ഗുജറാത്തിലെ വഡോദരയിൽ വർഗീയ സംഘർഷത്തിന് വഴിവെച്ച് റോഡ് അപകടം. അപകടത്തിന് കാരണക്കാരായ 19 പേർ അറസ്റ്റിൽ. വഡോദര നഗരത്തിൽ നടന്ന ഒരു ചെറിയ വാഹനാപകടം വർഗീയ സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു. കലാപകാരികൾ കല്ലെറിഞ്ഞു. ദേവാലയം തകർക്കുകയും ചില വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. മൂന്ന് പേർക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി നടന്ന സംഭവത്തിന് ശേഷം കലാപം നടത്തിയതിന് 19 പേരെയും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെട്ട റോഡപകടവുമായി ബന്ധപ്പെട്ട് മറ്റ് മൂന്ന് പേരെയും പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി അഡീഷനൽ പൊലീസ് കമ്മീഷണർ ചിരാഗ് കൊറാഡിയ മാധ്യമങ്ങളോട് പറഞ്ഞു. നഗരത്തിലെ റാവുപുര പ്രദേശത്തെ രണ്ട് സമുദായങ്ങളിൽ നിന്നുള്ളവരുടെ ഇരുചക്ര വാഹനങ്ങൾ ഇടിച്ചുണ്ടായ റോഡപകടത്തെ തുടർന്നാണ് സംഘർഷമുണ്ടായതെന്ന് കരേലിബാഗ് പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
വിഷയം കൂടുതൽ വഷളാവുകയും റാവുപുര പ്രദേശത്തിന് സമീപമുള്ള കരേലിബാഗ് പ്രദേശത്ത് രണ്ട് സമുദായങ്ങളിൽ നിന്നുള്ള ആളുകൾ ഒത്തുകൂടി പരസ്പരം കല്ലെറിയുകയും ചെയ്തു.
രണ്ട് ഓട്ടോറിക്ഷകളും നിരവധി ഇരുചക്രവാഹനങ്ങളും ജനക്കൂട്ടം നശിപ്പിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അപകടത്തിനും കലാപത്തിനും യഥാക്രമം റാവുപുര, കരേലിബാഗ് പൊലീസ് സ്റ്റേഷനുകളിൽ രണ്ട് വ്യത്യസ്ത എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ മൊത്തം 22 പേരെ അറസ്റ്റ് ചെയ്തു.
കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, മാരകായുധങ്ങൾ കൈവശം വയ്ക്കൽ, ആരാധനാലയം മലിനമാക്കൽ തുടങ്ങിയ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ എഫ്.ഐ.ആറിൽ ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.