പരിഷ്കരിച്ച ആദായനികുതി ബിൽ ലോക്സഭ കടന്നു

ന്യൂഡൽഹി: പരിഷ്കരിച്ച പുതിയ ആദായനികുതി ബിൽ- 2025, നികുതി നിയമ (ഭേദഗതി) ബിൽ- 2025 എന്നിവ തിങ്കളാഴ്ച ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് പുതുക്കിയ ബിൽ സഭയിൽ അവതരിപ്പിച്ചത്. പുതുക്കിയ ആദായനികുതി ബിൽ ആദായനികുതിയുമായി ബന്ധപ്പെട്ട നിയമം ക്രോഡീകരിക്കാനും ഭേദഗതി ചെയ്യാനും ലക്ഷ്യമിടുന്നുവെന്നും ഇത് നിലവിലെ നിയമത്തിന് പകരമാകുമെന്നും ബിൽ അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

ഫെബ്രുവരി 13ന് അവതരിപ്പിച്ച ബിൽ കഴിഞ്ഞയാഴ്ച ലോക്സഭയിൽനിന്ന് പിൻവലിച്ചിരുന്നു. പിന്നാലെ, സെലക്ട് കമ്മിറ്റി നിർദേശിച്ച മാറ്റങ്ങൾ ഉൾക്കൊള്ളുന്ന പുതുക്കിയ ബിൽ പുറത്തിറക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂലൈ 21ന് ആണ് ബി.ജെ.പി അംഗം ബൈജയന്ത് പാണ്ഡ അധ്യക്ഷനായ ലോക്സഭ സെലക്ട് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. 4,500 പേജുകളിലായി 285 നിർദേശങ്ങളായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്. നിർദേശങ്ങളിൽ ഏതാണ്ട് എല്ലാ ശിപാർശകളും ഉൾപ്പെടുന്നതാണ് പുതിയ ബിൽ.

1961ലെ ആദായനികുതി നിയമത്തിന് പകരമായി ആദായനികുതിയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഏകീകരിക്കാനും ഭേദഗതി ചെയ്യാനും ലക്ഷ്യമിട്ടുള്ളതാണ് പുതുക്കിയ ആദായനികുതി ബിൽ- 2025. രാജ്യസഭ പാസാക്കുകയും തുടർന്ന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്യുന്നതോടെ ബിൽ നിലവിൽ വരും.

പുതിയ ബില്ലിലെ പ്രധാന മാറ്റങ്ങൾ ഇങ്ങനെ:

  • കടുകട്ടിയെന്ന് വിമർശനമേറ്റുവാങ്ങിയ മുൻ ബില്ലിലെ പദങ്ങളും അധ്യായങ്ങളും ലളിതവും മനസ്സിലാക്കാൻ എളുപ്പമുള്ളതുമായ ഭാഷയിലേക്ക് മാറ്റി.
  • അസസ്‌മെന്റ് വർഷം, മുൻ വർഷം എന്നിങ്ങനെ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രയോഗങ്ങൾക്ക് പകരം മനസ്സിലാക്കാൻ എളുപ്പമുള്ള ‘നികുതി വർഷം’ ഉപയോഗിക്കുന്നു.
  • പുതുക്കിയ ബിൽ അനുസരിച്ച്, യഥാർഥ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള നിയമപരമായ സമയപരിധിക്ക് പുറത്താണ് വരുമാന റിട്ടേൺ സമർപ്പിച്ചതെങ്കിൽ പോലും വ്യക്തികൾക്ക് ടി.ഡി.എസ് റീഫണ്ട് ക്ലെയിം ചെയ്യാൻ അനുവാദമുണ്ടാകും.
  • വിദേശ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ബാങ്ക് വായ്പകളിൽ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽ.ആർ.എസ്) പ്രകാരമുള്ള പണമടവുകൾക്ക് ഉറവിട നികുതി ഈടാക്കില്ല. 
  • സാമ്പത്തിക വർഷത്തിലെ നഷ്ടങ്ങൾ അടുത്തവർഷത്തേക്ക് വകയിരുത്തുന്നതിനും നീക്കിവെക്കുന്നതിനും വ്യക്തമായ വ്യവസ്ഥകൾ, ഗുണഭോക്തൃ ഉടമയെക്കുറിച്ച് പരാമർശം ഒഴിവാക്കി. 
Tags:    
News Summary - Revised Income Tax Bill passed by Lok Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.