'നിയമം മാത്രമാണ്​ നീതിയിലേക്കുള്ള വഴി'; ഓ​ട്ടോറിക്ഷ ഡ്രൈവറിൽനിന്ന്​ രോഹിത്​ വെമുലയുടെ സഹോദരൻ അഭിഭാഷക വൃത്തിയിലേക്ക്​

ന്യൂഡൽഹി: ഹൈദരാബാദ്​ സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായിരുന്ന രോഹിത്​ വെമുലയുടെ സഹോദരൻ അഭിഭാഷകവൃത്തിയിലേക്ക്​. രോഹിതിന്‍റെ സഹോദരൻ രാജ വെമുല അഭിഭാഷക പരീക്ഷ വിജയിച്ചതായി മാതാവ്​ ​രാധിക വെമുല ട്വിറ്ററിലൂടെ അറിയിച്ചു.

2021 ജനുവരിയിൽ രോഹിത്​ മരിച്ചിട്ട്​ അഞ്ചുവർഷം തികയും. ഇതിനിടെ നിരവധി പരീക്ഷണങ്ങളിലൂടെയായിരുന്നു കുടുംബം മുന്നോട്ടുപോയിരുന്നത്​. രോഹിത്​ വെമുലക്ക്​ നീതി ലഭിക്കുന്നതിനായി പോരാട്ടം തുടരുന്നതിനിടെയാണ്​ കുടുംബത്തിലെ സന്തോഷവാർത്ത രാധിക വെമുല പങ്കുവെക്കുന്നത്​. 'രാജ വെമുല, എന്‍റെ ഇളയ മകൻ ഇപ്പോൾ അഭിഭാഷകനാണ്​. രോഹിത്​ വെമുലയുടെ മരണ​ശേഷം അഞ്ചുവർഷത്തിനിടെ ഞങ്ങളുടെ ജീവിതത്തിൽ പലവിധ മാറ്റങ്ങളും സംഭവിച്ചു. അഡ്വക്കേറ്റ്​ രാജ വെമുല ജനങ്ങൾക്കും അവരുടെ അവകാശങ്ങൾക്ക്​ വേണ്ടിയും കോടതിയിൽ പോരാടും. അവനെ അനുഗ്രഹിക്കണം' -രാധിക വെമുല ട്വിറ്ററിൽ കുറിച്ചു.

ഹൈദരാബാദ്​ സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയും ദളിതനുമായ രോഹിത്​ വെമുലയെയും സഹപാഠികളെയും എ.ബി.വി.പി നേതാവിനെ മർദ്ദിച്ചുവെന്ന തെറ്റായ പരാതിയിൽ സസ്​പെൻഡ്​ ചെയ്യുകയായിരുന്നു. ഇതിനെതിരെ സർവകലാശാലയിൽ സമരത്തിലായിരുന്നു വിദ്യാർഥികൾ. ഇതിനിടെ ഹോസ്റ്റലിൽനിന്നും വിദ്യാർഥികളെ പുറത്താക്കുകയും ഭരണകാര്യാലയത്തിലും മറ്റു പൊതു ഇടങ്ങളിൽ ​പ്രവേശിക്കുന്നതിനും വിലക്ക്​ ഏർപ്പെടുത്തുകയും ചെയ്​തു.

