അദീന മസ്ജിദ്
മാൽദ: പശ്ചിമ ബംഗാളിലെ മാൽദയിൽ സ്ഥിതി ചെയ്യുന്ന 650 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ അദീന മസ്ജിദിന് പുറത്ത് കൂറ്റൻ ശിവലിംഗം സ്ഥാപിക്കാൻ തീവ്ര ഹിന്ദുത്വ സംഘടനയുടെ നീക്കം. 'അദീനാഥ് പുരാതൻ ശിവമന്ദിർ' ഭാരവാഹിയും ബി.ജെ.പി നേതാവുമായ കാജൽ ഗോസ്വാമിയുടെ നേതൃത്വത്തിലാണ് പള്ളിക്ക് സമീപം ശിവലിംഗ പ്രതിഷ്ഠയ്ക്കും പൂജകൾക്കും ആഹ്വാനം ചെയ്തിരിക്കുന്നത്. സംഭവം പ്രദേശത്ത് കടുത്ത വർഗീയ ധ്രുവീകരണത്തിനും സംഘർഷാവസ്ഥയ്ക്കും വഴിതെളിച്ചിരുന്നു. തുടർന്ന്, കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരക പരിസരത്ത് യാതൊരുവിധ മതപരമായ ചടങ്ങുകളും അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
താരകേശ്വരിൽ നിന്ന് എത്തിച്ച 3.6 അടി ഉയരവും 1.5 ടൺ ഭാരവുമുള്ള ശിവലിംഗമാണ് പള്ളിക്ക് തൊട്ടടുത്തായി സ്ഥാപിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. പുരാവസ്തു വകുപ്പിന്റെ സംരക്ഷിത അതിർത്തിക്ക് പുറത്തുള്ള സ്ഥലത്താണ് പ്രതിഷ്ഠയെന്നും ഇതിന് അനുമതിയുണ്ടെന്നുമാണ് സംഘാടകരുടെ അവകാശവാദം. പണ്ട് ഇവിടെയുണ്ടായിരുന്ന 'അദീനാഥ് ശിവക്ഷേത്രം' തകർത്താണ് മസ്ജിദ് നിർമിച്ചതെന്നും, പള്ളിക്കുള്ളിൽ ഹൈന്ദവ-ബുദ്ധമത ചിഹ്നങ്ങൾ ഉണ്ടെന്നും ആരോപിക്കുന്ന സംഘം, സർവേ ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് ക്രമസമാധാന നില ഉറപ്പാക്കുന്നതിന്റെ ഭാഗമായി മാൽദ പോലീസ് ജാഗ്രതാ നിർദേശംശം പുറപ്പെടുവിക്കുകയും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
1373ൽ ബംഗാൾ സുൽത്താനേറ്റിലെ സുൽത്താൻ സിക്കന്ദർ ഷാ നിർമിച്ച അദീന മസ്ജിദ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും വലിയ മധ്യകാല മസ്ജിദുകളിലൊന്നാണ്. എന്നാൽ, കഴിഞ്ഞ കുറച്ചുകാലമായി അയോധ്യ മാതൃകയിൽ ഈ പള്ളിക്കെതിരെയും ബി.ജെ.പി സംഘപരിവാർ നേതാക്കൾ അവകാശവാദങ്ങൾ ഉന്നയിച്ചു വരികയാണ്. 2024 ഫെബ്രുവരിയിൽ ഹിരണ്മയ് ഗോസ്വാമി എന്ന പൂജാരിയുടെ നേതൃത്വത്തിൽ ഒരു സംഘം പള്ളിക്കുള്ളിൽ അതിക്രമിച്ചു കയറി പൂജകൾ നടത്തിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് പുരാവസ്തു വകുപ്പ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. അടുത്തിടെയാണ് പശ്ചിമ ബംഗാൾ ബി.ജെ.പി അധ്യക്ഷൻ സമീക് ഭട്ടാചാര്യ രാജ്യസഭയിലും ബി.ജെ.പി എം.എൽ.എ തരുൺജ്യോതി തിവാരി ഉൾപ്പെടെയുള്ള നേതാക്കളും പള്ളിക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയിരുന്നത്. ബാബരി മസ്ജിദ് കേസിന് സമാനമായ സാഹചര്യമാണ് അദീന മസ്ജിദിലുമുള്ളതെന്നാണ് ബി.ജെ.പി നേതാവ് രാഹുൽ സിൻഹ അവകാശപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പള്ളിക്ക് പുറത്ത് ശിവലിംഗം സ്ഥാപിക്കാനുള്ള പരസ്യ നീക്കവുമായി ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.