ബീഡ് (മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഹയർസെക്കൻഡറി പരീക്ഷ സെന്ററിൽ സ്കൂൾ അധികൃതരുടെ സഹായത്തോടെ നടത്തിയ കൂട്ട കോപ്പിയടി ഡ്രോൺ കാമറ വഴി പിടികൂടി. സംഭവത്തെ തുടർന്ന് ബീഡ് ജില്ല കലക്ടറുടെ നിർദേശത്തെ തുടർന്ന് ചൗസാല പരീക്ഷ കേന്ദ്രത്തിൽ 17 അധ്യാപകർക്കെതിരെയാണ് കേസെടുത്തത്. മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് ഓഫ് സെക്കൻഡറി ആൻഡ് ഹയർസെക്കൻഡറി എജുക്കേഷൻ നടത്തിയ 12ാം ക്ലാസ് പരീക്ഷയുടെ ആദ്യ ദിവസമായ ചൊവ്വാഴ്ചയാണ് ചൗസാല പരീക്ഷ കേന്ദ്രത്തിൽ കൂട്ട കോപ്പിയടി നടന്നത്.
സമീപ ജില്ലയായ ഛത്രപതി സംബാജിനഗറിൽ ചൊവ്വാഴ്ച ഇംഗ്ലീഷ് പരീക്ഷയിലും കൂട്ട കോപ്പിയടി നടന്നിരുന്നു. ഇതിൽ 23 പേർക്കെതിരെ കേസെടുക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ് ബീഡ് കലക്ടർ വിവേക് ജാൺസന്റെ ഡ്രോൺ നേതൃത്വത്തിൽ ഓപറേഷൻ നടത്തിയത്.
കോപ്പിയടി തടയുന്നതിൽ പരാജയപ്പെട്ടുവെന്നത് മാത്രമല്ല, പരസ്യമായി കോപ്പിയടിക്കാൻ വിദ്യാർഥികളെ സഹായിക്കുകയും ചെയ്തുവെന്നാണ് പരീക്ഷ ഹാളുകളിലെ സൂപ്പർവൈസർമാർക്കെതിരായ കേസ്. ജില്ലയിലെ മറ്റൊരു പരീക്ഷ കേന്ദ്രത്തിൽ മാതാപിതാക്കൾ വിദ്യാർഥികളെ കോപ്പിയടിക്കാൻ സഹായിക്കുന്നതിന്റെ ദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.