കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ബലാത്സംഗ കൊലപാതക കേസിൽ വിചാരണ കോടതി ശിക്ഷിച്ചതിനെതിരെ പ്രതി സഞ്ജയ് റോയ് സമർപ്പിച്ച അപ്പീൽ സെപ്റ്റംബറിൽ പരിഗണിക്കുമെന്ന് കൽക്കത്ത ഹൈകോടതി.
പ്രതിയുടെ ശിക്ഷ ജീവപര്യന്തം തടവിൽ നിന്ന് വധശിക്ഷയായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ സമർപ്പിച്ച അപ്പീലിനൊപ്പം കുറ്റവിമുക്തനാക്കാനുള്ള സഞ്ജയ് റോയിയുടെ അപേക്ഷയും പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ ദേബാങ്‌സു ബസക്, എം.ഡി. ഷബ്ബാർ റാഷിദി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു.
സാക്ഷി മൊഴിയുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് റോയിയെ കുറ്റക്കാരനാണെന്ന് വിധിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതേസമയം, ഈ പ്രവൃത്തി ഹീനവും അപൂർവങ്ങളിൽ അപൂർവവും വധശിക്ഷ അർഹിക്കുന്നതുമാണെന്ന് സി.ബി.ഐ പറഞ്ഞു.
ആർ.ജി കർ മെഡിക്കൽ കോളജിലെ 31 വയസ്സുള്ള ബിരുദാനന്തര മെഡിക്കൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മുൻ സിവിൽ പൊലീസ് വളണ്ടിയർ ആയിരുന്ന സഞ്ജയ് റോയിയെ 2025 ജനുവരിയിലാണ് സി.ബി.ഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
2024 ആഗസ്റ്റ് ഒമ്പതിനാണ് ഡോക്ടറെ പ്രതി കൊലപ്പെടിത്തുന്നത്. അർദ്ധ നഗ്നമായ നിലയിലായിരുന്നു മൃതദേഹം. പൊലീസ് ആഗസ്റ്റ് 10നാണ് പ്രതി സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്യുന്നത്. ബലാത്സംഗക്കൊല രാജ്യവ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കിടെ ആഗസ്റ്റ് 12ന് ആശുപത്രി പ്രിൻസിപ്പൽ സന്ദീപ് ഘോഷ് രാജിവെച്ചു. ആശുപത്രി സൂപ്രണ്ടിനെയും പശ്ചിമ ബംഗാൾ സർക്കാർ സ്ഥലം മാറ്റി. കൊൽക്കത്ത പൊലീസിലുള്ള അവിശ്വാസം ചൂണ്ടിക്കാട്ടി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഇരയുടെ മാതാപിതാക്കൾ കൽക്കട്ട ഹൈകോടതിയിൽ ഹരജി നൽകി. തുടർന്ന് ഹൈകോടതിയാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.