ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ദല്ലുപുരയിൽ യുവാവ് സ്വയം വെടിവെച്ച് മരിച്ചു. പിസ്റ്റൾ നിറക്കുന്നതിന്‍റെ വിഡിയോ പകർത്തുന്നതിനിടെയാണ് 28കാരനായ പവൻ കുമാർ നെഞ്ചിൽ വെടിവെച്ച് ആത്മഹത്യ ചെയ്തത്. ആശുപത്രിയിൽ നിന്ന് ന്യൂ അശോക് നഗർ പൊലീസ് സ്റ്റേഷനിൽ മെഡിക്കോ-ലീഗൽ കേസിനെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടർന്ന് മാർച്ച് 16നാണ് സംഭവം പുറത്തുവന്നത്.
നെഞ്ചിന്റെ ഇടതുവശത്ത് വെടിയേറ്റ നിലയിലായിരുന്നു പവൻ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവം കാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ വിഡിയോ പകർത്തിയ, പവൻ കുമാറിന്‍റെ ബന്ധുവായ ഹിമാൻഷുവിന് പവന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് അറിയില്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോയിൽ, പവൻ ഒരു പിസ്റ്റളിൽ മാഗസിൻ ഇടുന്നത് കാണാം. ഹിമാൻഷു തോക്ക് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതും കേൾക്കാം. നിമിഷങ്ങൾക്ക് ശേഷം, പവൻ തോക്ക് നെഞ്ചിന്റെ ഇടതുവശത്ത് വെച്ച് കാമറയിലേക്ക് നോക്കി പുഞ്ചിരിച്ച ശേഷം ട്രിഗർ വലിക്കുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ തോക്ക് ഹിമാൻഷുവിന്റേതാണെന്ന് കണ്ടെത്തി. വിഡിയോ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് പ്രസക്തമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.