പെരുകുന്ന സൈബർ തട്ടിപ്പുകൾ നിസ്സാരമായി കാണാനാകില്ല: വിവിധ എഫ്.ഐ.ആറുകൾ ഒന്നാക്കണമെന്ന ഹരജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യത്ത് സൈബർ തട്ടിപ്പുകൾ ഉയരുകയാണെന്നും നിസാരവൽകരിക്കാനാകില്ലെന്നും സുപ്രീംകോടതി. സൈബറിടങ്ങളിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്നോ ഒന്നാക്കണമെന്നോ ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് പരമോന്നത കോടതിയുടെ ഉത്തരവ്. കുറ്റകൃത്യത്തിന്റെ സ്വഭാവവും ആഘാതവും കണക്കിലെടുക്കുമ്പോൾ സൈബർ തട്ടിപ്പുകൾ നിസ്സാരമായി കാണാനാകില്ലെന്നും കോടതി പറഞ്ഞു.

ഭരണഘടനയുടെ 32ാം അനുഛേദപ്രകാരമുള്ള സുപ്രീംകോടതിയുടെ പ്രത്യേക അധികാരം സാധാരണ നിയമപരമായ പ്രതിവിധികൾക്ക് ബദലായി ഉപയോഗിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വ്യക്തമായ മൗലികാവകാശ ലംഘനമോ അസാധാരണ സാഹചര്യങ്ങളോ തെളിയിക്കപ്പെടാതെ ഇത്തരത്തിൽ ഹരജികൾ നൽകുന്നത് പ്രോത്സാഹിപ്പിക്കാനാകില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

തന്റെ ഉടമസ്ഥതയിലുള്ള 'എം/എസ് അൽ സെബ മറൈൻ ഓവർസീസ്' എന്ന സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ട് വഴി സൈബർ തട്ടിപ്പ് പണം കൈമാറിയെന്നാരോപിച്ച് ബംഗളൂരു, പൂനെ, റൂർക്കല എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഒന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഋത്വിജ് ഭഗത് സിങ് വാഖറെ നൽകിയ റിട്ട് ഹരജി പരിഗണിക്കുകയായിരുന്നു കോടതി. പൊലീസെന്ന വ്യാജേന ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഇയാളുടെ അക്കൗണ്ടിലേക്ക് തുകയെത്തുകയായിരുന്നു. എന്നാൽ, സംഭവം നടക്കുമ്പോൾ താൻ വിദേശത്ത് മർച്ചന്റ് ഷിപ്പിൽ ജോലി ചെയ്യുകയായിരുന്നുവെന്നും മറ്റ് രണ്ടുപേർ അക്കൗണ്ട് ദുരുപയോഗം ചെയ്തതാണെന്നുമാണ് ഹരജിക്കാരൻ പറഞ്ഞത്.

വ്യത്യസ്ത ഇരകളും സമയങ്ങളും തുകകളും ഉൾപ്പെട്ട കേസുകളിൽ, പണം ഒറ്റ അക്കൗണ്ടിലേക്ക് വന്നു എന്നതുകൊണ്ടുമാത്രം അത് ഒരൊറ്റ സംഭവമായി കണക്കാക്കി എഫ്.ഐ.ആറുകൾ ഒന്നാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഹരജി തള്ളിയ കോടതി, ആവശ്യമെങ്കിൽ ഭരണഘടനയുടെ 226-ാം അനുഛേദപ്രകാരമോ സി.ആർ.പി.സി 482 പ്രകാരമോ ഹൈക്കോടതികളെയോ മറ്റ് നിയമവേദികളെയോ സമീപിക്കാൻ ഹരജിക്കാരന് അനുമതി നൽകി.

Tags:    
News Summary - Increasing cyber frauds cannot be taken lightly: Supreme Court rejects plea to merge various FIRs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.