അ​ംബേദ്​കർ സ്റ്റുഡന്‍റ്​സ് അസോസിയേഷന്‍റെ ​പ്രവർത്തകൻ കൂടിയായിരുന്നു രോഹിത്​. കേന്ദ്രമന്ത്രി സ്​മൃതി ഇറാനി, ബന്ദാരു ദത്താത്രേയ തുടങ്ങിയവർ എ.ബി.വി.പി നേതാവിനെ മർദ്ദിച്ച പരാതിയിൽ രോഹിതിനും മറ്റു വിദ്യാർഥികൾക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ രംഗത്തെത്തിയിരുന്നു. രോഹിതിന്‍റെ സ്​കോളർഷിപ്പിപ്പ്​ വൈസ്​ ചാൻസലർ അന്യായമായി തടഞ്ഞുവെച്ചതിനെ തുടർന്ന്​ വി.സിക്ക്​ കത്തെയുകയും അതിൽ വിഷമോ കയറോ വാങ്ങി നൽകണമെന്നും രോഹിത്​ ആവശ്യപ്പെട്ടിരുന്നു. തുടർന്നായിരുന്നു രോഹിത്​ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചത്​. രോഹിത്​ വെമുലയുടെ മരണത്തെ തുടർന്ന്​ രാജ്യം നിരവധി പ്രക്ഷോഭ പരിപാടികൾക്ക്​ സാക്ഷിയായിരുന്നു.


​മകന്​ നീതി ആവശ്യപ്പെട്ട്​ രാജയും രാധിക വെമുലയും വിദ്യാർഥി പ്രക്ഷോഭങ്ങളിൽ അടക്കം പങ്കുചേർന്നിരുന്നു. സ്​കോളർഷിപ്പ്​ തടഞ്ഞുവെച്ചതിന്​ ശേഷം​ കുടുംബത്തിന്‍റെ ഏക വരുമാനവും നിലച്ചതോടെ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ്​ കുടുംബം മുന്നോട്ടുപോയിരുന്നത്​. ഇതോടെ പുതുച്ചേരി സർവകലാശാലയിൽനിന്ന്​ ബിരുദാനന്തര ബിരുദം നേടിയ രാജ വെമുല കുടുംബം പുലർത്തുന്നതിനായി ഒ​ാ​ട്ടോറിക്ഷ ഓടിക്കാൻ തയാറാകുകയായിരുന്നു.

രോഹിതിന്‍റെ മരണശേഷം നിരവധി പേർ രാജിന്​ ജോലി നൽകാമെന്ന വാഗ്​ദാനവുമായി രംഗത്തെത്തിയിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളും ജോലി വാഗ്​ദാനവുമായി എത്തിയെങ്കിലും അതും നിരസിച്ചു. രാഷ്​ട്രീയ നേതാക്കളിൽനിന്ന്​ ജോലി സ്വീകരിച്ചാൽ തന്‍റെ സഹോദരൻ വെറുക്കുന്ന അവരുമായി ബന്ധം പുലർത്തേണ്ടിവരുമെന്നായിരുന്നു രാജയുടെ പ്രതികരണം. ജോലി പിന്നീട്​ നേടാമെന്നും ഇപ്പോൾ സഹോദരന്‍റെ നീതിക്കായുള്ള പോരാട്ടത്തിലുമാണെന്ന്​ സഹോദരൻ കൂട്ടിച്ചേർത്തിരുന്നു.


എം.എസ്​.സി അപ്ലൈഡ്​ ജിയോളജി നേടിയ രാജക്ക്​ ശാസ്​ത്രജ്ഞൻ ആകാനായിരുന്നു ആഗ്രഹം. എന്നാൽ സഹോദരന്‍റെ മരണം രാജയെ മാറ്റിമറിച്ചു. നിയമം മാത്രമാണ്​ നീതിയിലേക്കുള്ള വഴിയെന്നും രാജ വിശ്വസിച്ചു. 'നിയമ നിർമാണ സഭകളിലൂടെയും ഭരണകൂടത്തിലൂടെയും നിയമവ്യവസ്​ഥയിലൂടെയും മാറ്റം വരുത്താനാകും. എന്നാൽ നിയമനിർമാണ സഭകളിലും ഭരണകൂടത്തിലും യാതൊരു മാറ്റവും വരാനില്ലെന്നാണ്​​ വിശ്വാസം. എങ്കിലും നിയമ വ്യവസ്​ഥയിൽ ഇപ്പോഴും പ്രതീക്ഷയുണ്ട്​' -രാജ വെമുല പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.