ബജറ്റ് ചർച്ചക്കായി പാർലമെന്റിലെത്തുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ചൈന സംഘർഷം മുതൽ യു.എസ് വ്യാപാര കരാർ വരെ, മോദി സർക്കാറിന്റെ ഇരട്ടത്താപ്പിനെ ബജറ്റ് ചർച്ചയിൽ പാർലമെന്റിൽ കുടഞ്ഞെറിഞ്ഞ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ എങ്ങനെയും പൂട്ടാൻ പുതിയ അടവുമായി ബി.ജെ.പി. രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദാക്കുന്നതിനുള്ള നീക്കത്തിനാണ് വ്യാഴാഴ്ച ഭരണപക്ഷം തുടക്കമിട്ടത്.
ലോക്സഭാംഗത്വം റദ്ദാക്കുന്നതിനും ഭാവിയിൽ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് വിലക്കുന്നതിനും ബി.ജെ.പി നേതാവ് നിഷികാന്ത് ദുബെ സ്വതന്ത്ര പ്രമേയത്തിന് (സബ്സ്റ്റാന്റിവ് മോഷൻ) നോട്ടീസ് നൽകി. രാഹുലിനെ സംസാരിക്കാൻ അനുവദിക്കാത്ത ലോക്സഭാ സ്പീക്കർ ഓം ബിർളയെ തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്യാനുള്ള പ്രമേയത്തിന് 118 പ്രതിപക്ഷ എം.പിമാർ നോട്ടീസ് നൽകിയതിനുള്ള പ്രതികാര നടപടിയെന്ന നിലക്കുകൂടിയാണിത്.
ഫോഡ് ഫൗണ്ടേഷൻ, സോറോസ് ഫൗണ്ടേഷൻ, യു.എസ് എയ്ഡ് എന്നിവയുമായി ചേർന്ന് തായ്ലൻഡ്, വിയറ്റ്നാം, കംബോഡിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച് ഇന്ത്യ വിരുദ്ധ ശക്തികളുമായി ഗൂഢാലോചന നടത്തുന്നുവെന്നാണ് നോട്ടീസിൽ താൻ ബോധിപ്പിച്ചിട്ടുള്ളതെന്നും ദുബെ പറഞ്ഞു.
ദുബെ പതിവായി സഭക്ക് അകത്തും പുറത്തും രാഹുലിനെതിരെ പതിവായി ഉന്നയിക്കുന്ന ആരോപണങ്ങളാണിത്. രാഹുലിന്റെ പ്രസംഗം സഭയിൽ തടസ്സപ്പെടുത്താറുള്ള നിഷികാന്ത് ദുബെ, ‘വസ്തുതകൾ വളച്ചൊടിച്ച്’ രാജ്യത്തിന്റെ അഭിമാനം ക്ഷതപ്പെടുത്തിയെന്നാരോപിച്ച് രാഹുൽ ഗാന്ധിക്കെതിരെ കഴിഞ്ഞ വർഷം അവകാശ ലംഘന നോട്ടീസും നൽകിയിരുന്നു.
നിഷികാന്ത് ദുബെയുടെ നോട്ടീസിന് പുറമെ ബി.ജെ.പി എം.പി സഞ്ജയ് ജയ്സ്വാൾ രാഹുലിന്റെ പ്രസംഗത്തിലെ പ്രസക്തമായ വാക്കുകൾ നീക്കം ചെയ്യാനും സ്പീക്കർക്ക് നോട്ടീസ് നൽകിയിരുന്നു.
ഒരു പ്രത്യേക വിഷയത്തിൽ വ്യക്തമായ തീരുമാനത്തിനായി ഒരംഗം സഭക്ക് മുമ്പാകെ വെക്കുന്ന സ്വതന്ത്ര നിർദേശമാണ് സ്വതന്ത്ര പ്രമേയം അഥവാ സബ്സ്റ്റാന്റിവ് മോഷൻ. സ്വതന്ത്രമായ ഈ പാർലമെന്ററി നടപടിയിലൂടെ സഭയുടെ അഭിപ്രായവും തീരുമാനവുമറിയാനായി ചർച്ചയും വോട്ടിങ്ങും നടക്കും. സ്പീക്കറുടെ അനുമതിയില്ലാതെ പ്രമേയ നോട്ടീസ് സഭ പരിഗണിക്കില്ല. നോട്ടീസ് തള്ളാനും കൊള്ളാനുമുള്ള അധികാരം സ്പീക്കർക്കുണ്ട്.
സ്വീകരിച്ചു കഴിഞ്ഞാൽ നോട്ടീസിലുന്നയിച്ച വിഷയം സഭ ചർച്ച ചെയ്യണം. പ്രത്യേക സാഹചര്യങ്ങളിൽ വിഷയം പഠിക്കാൻ സമിതിയെ വെക്കുകയുമാകാം. രാഹുൽ ഗാന്ധിക്കെതിരെ താൻ നൽകിയത് അവകാശ ലംഘന പ്രമേയത്തിനുള്ളതല്ലെന്നും സ്വതന്ത്ര പ്രമേയത്തിനുള്ള നോട്ടീസ് ആണെന്നും ദുബെ വ്യക്തത വരുത്തി. ഇതിലൂടെ രാഹുലിനെ കേന്ദ്ര സ്ഥാനത്ത് നിർത്തി പാർലമെന്റിൽ ചർച്ച നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.