ധർമേന്ദ്ര പ്രധാൻ
ന്യൂഡൽഹി: രാജ്യവ്യാപകമായി സി.ജെ.പി പ്രതിഷേധങ്ങളിൽ രാജിവെച്ചതിനുപിന്നാലെ എക്സ് പ്രൊഫൈൽ തിരുത്തി ധർമേന്ദ്ര പ്രധാൻ. എക്സ് മാധ്യമത്തിലെ ബയോയിൽനിന്ന് 'കേന്ദ്ര വിദ്യാഭ്യാസ മന്ത്രി' എന്നത് ഒഴിവാക്കി 'സംഭൽപുർ എം.പി' എന്നാക്കി തിരുത്തിയിട്ടുണ്ട്. താഴെത്തന്നെ 'ബി.ജെ.പി പ്രവർത്തകൻ' എന്നും കാണാം. ഒട്ടേറെ അടിച്ചമർത്തലുകൾക്കും അക്രമങ്ങൾക്കും ശേഷവും നിലപാടിലുറച്ച് ഡൽഹിയിൽ തുടർന്നിരുന്ന സി.ജെ.പി പ്രവർത്തകരുടെ സമരത്തിനൊടുവിൽ ഗത്യന്തരമില്ലാതെയാണ് പ്രധാൻ രാജി സമർപ്പിച്ചത്.
നീറ്റ്-യുജി പരീക്ഷയിലെ ക്രമക്കേടുകളുകളിൽ താൻ ഒരിക്കലും ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറിയിരുന്നില്ലെന്നും വിദ്യാർഥികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ 'ദേശവിരുദ്ധ ശക്തികളെ' അനുവദിക്കാതിരിക്കാനും ഇത്തരമൊരു രാജിയെന്നും അദ്ദേഹം രാജിക്കത്തിൽ പ്രസ്താവിച്ചു. സാഹചര്യം മോശമാകാതിരിക്കാനാണ് താൻ രാജിവെക്കുന്നതെന്നും ഒരു വിദ്യാർഥിയും പരീക്ഷാ മാഫിയകൾ കാരണം ബുദ്ധിമുട്ടാൻ പാടില്ലെന്നും രാജിക്കത്തിൽ പരാമർശിച്ചിരുന്നു.
അതേസമയം, ജന്തർമന്തറിലെ സമരം അവസാനിപ്പിച്ചതായി സി.ജെ.പി അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങൾ പൂർണമായും സർക്കാർ അംഗീകരിച്ചതിനെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് സി.ജെ.പി നേതാക്കൾ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. സർക്കാറുമായി നടത്തിയ മൂന്നാം ഘട്ട ചർച്ചകൾക്ക് ശേഷമാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെയാണ് സർക്കാറുമായി സി.ജെ.പി നേതാക്കൾ നിർണായക ചർച്ചകൾ നടത്തിയത്. കേന്ദ്ര മന്ത്രിമാരായ ജെ.പി നദ്ദ, ജിതേന്ദ്ര സിങ് എന്നിവരുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.