സാംസങ് ഫാക്ടറിയിലെ തൊഴിലാളി സമരം (ഫയൽ ചിത്രം)
ചെന്നൈ: തമിഴ്നാട് ശ്രീപെരുമ്പുതൂരിലെ സാംസങ് ഫാക്ടറിയിൽ തൊഴിലാളി യൂണിയനും മാനേജ്മെന്‍റും നടത്തിയ ചർച്ചയിൽ ധാരണയായില്ല. വേതനപരിഷ്കരണം, തൊഴിലാളി നേതാക്കൾക്കെതിരായ അച്ചടക്കനടപടി എന്നിവയിലാണ് ചർച്ച നടന്നത്. തൊഴിൽ വകുപ്പിന്‍റെ നിർദേശത്തെ തുടർന്നായിരുന്നു ചർച്ച. മേയ് 12ന് വീണ്ടും ചർച്ച നടക്കും.
സാംസങ് ഫാക്ടറിയിലെ തൊഴിലാളി യൂണിയൻ നേതാക്കൾ ഉൾപ്പെടെ 23 പേരെ ഫെബ്രുവരിയിൽ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച രണ്ടുപേരെയും സസ്പെൻഡ് ചെയ്തു. നാല് തൊഴിലാളികൾക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.
വേതന പരിഷ്കരണവുമായി ബന്ധപ്പെട്ട് യൂണിയന്‍റെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കമ്പനി രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് തൊഴിലാളി നേതാക്കളിലൊരാൾ പറഞ്ഞു. തൊഴിലാളി സമിതിയുമായി ചർച്ച നടത്തുകയാണെന്നും അവർക്ക് മുമ്പാകെ കമ്പനി ഒരു ഓഫർ വെച്ചിട്ടുണ്ടെന്നുമാണ് പറഞ്ഞത്. ഇത് അംഗീകരിക്കാനാവില്ല -യൂണിയൻ വ്യക്തമാക്കി.
ആവശ്യങ്ങളുന്നയിച്ച് തൊഴിലാളികൾ സി.ഐ.ടി.യു യൂണിയന്‍റെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചതായിരുന്നു. എന്നാൽ, തമിഴ്നാട് തൊഴിൽ വകുപ്പ് ഇടപെട്ടതോടെയാണ് സമരം അവസാനിപ്പിക്കാൻ തൊഴിലാളി യൂണിയൻ തയാറായത്. ജീവനക്കാരുടെ ആവശ്യങ്ങൾ ചർച്ചചെയ്യാമെന്ന് സാംസങ്ങും അറിയിച്ചിരുന്നു.
ജീവനക്കാർക്കെതിരെ ഒരു പ്രതികാര നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കമ്പനി വക്താവ് പറഞ്ഞു. ഒരു കമ്മിറ്റിയിലും ചേരാൻ തൊഴിലാളികളെ നിർബന്ധിച്ചിട്ടില്ല. മറിച്ചുള്ള പ്രചാരണങ്ങൾ സത്യമല്ലെന്നും വക്താവ് പറഞ്ഞു.
തൊഴിലാളി നേതൃത്വത്തെ തകർക്കുകയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് നേതാക്കളെ മാനേജ്മെന്‍റ് സസ്പെൻഡ് ചെയ്തതെന്ന് സമരക്കാർ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ, ഫാക്ടറിയിലെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയതിനാണ് ഇവരെ സസ്പെൻഡ് ചെയ്തതെന്നാണ് മാനേജ്മെന്‍റ് വാദം.
തൊഴിലാളി യൂനിയനെ അംഗീകരിക്കാൻ നേരത്തെ സാംസങ് തയാറായിരുന്നില്ല. ഇതിനെതിരെ സി.ഐ.ടി.യു നേതൃത്വത്തിൽ തൊഴിലാളികൾ ശക്തമായ സമരം നടത്തിയിരുന്നു. 38 ദിവസത്തോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ തൊഴിലാളികളുടെ ആവശ്യം സാംസങ്ങിന് അംഗീകരിക്കേണ്ടിവന്നിരുന്നു. പിന്നീട്, 212 ദിവസത്തെ നിയമപോരാട്ടത്തിന് ശേഷമാണ് സി.ഐ.ടി.യു പിന്തുണയുള്ള സാംസങ് ഇന്ത്യ വർക്കേഴ്സ് യൂനിയന് കഴിഞ്ഞ വർഷം തമിഴ്‌നാട് തൊഴിൽ വകുപ്പ് രജിസ്ട്രേഷൻ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.