സഹാറൻപുരിലെ പള്ളി ഇടിച്ചുനിരത്തൽ: യു.പി സർക്കാറിനോട് റിപ്പോർട്ട് തേടി ഹൈകോടതി
ന്യൂഡൽഹി: ഉത്തർപ്രദേശിലെ സഹാറൻപുരിൽ കലക്ടറേറ്റ് വളപ്പിലെ മസ്ജിദ് ഇടിച്ചുനിരത്തിയ സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാറിനോട് റിപ്പോർട്ട് തേടി അലഹബാദ് ഹൈകോടതി.
ഹരജിയിൽ മൂന്ന് ആഴ്ചക്കകം വിശദ സത്യവാങ്മൂലം സമർപ്പിക്കാനാണ് ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ യു.പി സർക്കാറിനോട് നിർദേശിച്ചത്. കേസിൽ അടുത്ത വാദം കേൾക്കുന്ന ഒക്ടോബർ 12 വരെ പള്ളിക്കമ്മിറ്റിക്ക് മേൽ സിറ്റി മജിസ്ട്രേറ്റ് ചുമത്തിയ 6.41 കോടി രൂപയുടെ പിഴ ഈടാക്കുന്നത് ഹൈകോടതി സ്റ്റേ ചെയ്തു. അഭിഭാഷകനായ തൻവീർ അഹ്മദ് നൽകിയ ഹരജിയിലാണ് ഹൈകോടതി നടപടി.
ഉത്തർപ്രദേശ് പബ്ലിക് പ്രെമിസസ് ആക്ട് പ്രകാരം കലക്ടറേറ്റ് വളപ്പിലെ 315 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പള്ളി അനധികൃത നിർമാണമാണെന്ന് ആരോപിച്ചാണ് സിറ്റി മജിസ്ട്രേറ്റ് പൊളിച്ചുനീക്കാൻ ഉത്തരവിടുകയും കോടികളുടെ പിഴ ചുമത്തുകയും ചെയ്തത്. തുടർന്ന് നൽകിയ അപ്പീൽ ജില്ല കോടതി തള്ളിയതോടെ ഹൈകോടതിയിൽ അപ്പീലിന് സമയം നൽകാതെ, എം.പിമാരെയടക്കം പ്രതിപക്ഷ നേതാക്കളെ വീട്ടു തടങ്കലിലാക്കി സെപ്റ്റംബർ അഞ്ചിന് പുലർച്ചെ ജില്ല മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ പള്ളി ഇടിച്ചുനിരത്തുകയായിരുന്നു. വസ്തുവിന്റെ ഉടമസ്ഥാവകാശം കൃത്യമായി നിർണയിക്കാതെയാണ് ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആശിഷ് കുമാർ സിങ് വാദിച്ചു. റവന്യൂ റെക്കോഡുകളിൽ വാഹിദ് ഖാൻ, യാക്കൂബ് ഖാൻ എന്നിവരുടെ പേരുകളുണ്ടെന്നും മസ്ജിദ് വഖഫ് രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന കാര്യം പരിഗണിച്ചില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ഭൂമി ബ്രിട്ടീഷ് ഭരണകാലത്ത് കേന്ദ്ര സർക്കാറിന്റെ ഉടമസ്ഥതയിലുള്ളതും പിന്നീട് സംസ്ഥാന സർക്കാറിൽ നിക്ഷിപ്തമായതുമാണെന്നും വ്യാജ രേഖകളുടെ അടിസ്ഥാനത്തിലാണ് ഹരജിക്കാർ അവകാശവാദം ഉന്നയിക്കുന്നതെന്നും സർക്കാർ കോടതിയിൽ വാദിച്ചു. പള്ളി നിർമിച്ച ശേഷമാണ് ഭരണകൂടം അവിടെ കലക്ടറേറ്റ് പണിതുയർത്തിയതെന്നും, ഇപ്പോൾ അതേ കലക്ടറേറ്റ് വളപ്പിൽ പള്ളി അനധികൃതമാണെന്ന് വരുത്തിത്തീർക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും പ്രതിപക്ഷ കക്ഷികളും മുസ്ലിം സംഘടനകളും ചൂണ്ടിക്കാട്ടുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടാണ് യോഗി സർക്കാറിന്റെ നടപടിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പ്രദേശത്തേക്കുള്ള പ്രതിപക്ഷ നേതാക്കളുടെ സന്ദർശനം ഏതുവിധേനയും തടയുകയാണ് യു.പി ഭരണകൂടം. പള്ളി പൊളിച്ചതിനെതിരെ പ്രദേശത്തെ ഹിന്ദു വിഭാഗമടക്കം രംഗത്തുവന്നത് സർക്കാറിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.സഹാറൻപുരിലെ പള്ളി ഇടിച്ചുനിരത്തൽ: യു.പി സർക്കാറിനോട് റിപ്പോർട്ട് തേടി ഹൈകോടതി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.