ക്രിമിനൽ കേസുകളുള്ള 191 സ്ഥാനാർഥികൾ; സുപ്രീംകോടതി നിർദേശം പാലിക്കാതെ പാർട്ടികൾ
ന്യൂഡൽഹി: ക്രിമിനൽ കേസുകളുള്ള സ്ഥാനാർഥികളെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്ന സുപ്രീംകോടതി നിർദേശം രാഷ്ട്രീയ പാർട്ടികൾ പൂർണമായി പാലിച്ചില്ലെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) റിപ്പോർട്ട്. എപ്രിൽ-മെയ് മാസങ്ങളിലായി നിയമസഭാ തെരഞ്ഞെടുപ്പുകൾ നടന്ന പശ്ചിമ ബംഗാൾ, കേരളം, തമിഴ്നാട്, അസം, പുതുച്ചേരി എന്നീ അഞ്ച് സംസ്ഥാനങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
റിപ്പോർട്ട് പ്രകാരം, ഈ അഞ്ച് സംസ്ഥാനങ്ങളിലായി ക്രിമിനൽ കേസുകളുള്ള 1,405 സ്ഥാനാർഥികളെ വിവിധ പാർട്ടികൾ മത്സരിപ്പിച്ചു. ഇവരിൽ 1,214 പേരെ സ്ഥാനാർഥികളാക്കാൻ കാരണങ്ങൾ പാർട്ടികൾ പൊതുജനങ്ങൾക്ക് മുന്നിൽ പ്രസിദ്ധീകരിച്ചെങ്കിലും 191 സ്ഥാനാർഥികളുടെ കാര്യത്തിൽ യാതൊരു വിശദീകരണവും നൽകിയിട്ടില്ല.
ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥികളുടെ കേസുകളുടെ വിവരങ്ങളും അവരെ തെരഞ്ഞെടുക്കാൻ കാരണമായ സാഹചര്യങ്ങളും സ്ഥാനാർഥി പ്രഖ്യാപിച്ചതിന് 72 മണിക്കൂറിനകം പത്രങ്ങളിലും പാർട്ടികളുടെ വെബ്‌സൈറ്റുകളിലും സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. ഇതിനായി തെരഞ്ഞെടുപ്പ് കമിഷൻ പ്രത്യേക ഫോർമാറ്റ് (സി7) ഒരുക്കിയിട്ടുണ്ട്.
എന്നാൽ, ക്രിമിനൽ പശ്ചാത്തലമില്ലാത്ത മറ്റൊരാളെ മത്സരിപ്പിക്കാൻ കഴിയാതിരുന്നതിന്റെ കാരണം വ്യക്തമാക്കുന്നതിനുപകരം, ബന്ധപ്പെട്ട സ്ഥാനാർഥിയുടെ വ്യക്തിപരമായ യോഗ്യതകളെക്കുറിച്ചുള്ള പൊതുവായ വിശദീകരണങ്ങളാണ് പല പാർട്ടികളും നൽകിയതെന്ന് എ.ഡി.ആർ ചൂണ്ടിക്കാട്ടി. ചില കേസുകളിൽ എല്ലാ സ്ഥാനാർഥികൾക്കും ഒരേ കാരണങ്ങളാണ് രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ക്രിമിനൽ കേസുകളുള്ള 302 സ്ഥാനാർഥികളിൽ എട്ടുപേരുടെ വിവരങ്ങൾ ബി.ജെ.പി പ്രസിദ്ധീകരിച്ചില്ല. കോൺഗ്രസിന്റെ കാര്യത്തിൽ ഇത് 202 സ്ഥാനാർഥികളിൽ 13 പേരായിരുന്നു. മറുവശത്ത്, തൃണമൂൽ കോൺഗ്രസ് പശ്ചിമ ബംഗാളിലെയും അസമിലെയും ക്രിമിനൽ കേസുകളുള്ള 116 സ്ഥാനാർഥികളുടെയും വിവരങ്ങൾ പൂർണമായും പ്രസിദ്ധീകരിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
തമിഴ്നാട്ടിലും പുതുച്ചേരിയിലും വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടി.വി.കെ) മത്സരിപ്പിച്ച 103 സ്ഥാനാർഥികളിൽ 29 പേരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരുന്നില്ല. ഡി.എം.കെ 78 സ്ഥാനാർഥികളിൽ 22 പേരുടെയും സി.പി.എം 150 സ്ഥാനാർഥികളിൽ 12 പേരുടെയും വിവരങ്ങൾ പൊതുഡൊമൈനിൽ ലഭ്യമാക്കിയില്ല.
സംസ്ഥാന അടിസ്ഥാനത്തിൽ നോക്കുമ്പോൾ പശ്ചിമ ബംഗാളിൽ ക്രിമിനൽ കേസുകളുള്ള 559 സ്ഥാനാർഥികളിൽ 504 പേർക്കായി കാരണം നൽകിയപ്പോൾ 55 പേരുടെ കാര്യത്തിൽ വിശദീകരണം ഉണ്ടായിരുന്നില്ല. തമിഴ്നാട്ടിൽ 473 സ്ഥാനാർഥികളിൽ 72 പേരുടെയും കേരളത്തിൽ 278 സ്ഥാനാർഥികളിൽ 37 പേരുടെയും അസമിൽ 66 സ്ഥാനാർഥികളിൽ 10 പേരുടെയും വിവരങ്ങൾ പ്രസിദ്ധീകരിച്ചിരുന്നില്ല. പുതുച്ചേരിയിൽ ക്രിമിനൽ കേസുകളുള്ള 39 സ്ഥാനാർഥികളിൽ 27 പേരെ മത്സരിപ്പിച്ചതിന്റെ കാരണം പാർട്ടികൾ വെളിപ്പെടുത്തിയിട്ടില്ലെന്നും എ.ഡി.ആർ റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.