ന്യൂഡൽഹി: പാർട്ടി താക്കീത് അവഗണിച്ച് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാറിനെതിരെ നടത്തിയ ഏകദിന നിരാഹാര സമരത്തിനു പിന്നാലെ യുവ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സചിൻ പൈലറ്റ് ബുധനാഴ്ച ഡൽഹിയിലെത്തും. മുതിർന്ന കോൺഗ്രസ് നേതാക്കളുമായി സചിൻ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
പാർട്ടിവിരുദ്ധമാകുമെന്ന താക്കീത് ലംഘിച്ച് നിരാഹാരം ഇരുന്നതിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും അനുയായികളും പ്രതിഷേധത്തിലാണ്. സചിനെതിരെ കടുത്ത നടപടിവേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാറിനെതിരായ അഴിമതി ആരോപണങ്ങളിൽ അന്വേഷണം ഉണ്ടാകുമെന്ന ഉറപ്പ് ഗെഹ്ലോട്ട് പാലിച്ചില്ലെന്ന് പറഞ്ഞാണ് സചിനും കൂട്ടരും പ്രതിഷേധമിരുന്നത്. ജയ്പുരിലെ രക്തസാക്ഷി മണ്ഡപത്തിൽ നടന്ന ഏകദിന നിരാഹാരത്തിൽ സചിനു പിന്തുണയുമായി നിരവധി അനുയായികളെത്തിയിരുന്നു.
സചിന്‍റെ പ്രതിഷേധം പാർട്ടി വിരുദ്ധ പ്രവർത്തനമാകുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും നിരാഹാര സമരവുമായി മുന്നോട്ടുപോകുകയായിരുന്നു. വിഷയത്തിൽ നിശ്ശബ്ദത തുടർന്ന ഗെഹ്ലോട്ട് ഇന്ന് വാർത്തസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. വർഷാവസാനം സംസ്ഥാനത്തു തെരഞ്ഞെടുപ്പു നടക്കാനിരിക്കെ, ഗെഹ്ലോട്ടും പൈലറ്റും തമ്മിൽ ഭിന്നത രൂക്ഷമാകുന്നത് ആശങ്കയോടെയാണു കോൺഗ്രസ് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.