പൊതുജനങ്ങ​ളെ കൊള്ളയടിക്കുന്നു, പി.ആർ നടത്തിയതുകൊണ്ട് വിശ്വഗുരു ആകില്ല; എണ്ണവില വർധനയിൽ മോദിയെ വിമർശിച്ച് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: ഇന്ധനവില വർധനവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസർക്കാറിനെയും വിമർശിച്ച് ​കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പൗരൻമാരുടെ മേൽ ഭാരം ചുമത്തി സർക്കാർ ബിസിനസ് താൽപര്യങ്ങൾ സംരക്ഷിക്കുകയാണെന്ന് ഖാർഗെ ആരോപിച്ചു. ​ചൊവ്വാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 90 പൈസ വർധിപ്പിച്ചതിന് പിന്നാലെയായിരുന്നു ഖാർഗെയുടെ പ്രതികരണം.

ഒരു ആഴ്ചക്കുള്ളിൽ രണ്ടാമത്തെ വർധനയാണിത്. വിലവർധിപ്പിച്ച് വെറും നാലു ദിവസത്തിന് ശേഷം മോദി സർക്കാർ വീണ്ടും പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടി. വേദിയൊരുക്കി, സമ്പാദ്യത്തെക്കുറിച്ച് പ്രസംഗിച്ചുകൊണ്ട്, അവരുടെ പരാജയം പൊതുജനങ്ങളു​ടെമേൽ കെട്ടിവെക്കുന്നു. ആ ശ്രമം പൂർണ തോതിൽ പുരോഗമിക്കുകയാണെന്നും ഖർഗെ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

സാധാരണക്കാരെ കൊള്ളയടിച്ച് അമേരിക്കയിൽനിന്ന് അദാനിക്ക് സൗജന്യ പാസ് നൽകുന്നു. ഇതാണ് മോദിജിയുടെ വിട്ടുവീഴ്ച മാതൃകയെന്നും കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു. ന്യൂയോർക്കിലെ സെക്യൂരിറ്റീസ് ആൻഡ് വയർ തട്ടിപ്പ് കേസിൽ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കും എതിരായ ക്രിമിനൽ കുറ്റങ്ങൾ ഒഴിവാക്കിയ യു.എസ് നീതിന്യായ വകുപ്പിന്റെ നടപടിയെ പരാമർശിച്ചുകൊണ്ടായിരുന്നു ഖാർഗെ പ്രതികരണം.

‘വിശ്വഗുരു ആണെന്ന വ്യാജ അഭിമാനം കൊണ്ട് അന്തരീക്ഷം നിറക്കുന്ന മോദിജി, റഷ്യൻ എണ്ണ വാങ്ങാനുള്ള അനുമതിയിൽ ഒരു മാസത്തെ കാലാവധി നീട്ടണമെന്ന് അമേരിക്കയോട് യാചിക്കുകയാണ്. അദ്ദേഹം ഇത് ചെയ്യുമ്പോഴെല്ലാം, 140 കോടി ഇന്ത്യക്കാരുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്നു. മുമ്പത്തെ ഒരു സർക്കാരും ഈ നിലയിലേക്ക് കൂപ്പുകുത്തിയിട്ടില്ലെന്നും’ ഖാർഗെ കുറ്റപ്പെടുത്തി. സർക്കാർ പറയുന്നതുപോലെ എണ്ണ വാങ്ങാൻ അനുവാദം ലഭിച്ചി​ട്ടുണ്ടെങ്കിൽ പിന്നെ എന്തിനാണ് പെട്രോൾ-ഡീസൽ വിലവർധനവിലൂടെ സാധാരണക്കാരുടെ മേൽ അമിതഭാരം ചുമത്തുന്നതെന്നും ഖാർഗെ ചോദിച്ചു. ബി.ജെ.പിയിൽ ദീർഘവീക്ഷണത്തിന്റെയും നേതൃത്വത്തിന്റെയും അഭാവം ഉണ്ടെന്നും ഖാർഗെ പറഞ്ഞു.

പ്രതിസന്ധി ഘട്ടത്തിൽ ബി.ജെ.പി ഭരണത്തേക്കാൾ രാഷ്ട്രീയത്തിന് മുൻഗണന നൽകുകയാണെന്ന് ഖാർഗെ കുറ്റപ്പെടുത്തി. ‘വിദേശത്ത് സ്പോൺസർ ചെയ്ത പി.ആർ നടത്തിയതുകൊണ്ട് മാത്രം നിങ്ങൾ ഒരു വിശ്വഗുരു ആകില്ല. മോദി ജി, നിങ്ങൾ ജനങ്ങളോടുള്ള ഉത്തരവാദിത്തം ഉറപ്പാക്കണം. യഥാർഥ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടരുത്. നിങ്ങൾ മാമ്പഴം എങ്ങനെ കഴിക്കുന്നു എന്നതിലോ ഏത് ടോണിക്ക് കുടിക്കുന്നു എന്നതിലോ പൊതുജനങ്ങൾക്ക് താൽപ്പര്യമില്ല. പ്രതിസന്ധിയെക്കുറിച്ച് നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ട് പ്രതികരിച്ചാൽ മാത്രമേ നിങ്ങളെ ജനങ്ങളുടെ യഥാർഥ ‘പ്രധാന സേവക്’ എന്ന് വിളിക്കൂ. അല്ലെങ്കിൽ നിങ്ങൾ വെറും ഒരു ‘പ്രചാരക്’ (പ്രചാരകൻ) മാത്രമായി തുടരും’ -ഖാർഗെ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Robbing common people You dont become a vishwaguru just doing PR Kharge slams PM Modi on fuel price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.