അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: ബി.ജെ.പിയുടെ ‘ഓപറേഷൻ ലോട്ടസി’ന് വഴങ്ങി കൂറുമാറിയവർ വഞ്ചകരാണെന്നും സ്ഥാനമാനങ്ങൾ നൽകിയ പാർട്ടിയെ ഒറ്റിക്കൊടുത്തവർക്ക് കാലം മാപ്പുനൽകില്ലെന്നും ആം ആദ്മി പാർട്ടി. ഇ.ഡിയെയും സി.ബി.ഐയെയും ഉപയോഗിച്ച് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചാണ് ബി.ജെ.പി ഈ നീക്കം നടത്തിയത്. പഞ്ചാബിലെ ഭഗവന്ത് മാൻ സർക്കാറിനെ അട്ടിമറിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ഇതിന് അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും ആം ആദ്മി പാർട്ടി രാജ്യസഭ കക്ഷി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.
അശോക് മിത്തലിനെതിരെ രണ്ടുദിവസം മുമ്പ് നടന്ന ഇ.ഡി റെയ്ഡ് വ്യക്തമായ സൂചനയായിരുന്നു. ഭയപ്പെടുത്തിയും ഭരണസംവിധാനം ദുരുപയോഗം ചെയ്തും ജനവിധി അട്ടിമറിക്കാനാണ് നരേന്ദ്ര മോദിയും അമിത് ഷായും ശ്രമിക്കുന്നതെന്നും എം.പിമാരുടെ രാജി പ്രഖ്യാപനത്തിന് പിന്നാലെ നടത്തിയ വാർത്തസമ്മേളനത്തിൽ സഞ്ജയ് സിങ് കുറ്റപ്പെടുത്തി. പാർട്ടി ഇത്രയധികം കാര്യങ്ങൾ ചെയ്തുനൽകിയിട്ടും പഞ്ചാബിലെ ജനങ്ങൾ സ്നേഹത്തോടെ രാജ്യസഭയിലേക്ക് അയച്ചിട്ടും വഞ്ചകർ ബി.ജെ.പിയുടെ മടിയിൽ അഭയംപ്രാപിച്ചു.
കർഷകരെ ദ്രോഹിച്ചവർക്കൊപ്പം കൈകോർത്തവരുടെ പേരുകൾ പഞ്ചാബിലെ ജനങ്ങൾ ഓർത്തുവെക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഘവ് ഛദ്ദയെ പാർട്ടി എം.എൽ.എയും എം.പിയുമാക്കി. പഞ്ചാബിലെ ജനങ്ങൾ വലിയ സ്നേഹമാണ് അദ്ദേഹത്തിന് നൽകിയത്. പാർട്ടി രാജ്യസഭയിലെത്തിച്ച സ്വാതി മലിവാളും അശോക് മിത്തലും ഹർഭജൻ സിങ്ങും സന്ദീപ് പതക്കുമെല്ലാം ജനങ്ങളെ പിന്നിൽനിന്ന് കുത്തിയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി വീണ്ടും പഞ്ചാബുകാരെ വഞ്ചിച്ചിരിക്കുകയാണെന്ന് ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചു.
ബി.ജെ.പി വിരുദ്ധ വോട്ടുകൾ നേടി വിജയിച്ച ശേഷം ആ പാർട്ടിയിൽ ചേരുന്നത് വോട്ടർമാരുടെ വിശ്വാസത്തെയും ജനവിധിയെയും പരസ്യമായി വഞ്ചിക്കലാണെന്നും ബി.ജെ.പിയിൽ ചേരുന്ന ആം ആദ്മി പാർട്ടി രാജ്യസഭ എം.പിമാർ ആദ്യം സ്ഥാനം രാജിവെക്കണമെന്നും സി.പി.ഐ (എം.എൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ പറഞ്ഞു. സ്വന്തം രാഷ്ട്രീയം മാറ്റാൻ ഈ എം.പിമാർക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും തങ്ങളെ തെരഞ്ഞെടുത്ത വോട്ടർമാരെ അപമാനിക്കാൻ അവർക്ക് അവകാശമില്ലെന്നും ദീപാങ്കർ എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.