അജിത് പവാർ ബി.ജെ.പിയിലേക്കെന്ന് അഭ്യൂഹം; പിടികൊടുക്കാതെ പവാർ

മുംബൈ: അദാനി, സവർക്കർ, പ്രധാനമന്ത്രി മോദിയുടെ വിദ്യാഭ്യാസ യോഗ്യത വിഷയങ്ങളിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളോട് ശരദ് പവാർ വിയോജിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ജ്യേഷ്ഠപുത്രനും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ അജിത് പവാർ അടക്കം 15 എൻ.സി.പി എം.എൽ.എമാർ ബി.ജെ.പിക്കൊപ്പം പോകുമെന്ന പ്രവചനവുമായി മുൻ ആപ് നേതാവ് അഞ്ജലി ധമാനിയ. പവാറിന്റെ ‘വസ്തുതാപരമായ വിലയിരുത്തലുകളിലെ’ രാഷ്ട്രീയം മനസ്സിലാകാതെ സഖ്യകക്ഷികൾ വീർപ്പ്മുട്ടുമ്പോഴാണിത്. ബി.ജെ.പിക്കൊപ്പം പോയാൽ എൻ.സി.പി കർഷക വിരുദ്ധ പാർട്ടിയാകുമെന്ന് കോൺഗ്രസ് മഹാരാഷ്ട്ര അധ്യക്ഷൻ നാന പടോലെ പ്രതികരിച്ചു. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച വിവരമാണെന്നാണ് അഞ്ജലി ദമാനിയ പറയുന്നത്. അഞ്ജലിക്ക് പിന്നിൽ ബി.ജെ.പിയാണെന്ന മറു ആരോപണവുമുണ്ട്.

ആശയക്കുഴപ്പങ്ങൾക്കിടയിൽ ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ ചൊവ്വാഴ്ച രാത്രി പവാറിനെ കണ്ടു. പവാർ, ഉദ്ധവ് എന്നിവരെ കാണാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണഗോപാൽ വ്യാഴാഴ്ച മുംബൈയിൽ എത്തുന്നുമുണ്ട്.

തന്റെ ഭിന്നാഭിപ്രായം പ്രതിപക്ഷ കൂട്ടായ്മയെ ബാധിക്കില്ലെന്ന് പവാർ പറയുമ്പോഴും ഉദ്ധവ് പക്ഷ ശിവസേന, എൻ.സി.പി, കോൺഗ്രസ് കൂട്ടുകെട്ടിലെ മഹാവികാസ് അഗാഡി(എം.വി.എ)യുടെ ഭാവി പ്രതിസന്ധിയിലാണ്. സ്വന്തം അഭിപ്രായങ്ങൾ പരസ്യമായി പ്രകടിപ്പിച്ച പവാർ, ഭിന്നാഭിപ്രായങ്ങൾ പരസ്യമാക്കി ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കരുതെന്ന ഉപദേശമാണ് ഉദ്ധവിനും മറ്റ് നേതാക്കൾക്കും നൽകിയത്. ഏക്നാഥ് ഷിൻഡെ വിമത നീക്കം നടത്തിയപ്പോൾ സഖ്യ കക്ഷികളുമായി ചർച്ചചെയ്യാതെ സ്വന്തം ഇഷ്ടപ്രകാരം ഉദ്ധവ് മുഖ്യമന്ത്രിപദം രാജിവെച്ചതിനെയും പവാർ വിമർശിച്ചു. എം.വി.എ സഖ്യം ശക്തമാണെന്ന് പറയുമ്പോഴും അതിന്റെ ഭാവിയെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് പവാർ പറയുന്നത്. അതേസമയം, മേയ് ഒന്നിന് പുണെയിൽ നടക്കുന്ന മഹാവികാസ് അഗാഡി റാലിയിൽ പങ്കെടുക്കുമെന്ന് പവാർ അറിയിച്ചു.

Tags:    
News Summary - Rumors of Ajit Pawar joining BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.