തബസും മാധ്യമങ്ങളോട് സംഭവം വിവരിക്കുന്നു

'ഇത് ധരിച്ച് നിങ്ങളെ അകത്തേക്ക് വിടില്ല'; ഡൽഹിയിലെ സർക്കാർ ആശുപത്രിയിൽ ബുർഖ ധരിച്ചെത്തിയ യുവതിക്ക് പ്രവേശനം നിഷേധിച്ചതായി പരാതി

ന്യൂഡൽഹി: തലസ്ഥാനത്തെ സർക്കാർ ആശുപത്രിയിൽ ബുർഖ ധരിച്ചെത്തിയ മുസ്‌ലിം യുവതിക്ക് പ്രവേശനം നിഷേധിച്ചതായി പരാതി. ഗേറ്റ് പാസുണ്ടായിട്ടും തടഞ്ഞുവെന്നും അകത്തേക്ക് പോകണമെങ്കിൽ ബുർഖ അഴിച്ചുവെക്കണമെന്ന് സുരക്ഷ ജീവനക്കാർ പറഞ്ഞതായും പരാതിക്കാരിയായ ഡൽഹി സ്വദേശിനി തബസ്സും പറഞ്ഞു.

ഡൽഹിയിലെ ഗുരു തേജ് ബഹാദൂർ സർക്കാർ ആശുപത്രിയിൽ പ്രസവിച്ചു കിടക്കുന്ന സഹോദര ഭാര്യയെ കാണാനെത്തിയപ്പോഴായിരുന്നു സംഭവം. വനിതാ സുരക്ഷാ ജീവനക്കാരാണ് വസ്ത്രംധാരണം കണ്ട് തന്നെ തടഞ്ഞതെന്ന് തബസ്സും ആരോപിച്ചു.

'എന്റെ കൈയിൽ പാസുണ്ടായിരുന്നു. പക്ഷേ എന്നെ രണ്ട് വനിതാ സുരക്ഷാ ജീവനക്കാർ തടഞ്ഞു. ഇത് ധരിച്ച് നിങ്ങൾക്ക് അകത്തേക്ക് പോകാൻ കഴിയില്ല എന്ന് പറഞ്ഞു. ആശുപത്രിയിൽ ബുർഖ അനുവദിനീയമല്ലെന്നും വനിതാ വാർഡിൽ പോലും പോകാനാവില്ലെന്നും അവർ പറഞ്ഞു. എന്ത് നിയമപ്രകാരമാണ് അതെന്ന് ഞാൻ ചോദിച്ചെങ്കിലും വിശദീകരിക്കാൻ അവർ തയാറായില്ല'- തബസും പറയുന്നു.

രാജ്യത്ത് ഇത്തരം സംഭവങ്ങൾ എല്ലാ ദിവസവും നടക്കുന്നുണ്ടെന്നും സാധാരണയായി മാറിയെന്നും ജാമിഅ മില്ലിയ യൂണിവേഴ്സിറ്റിയിലെ സോഷ്യോളജിസ്റ്റ് പ്രൊഫ. ഇർഫാൻ അഹമ്മദ് പ്രതികരിച്ചു.

'ആദ്യം സ്കൂളുകളും കോളേജുകളും ആയിരുന്നു, ഇപ്പോൾ ആശുപത്രികളും പോലും? ഇത്തരം പ്രവൃത്തികൾ ന്യൂനപക്ഷങ്ങളെ അത്യാവശ്യ പൊതു ഇടങ്ങളിൽ പോലും അരക്ഷിതാവസ്ഥയിലാക്കുന്നു. ഇത് അസ്വീകാര്യമാണ്'- അദ്ദേഹം പറഞ്ഞു. 


Tags:    
News Summary - Remove your burqa, then enter: Delhi’s Guru Teg Bahadur hospital staff to woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.