മോദിക്ക് നന്ദി പറഞ്ഞ് ഇറാൻ പ്രസിഡന്‍റ് പെസഷ്കിയാൻ; ‘ബ്രിക്സ് അംഗ രാജ്യങ്ങളിൽ ദേശീയ കറൻസികളുടെ ഉപയോഗം വർധിപ്പിക്കണം’

ന്യൂഡൽഹി: ബ്രിക്സ് അംഗ രാജ്യങ്ങൾക്കിടയിൽ സഹകരണം ശക്തിപ്പെടുത്താനുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങൾക്ക് നന്ദി പറഞ്ഞ് ഇറാൻ പ്രസിഡന്‍റ് മസ്ഊദ് പെസഷ്കിയാൻ.

ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തമാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഉച്ചകോടിക്കു മുന്നോടിയായി ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു പെസഷ്കിയാൻ. ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ സർക്കാറിനും ജനങ്ങൾക്കും നന്ദി പറയുന്നു. വ്യാപാരം, നിക്ഷേപം, സംയുക്ത ധനസഹായം എന്നിവയിലൂടെ ബ്രിക്സ് സഹകരണം ശക്തിപ്പെടുത്തണം. ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, രാഷ്ട്രീയ സമ്മർദം ചെലുത്താനുള്ള സാമ്പത്തിക ഉപരോധങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി ഇന്ന് ലോകം സങ്കീർണമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാൻ-അമേരിക്കൻ സംഘർഷം വീണ്ടും മൂർച്ഛിക്കുന്നതിനിടെയാണ് പെസഷ്‌കിയാന്റെ ഇന്ത്യ സന്ദർശനം. ബ്രിക്സ് അംഗങ്ങൾ തമ്മിലുള്ള വ്യാപാരത്തിൽ ദേശീയ കറൻസികളുടെ ഉപയോഗം വർധിപ്പിക്കണമെന്നും പെസഷ്കിയാൻ ആവശ്യപ്പെട്ടു. ചുരുക്കം ചില കറൻസികളെ മാത്രം ആശ്രയിക്കുന്ന നിലവിലെ ആഗോള സാമ്പത്തിക വ്യവസ്ഥ ഭാവിയിൽ തിരിച്ചടികൾ നേരിട്ടേക്കാം. ബ്രിക്സ് രാജ്യങ്ങളിലെ വ്യാപാര സഹകരണത്തെ യഥാർഥ നിക്ഷേപമാക്കി മാറ്റുന്നതിൽ ന്യൂ ഡെവലപ്‌മെന്റ് ബാങ്കിന് വലിയ പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെസഷ്കിയാൻ രാത്രി മോദിയുമായി കൂടിക്കാഴ്ച നടത്തും.

നേരത്തെ, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയ, സാമ്പത്തിക, പ്രതിരോധ, ഊർജ, നൈപുണ്യ വികസന മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു. ഇന്ത്യ-റഷ്യ 24ാമത് വാർഷിക ഉച്ചകോടിക്ക് റഷ്യ സന്ദർശിക്കാനുള്ള പ്രസിഡന്റ് പുടിന്റെ ക്ഷണം മോദി സ്വീകരിച്ചു.

സമുദ്ര വ്യാപാരത്തെയും ഇന്ത്യൻ നാവികരുടെ സുരക്ഷയെയും ബാധിച്ച പശ്ചിമേഷ്യൻ യുദ്ധവും റഷ് -യുക്രെയ്ൻ സംഘർഷവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള മുന്നോട്ടുള്ള വഴി സംഭാഷണവും നയതന്ത്രവുമാണെന്നും സമാധാന ശ്രമങ്ങളിൽ സഹായിക്കാൻ ഇന്ത്യ തയാറാണെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേക തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിൽ ഏർപ്പെടാൻ ഇരു നേതാക്കളും സമ്മതിച്ചു.

ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യയിൽ ആദ്യമായി നടന്ന റഷ്യയുടെ അന്താരാഷ്ട്ര വ്യാവസായിക പ്രദർശനത്തെ സ്വാഗതം ചെയ്ത ഇരുവരും വ്യാപാര, വ്യാവസായിക ബന്ധം കൂടുതൽ വിപുലീകരിക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ഈ വർഷം ഇത് രണ്ടാം തവണയാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. 2026 ഓഗസ്റ്റ് 31ന് എസ്.സി.ഒ ഉച്ചകോടിക്കിടെ ഇരു നേതാക്കളും ബിഷ്കെക്കിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags:    
News Summary - Pezeshkian thanks PM Modi for strengthening bloc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.