കൊൽക്കത്ത: പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസിലെ പ്രതിസന്ധി കൂടുതൽ ആഴത്തിലേക്ക്. പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ വിശ്വസ്തർ ഉൾപ്പെട്ട 19 വിമത ലോക്സഭ എം.പിമാരുടെ പട്ടിക ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു. മുൻ ക്രിക്കറ്റ് താരം യൂസഫ് പത്താനും സയോണി ഘോഷും ഉൾപ്പെടെയാണ് സ്പീക്കർ ഓം ബിർളക്ക് അയച്ച കത്തിൽ ഒപ്പിട്ടത്.
മേയ് 18നാണ് വിമത നേതാക്കൾ ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകിയത്. പാർട്ടിയിലെ മുതിർന്ന നേതാവായ കകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലായിരുന്നു മമതക്കെതിരായ പടയൊരുക്കം.
കകോലി ഘോഷ് ദസ്തിദാർ, സതാബ്ദി റോയ്, ബപി ഹൽദാർ, ശർമിള സർക്കാർ, ശർമിള ബാന്ദോപാധ്യയ്, ജഗദീഷ് ബർമ ബസുനിയ, അസിത് കുമാർ മാൽ, അരൂപ് ചക്രവർത്തി, രചന ബാനർജി, സയോണി ഘോഷ്, ഖലീലുർ റഹ്മാൻ, അബു താഹിർ ഖാൻ, യൂസഫ് പത്താൻ, മിതായ് ബെയ്ഗ്, മാല റോയ്, കാലിപാദ സോറൻ, ദീപക് അധികാരി, ജൂൺ മാലിയ, പാർഥ ഭൗമിക് എന്നിവരാണ് സ്പീക്കർക്ക് നൽകിയ കത്തിൽ ഒപ്പിട്ട 19 എം.പിമാർ. ലോക്സഭയിലെ മൂന്നാമത്തെ വലിയ പ്രതിപക്ഷ കക്ഷിയാണ് 28 അംഗങ്ങളുള്ള തൃണമൂൽ കോൺഗ്രസ്. വിമത വിഭാഗത്തിന് 19 എം.പിമാരുടെ പിന്തുണയുണ്ട്. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയെ പിന്തുണക്കുമെന്നും പ്രത്യേക ബ്ലോക്കായി പാർലമെന്റിൽ ഇരിക്കുമെന്നുമായിരുന്നു വിമത അംഗങ്ങളുടെ അവകാശവാദം.
പശ്ചിമ ബംഗാൾ നിയമസഭയിൽ 80 ടി.എം.സി എം.എൽ.എമാരിൽ 58 പേർ തങ്ങൾക്കൊപ്പമുണ്ടെന്ന് പുറത്താക്കപ്പെട്ട എം.എൽ.എ ഋതബ്രത ബാനർജി അവകാശപ്പെട്ടതോടെ ടി.എം.സി നിയമസഭാംഗങ്ങൾക്കിടയിൽ നേരത്തേതന്നെ കലാപം പൊട്ടിപുറപ്പെട്ടിരുന്നു. പിന്നീട് ലോക്സഭ എം.പിമാരും പാർട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തുകയായിരുന്നു.
അതേസമയം, ടി.എം.സി നേതൃത്വത്തോട് വിശ്വസ്തത പ്രഖ്യാപിച്ചും ചില നേതാക്കൾ രംഗത്തെത്തി. മമതാ ബാനർജിയെ പ്രതിസന്ധിക്കാലത്ത് കൈവിടില്ലെന്ന് ശത്രുഘ്നൻ സിൻഹ വ്യക്തമാക്കി. താൻ പാർട്ടിയിലെ വിമത ഗ്രൂപ്പിനൊപ്പം ചേർന്നെന്ന അഭ്യൂഹങ്ങൾ അദ്ദേഹം തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.