഷണത്തെ വരുംതലമുറകളോടുള്ള തങ്ങളുടെ കടമയായി കാണുകയും ചെയ്യുന്ന ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും താൻ ഇത് സമർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. സെയ്ഷൽസ് പ്രസിഡന്റ് ഹെർമിനിയോടും അവിടുത്തെ ജനങ്ങളോടും തന്റെ നന്ദിയും അദ്ദേഹം അറിയിച്ചു.

പരിസ്ഥിതി സൗഹൃദമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനായി നമ്മൾ ഒന്നിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. സൂര്യന്റെ ഊർജ്ജത്തെ പ്രയോജനപ്പെടുത്തി സുസ്ഥിരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. നമ്മുടെ ആഭ്യന്തര നയങ്ങളിലും 'ലൈഫ് മിഷൻ', അന്താരാഷ്ട്ര സൗര സഖ്യം, ദുരന്തങ്ങളെ അതിജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള സഖ്യം തുടങ്ങിയ ആഗോളതലത്തിലുള്ള ഇന്ത്യയുടെ ഇടപെടലുകളിലും ഈ ലക്ഷ്യം പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെയും പരിസ്ഥിതി, സുസ്ഥിര വികസനം എന്നീ മേഖലകളിലെ സംഭാവനകൾക്ക് പ്രധാനമന്ത്രി മോദിക്ക് നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2018-ൽ ഐക്യരാഷ്ട്രസഭയുടെ 'ചാമ്പ്യൻസ് ഓഫ് ദ എർത്ത്' പുരസ്കാരവും, സിയോൾ സമാധാന പുരസ്കാരവും, ഈ വർഷം മെയ് മാസത്തിൽ ഭക്ഷ്യസുരക്ഷക്ക് സുസ്ഥിര കൃഷിരീതികൾക്കുമായി നൽകുന്ന അഗ്രിക്കോള മെഡലും അദ്ദേഹം നേടിയിരുന്നു. സെഷൽസിലെ മൂന്നുദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി പ്രസിഡന്റ് പാട്രിക് ഹെർമിനിയുമായി പ്രധാനമന്ത്രി ചർച്ചകൾ നടത്തുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധം കൂടുതൽ ദൃഢമാക്കാനും ഈ സന്ദർശനം വഴിയൊരുക്കും.

Tags:    
News Summary - PM Modi receives Seychelles' highest environmental honour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.