കുടുംബത്തോടൊപ്പം ഇന്ത്യൻ പാർലമെന്റ് മന്ദിരം സന്ദർശിച്ച് മുൻ യു.കെ പ്രധാനമന്ത്രി ഋഷി സുനക്- VIDEO

ന്യൂഡൽഹി: ഭാര്യക്കും കുട്ടികൾക്കുമൊപ്പം ഇന്ത്യൻ പാർലമെന്റ് മന്ദിരം സന്ദർശിച്ച് മുൻ യു.കെ പ്രധാനമന്ത്രി ഋഷി സുനക്. രാജ്യസഭാംഗവും സുനകിന്‍റെ ഭാര്യാമാതാവുമായ സുധമൂർത്തിയും അവർക്കൊപ്പമുണ്ടായിരുന്നു. ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ് സുനകിനെയും കുടുംബത്തെയും സ്വാഗതം ചെയ്തു.

സന്ദർശന വേളയിൽ സുനക് കുടുംബം പാർലമെന്റ് ഹൗസ് സമുച്ചയത്തിന്‍റെ വാസ്തുവിദ്യാ മഹത്വത്തെ അഭിനന്ദിച്ചു. പാർലമെന്റ് ഹൗസ്, ഗാലറികൾ, ഇരുസഭകളുടെയും ചേമ്പറുകൾ, കോൺസ്റ്റിറ്റ്യൂഷൻ ഹാൾ, പഴയ പാർലമെന്റ് മന്ദിരമായ സംവിധാൻ സദൻ എന്നിവയും അവർ സന്ദർശിച്ചു. ഇന്ത്യയിൽ സുനകിന്റെ സമീപകാല പരിപാടികളുടെ ഭാഗമാണ് സന്ദർശനം.

ഫെബ്രുവരി 17 ന് ഡൽഹിയിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും സുനക് കൂടിക്കാഴ്ച നടത്തി. ഇന്ത്യ-യു.കെ ബന്ധം ശക്തിപ്പെടുത്തുന്നതിൽ സുനക് നൽകിയ പിന്തുണയെ അഭിനന്ദിക്കുന്നതായി ജയ്ശങ്കർ എക്സ് പോസ്റ്റിൽ പറഞ്ഞു. ഫെബ്രുവരി 15 ന് കുടുംബം താജ്മഹൽ സന്ദർശിച്ചിരുന്നു.

'ശരിക്കും അതിശയിപ്പിക്കുന്ന ഒരു സന്ദർശനം. ലോകത്തിലെ ചുരുക്കം ചില സ്ഥലങ്ങൾ മാത്രമേ താജ്മഹൽ പോലെയുള്ളൂ. ഞങ്ങളുടെ കുട്ടികൾ ഇത് ഒരിക്കലും മറക്കില്ല. ഊഷ്മളമായ ആതിഥ്യമര്യാദക്ക് ഞങ്ങൾ വളരെ നന്ദിയുള്ളവരാണ്. ഞങ്ങളുടെ മുഴുവൻ കുടുംബത്തിനും മറക്കാനാവാത്ത അനുഭവം. നന്ദി' എന്നാണ് താജ്മഹലിലെ സന്ദർശക പുസ്തകത്തിൽ അദ്ദേഹം എഴുതി.

ഫെബ്രുവരി രണ്ടിന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയുമായ ടി20 മത്സരത്തിനും സുനക് കാണിയായിരുന്നു. തന്റെ ഭാര്യാപിതാവും ഇൻഫോസിസ് സഹസ്ഥാപകനുമായ എൻ.ആർ നാരായണ മൂർത്തിക്കൊപ്പമായിരുന്നു സുനക് എത്തിയത്.

കുടുംബത്തോടൊപ്പം നേരത്തെ ഉത്തർപ്രദേശിലെ ആഗ്രയിലുള്ള ഫത്തേപൂർ സിക്രി സ്മാരകവും സുനക് സന്ദർശിച്ചിരുന്നു. അവരെ കാണാൻ നിരവധി ആളുകളാണ് അവിടെ തടിച്ചുകൂടിയത്. ആളുകളെ സുനക് സ്നേഹപൂർവ്വം കൈവീശി സ്വീകരിക്കുകയും ചെയ്തു.

Tags:    
News Summary - Rishi Sunak visited Parliament House in New Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.