ന്യൂഡൽഹി: സി.ജെ.പി പ്രതിനിധികളുമായി വെള്ളിയാഴ്ച നടന്ന ചർച്ചക്കുശേഷം, മോദി സർക്കാർ നേരിട്ട ഏറ്റവും വലിയ തിരിച്ചടികളിലൊന്നായി മാറിയ ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്കെത്തിച്ച സംഭവവികാസങ്ങളിങ്ങനെ:
-ഇൻസ്റ്റാഗ്രാമിൽ ആദ്യമിറക്കിയ സെൽഫി വിഡിയോ ജന്തർ മന്തറിൽ ട്രോളായി മാറുന്നതിനിടയിൽ അതിന്റെ സ്വീകാര്യതക്ക് നന്ദി പറഞ്ഞ് അർധരാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമത്തെ സെൽഫി വീഡിയോ ഇൻസ്റ്റയിൽ ഇറക്കുന്നു.
-സർക്കാറിനെ കൊണ്ടു നടത്താനാണ് ഇൻസ്റ്റയിൽ റീൽ ഇറക്കാനല്ല ജനം തെരഞ്ഞെടുത്തയക്കുന്നതെന്നും റീൽ ഇറക്കുകയാണ് പണിയെങ്കിൽ പ്രധാനമന്ത്രി പദം രാജിവെച്ച് മോദി ഇൻഫ്ലുവൻസറാകുകയാണ് വേണ്ടതെന്നും അഭിജീത് ദിപ്കെ പ്രതികരിക്കുന്നു
-ധർമേന്ദ്ര പ്രധാന്റെ രാജി ഒരു നിലക്കും അംഗീകരിക്കാതിരിക്കാനുള്ള ഉപായങ്ങൾ കേന്ദ്ര സർക്കാർ തേടുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് പ്രധാനെ മറ്റൊരു മന്ത്രാലയത്തിലേക്ക് മാറ്റി രാജി കൊണ്ടുള്ള പരിക്ക് ഒഴിവാക്കാമെന്ന് കണക്കുകൂട്ടി ഈ നിർദേശം സർക്കാർ സമരക്കാർക്ക് മുന്നിൽവെക്കുമെന്ന വാർത്തകൾ വരുന്നു.
-രാവിലെ 11.30ന്, സമരത്തിൽ പരിക്കേറ്റ വിദ്യാർഥികളുമായി 10 ജൻപഥിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം. വിദ്യാർഥികളുടെ മൂന്നാവശ്യങ്ങളും രാജ്യത്തിന്റെ ആവശ്യങ്ങളാണെന്നും അതിലേറ്റവും പ്രധാനം വിദ്യാഭ്യാസ മേഖലയിലെ അഴിമതിയുടെ പ്രതീകമായ പ്രധാന്റെ രാജിയാണെന്നും പറഞ്ഞ രാഹുൽ, വകുപ്പുമാറ്റത്തിനുള്ള നീക്കം പരസ്യമാക്കി അതനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുന്നു.
-ഉച്ചക്ക് രണ്ട് മണിക്ക് മാധ്യമ പ്രവർത്തകർ ഒന്നടങ്കം സി.ജെ.പി - സർക്കാർ മൂന്നാം ഘട്ട ചർച്ച നടക്കുന്ന കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ രണ്ടര മണിക്ക് പ്രധാനമന്ത്രിക്ക് രാജിക്കത്തു കൈമാറിയതായി ധർമേന്ദ്ര പ്രധാൻ സമൂഹ മാധ്യമത്തിലൂടെ അറിയിക്കുന്നു.
-തൊട്ടുപിന്നാലെ സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്കെ രാജി സ്ഥിരീകരിച്ച് ജന്തർ മന്തറിലെ വേദിയിൽ പ്രഖ്യാപിക്കുന്നു. സമരവേദി ആഘോഷത്തിലേക്ക് വഴി മാറുന്നു.
-മൂന്നുമണിക്ക് സി.ജെ.പി നേതാക്കളായ സൗരവ് ദാസും അശുതോഷ് രങ്കയും കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ. കേന്ദ്ര മന്ത്രിമാരായ ജെ.പി നഡ്ഢയും ജിതേന്ദ്ര സിങ്ങും എത്തുന്നു.
-മൂന്നര മണിക്ക് ഇരു കൂട്ടരും തമ്മിൽ മൂന്നാം റൗണ്ട് ചർച്ച തുടങ്ങുന്നു. ചർച്ച നീണ്ടത് അഞ്ച് മണി വരെ.
-അഞ്ച് മണിക്ക് കേന്ദ്ര മന്ത്രിമാരായ ജെ.പി നഡ്ഢയും ജിതേന്ദ്ര പ്രസാദും സി.ജെ.പി നേതാക്കളായ സൗരവ് ദാസും അശതോഷ് റങ്കയും സംയുക്ത വാർത്താ സമ്മേളനം നടത്തുന്നു. രാജിയടക്കം മൂന്ന് ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചുവെന്ന് മന്ത്രിമാരും അത് കണക്കിലെടുത്ത് സമരം പിൻവലിച്ചുവെന്ന് സി.ജെ.പി നേതാക്കളും അറിയിക്കുന്നു
-സമരം ഔദ്യോഗികമായി അവസാനിച്ചതായി സി.ജെ.പി വക്താവ് സൗരവ് ദാസ് പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കുകയും വേദി വിടാൻ പ്രതിഷേധക്കാരോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.