ന്യൂഡൽഹി: രാജ്യത്ത് ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം ട്രെയിൻ കമ്പാർട്ടുമെന്റ് പോലെയായി മാറിയിരിക്കുന്നുവെന്ന് സുപ്രീംകോടതി. ട്രെയിൻ കമ്പാർട്ടുമെന്റിൽ കയറുന്ന ആളുകൾ മറ്റുള്ളവരെ അകത്തേക്ക് കയറ്റാൻ ആഗ്രഹിക്കുന്നില്ലെന്നും മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളിൽ ഒ.ബി.സി സംവരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.
രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ആളുകൾ സമൂഹത്തിലുണ്ട്. അവർക്ക് എന്തുകൊണ്ട് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നില്ല. കുറച്ച് വിഭാഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും മാത്രമാണ് ആനുകൂല്യം ലഭിക്കുന്നത്. സംവരണത്തിന്റെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങൾ കൂടുതൽ വിഭാഗങ്ങളെ തിരിച്ചറിയാൻ ബാധ്യസ്ഥരാണെന്നും നിരീക്ഷിച്ചു.
മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒ.ബി.സി ക്വോട്ട സംബന്ധിച്ച നിയമയുദ്ധം നടക്കുന്നതിനാൽ തെരഞ്ഞെടുപ്പ് അനന്തമായി നീണ്ടുപോകുകയാണ്. 2016-17 വർഷത്തിലാണ് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. ഒ.ബി.സി വിഭാഗത്തിന് 27 ശതമാനം സംവരണം ഉറപ്പാക്കി മഹാരാഷ്ട്ര സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് 2021ൽ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
ഇതേത്തുടർന്ന് വിഷയം പഠിക്കാൻ നിയോഗിക്കപ്പെട്ട ജെ.കെ. ബാന്തിയ കമീഷൻ സമർപ്പിച്ച റിപ്പോർട്ടും അതിലെ ശിപാർശകളും നീണ്ട നിയമയുദ്ധത്തിലേക്ക് നയിച്ചതുമൂലമാണ് 2022ൽ നടക്കേണ്ട പ്രാദേശിക തെരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് നീളാനും കാരണമായത്. ഒ.ബി.സി സംവരണ വിഷയം മൂലം കേസുകൾ ഇനിയും നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നു വ്യക്തമാക്കിയ കോടതി നാലാഴ്ചക്കകം തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കാൻ തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.