റോക്കറ്റ് വിക്ഷേപണ ചെലവ് കൂടുതൽ ഇന്ത്യക്ക്: കേംബ്രിഡ്ജ് പഠനം

ന്യുഡൽഹി: റോക്കറ്റ് വിക്ഷേപണച്ചെലവിൽ ആഗോള ബഹിരാകാശ ശക്തികളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ മുന്നിലെന്ന് കേംബ്രിഡ്ജ് പഠനം. യു.എസ്, ചൈന, റഷ്യ, ജപ്പാൻ, യൂറോപ്പ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ചെലവിൽ വൻ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. 'ഇക്കണോമിക്സ് ലെറ്റേഴ്സി'ൽ പ്രസിദ്ധീകരിച്ച 'ജിയോപൊളിറ്റിക്സ് ആൻഡ് സ്പേസ് ആക്സസ്: കോസ്റ്റ് അസിമട്രീസ് ആൻഡ് സ്ട്രാറ്റജിക് ഡിപൻഡൻസ്' എന്ന പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.1960നും 2025നും ഇടയിലുള്ള 6,740ലധികം റോക്കറ്റ് വിക്ഷേപണങ്ങൾ വിശകലനം ചെയ്താണ് ഗവേഷകർ നിഗമനത്തിലെത്തിയത്.

2025ൽ ഒരു കിലോഗ്രാം പേലോഡ് ഭ്രമണപഥത്തിൽ എത്തിക്കാൻ ഇന്ത്യക്ക് ശരാശരി $13,302 (ഡോളർ) ചെലവ് വന്നപ്പോൾ, യു.എസിന് ഇത് വെറും $3,225 മാത്രമായിരുന്നു. യൂറോപ്പിൽ ഇത് $9,897, റഷ്യയിൽ $6,682, ചൈനയിൽ $5,809, ജപ്പാനിൽ $5,287 എന്നിങ്ങനെയാണ്.

ആഗോള ശരാശരി വിക്ഷേപണച്ചെലവ് കിലോഗ്രാമിന് $3,868 ആണ്. ഇന്ത്യ ഉപയോഗിക്കുന്ന റോക്കറ്റുകളുടെ വലിപ്പ കുറവാണ് ഉയർന്ന വിക്ഷേപണച്ചെലവിന് കാരണമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് മൊത്തത്തിലുള്ള വിക്ഷേപണച്ചെലവ് കുറവാണെങ്കിലും, ചെറിയ റോക്കറ്റുകൾ കുറഞ്ഞ പേലോഡ് മാത്രമേ വഹിക്കൂ എന്നതിനാൽ സ്ഥിരമായ വിക്ഷേപണച്ചെലവ് ഓരോ കിലോഗ്രാമിലും വിഭജിക്കപ്പെടുമ്പോൾ ആകെ തുക ഉയരുന്നു.

ചെലവ് കുറച്ച് യു.എസും യൂറോപ്പും

2010നും 2025നും ഇടയിൽ വിക്ഷേപണച്ചെലവിൽ കാര്യമായ കുറവ് വരുത്താൻ യു.എസിനും യൂറോപ്പിനും മാത്രമാണ് സാധിച്ചതെന്ന് പഠനം വ്യക്തമാക്കുന്നു. ഇതിൽ തന്നെ യു.എസ് വളരെ വേഗത്തിലാണ് പുരോഗതി കൈവരിച്ചത്. അനുഭവപരിചയത്തിലൂടെ ചെലവ് കുറയ്ക്കാൻ തക്കവിധം ഇന്ത്യയുടെ വിക്ഷേപണ പ്രവർത്തനങ്ങൾ വികസിച്ചിട്ടില്ലെന്ന് ഗവേഷകർ പറയുന്നു. അതേസമയം, ബഹിരാകാശ പദ്ധതികൾ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി ചൈന ഇപ്പോഴും വിവിധ വിക്ഷേപണ സാങ്കേതികവിദ്യകൾ പരീക്ഷിച്ചു വരികയാണ്.

റഷ്യ, കിലോഗ്രാമിന് കുറഞ്ഞ ചെലവ് വന്നിരുന്ന പ്രോട്ടോൺ റോക്കറ്റുകളുടെ ഉപയോഗം അവസാനിപ്പിച്ചെങ്കിലും പകരം കൊണ്ടുവരാൻ ഉദ്ദേശിച്ച അങ്കാര വിജയകരമായി നടപ്പിലാക്കാൻ അവർക്ക് സാധിച്ചില്ല. ഇപ്പോൾ കൂടുതൽ ചെലവേറിയ സോയൂസ് റോക്കറ്റുകളെയാണ് റഷ്യ ആശ്രയിക്കുന്നത്. ലോകത്തിന്‍റെ മൊത്തത്തിലുള്ള വിക്ഷേപണച്ചെലവ് കുറയുന്നതിന്‍റെ വേഗത യു.എസിനേക്കാൾ കൂടുതലായിരുന്നു. ആഗോള പേലോഡിന്‍റെ വലിയൊരു പങ്ക് ചെലവേറിയ ആഭ്യന്തര വിക്ഷേപണ വാഹനങ്ങളിൽ നിന്ന് കുറഞ്ഞ ചെലവുള്ള യു.എസ് സേവനദാതാക്കളിലേക്ക് മാറിയതാണ് ഇതിന് ഒരു കാരണം.

മറ്റ് രാജ്യങ്ങളുടെ നിലവിലെ സ്ഥിതി

ആഗോള പേലോഡിൽ യു.എസ് തങ്ങളുടെ പങ്ക് വൻതോതിൽ വർധിപ്പിച്ചു. 1995ൽ ഏകദേശം 50% ആയിരുന്നത് 2012ൽ 20%ൽ താഴെയായി കുറഞ്ഞെങ്കിലും 2024 ഓടെ ഇത് 82%ത്തിലധികമായി അതിവേഗം ഉയർന്നു. സ്പേസ് എക്സിന്റെ പുനരുപയോഗിക്കാവുന്ന റോക്കറ്റുകളും സ്റ്റാർലിങ്ക് സാറ്റ്ലൈറ്റുകളും വഴി 2016 മുതൽ വിക്ഷേപണങ്ങൾ വർധിപ്പിച്ചതാണ് ഇതിന് കാരണമായത്.

ചൈനയും അതിവേഗം വളർച്ച കൈവരിച്ചു, 2023ൽ ബഹിരാകാശത്തേക്ക് അയച്ച ആകെ പേലോഡിന്‍റെ കാര്യത്തിൽ ചൈന യൂറോപ്പിനെ മറികടന്നു. 2021ൽ ആഗോള പേലോഡിന്‍റെ 27% വരെ കൈയടക്കിയ ചൈനയുടെ വിഹിതം തൊട്ടടുത്ത വർഷങ്ങളിൽ കുറഞ്ഞെങ്കിലും 2025ൽ വീണ്ടും ഉയർന്നു. യൂറോപ്പിന്റെയും റഷ്യയുടെയും വിഹിതം ഏതാനും ശതമാനമായി താഴേക്ക് പതിച്ചു. 2003 വരെ യു.എസിനും റഷ്യക്കും സമാനമായ പേലോഡ് അളവ് ഉണ്ടായിരുന്നു. എന്നാൽ കൊളംബിയ ദുരന്തത്തെ തുടർന്ന് രണ്ട് വർഷത്തെ ഇടവേള വരികയും 2011ൽ യു.എസ് ഷട്ടിൽ പ്രോഗ്രാം നിർത്തലാക്കുകയും ചെയ്തു.

യൂറോപ്പ് യു.എസിന് പിന്നിൽ

2012-13 കാലഘട്ടത്തിൽ യു.എസിനും യൂറോപ്പിനും സമാനമായ വിക്ഷേപണച്ചെലവായിരുന്നു. എന്നാൽ, പിന്നീട് ഇത് വർധിച്ചു. യു.എസ് റോക്കറ്റുകളെ അപേക്ഷിച്ച് യൂറോപ്യൻ റോക്കറ്റുകൾ ഉപയോഗിച്ച് ഒരു കിലോഗ്രാം പേലോഡ് ഭ്രമണപഥത്തിൽ എത്തിക്കാൻ നിലവിൽ ശരാശരി മൂന്നിരട്ടിയിലധികം ചെലവ് വരുന്നുണ്ട്. 2010കളിൽ യൂറോപ്പ് ഏരിയൻ 5 (Ariane 5) തുടർച്ചയായി ഉപയോഗിച്ചപ്പോൾ, സ്പേസ് എക്സിന്റെ ഫാൽക്കൺ 9 (Falcon 9) വഴി യു.എസ് പുനരുപയോഗിക്കാവുന്ന റോക്കറ്റുകളിലേക്ക് മാറിയതാണ് ഇതിന് കാരണം.

2024ൽ ഏരിയാൻ 6 (Ariane 6) അവതരിപ്പിച്ചതോടെ ഈ വ്യത്യാസം ഒരു പരിധി വരെ കുറയാൻ സാധ്യതയുണ്ട്.  ഈ റോക്കറ്റ് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഒന്നാണ്. ഇതിന്റെ വിക്ഷേപണ നിരക്കും പരിമിതമായിരിക്കും. 2025ൽ നാലും 2026ൽ എട്ടും വിക്ഷേപണങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. അതിനുശേഷമേ ഇത് പ്രതിവർഷം 10 എന്ന നിരക്കിലേക്ക് എത്തൂ.

ആശ്രിതത്വം

നൂറിലധികം രാജ്യങ്ങൾക്ക് ബഹിരാകാശത്ത് സ്വന്തമായി കുറഞ്ഞത് ഒരു ഉപഗ്രഹമെങ്കിലും ഉണ്ടെങ്കിലും അവ ഭ്രമണപഥത്തിലെത്തിക്കാൻ പലരും വിദേശ റോക്കറ്റുകളെയാണ് ആശ്രയിക്കുന്നത്. പഠനമനുസരിച്ച് 2025ൽ ഭ്രമണപഥത്തിലേക്ക് അയച്ച ആഗോള പേലോഡിന്‍റെ 75 ശതമാനവും സ്പേസ് എക്സ് ഒറ്റക്കാണ് നിർവ്വഹിച്ചത്.

കുറഞ്ഞ ചെലവിലുള്ള യു.എസ് വിക്ഷേപണ സേവനങ്ങൾക്ക് പകരം തന്ത്രപരമായ പരമാധികാരം മുൻനിർത്തി സ്വന്തം രാജ്യത്തെ റോക്കറ്റുകൾ തിരഞ്ഞെടുക്കുന്ന രാജ്യങ്ങൾക്ക് വലിയ ചെലവ് നേരിടേണ്ടി വരുമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഇത് ബഹിരാകാശത്ത് വലിയ അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിനും നിലനിർത്തുന്നതിനും അവർക്ക് തടസമായേക്കാം.

Tags:    
News Summary - Rocket launch costs are higher for India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.