salt
ന്യൂഡൽഹി: ഹൈപ്പർ ടെൻഷൻ, സ്ട്രോക്ക്, ഹൃദ്രോഗം, വൃക്കരോഗം ഇതൊക്കെ കുറഞ്ഞ ചെലവിൽ ക്ഷണിച്ചുവരുത്തുകയാണോ നമ്മൾ, ഇന്ത്യക്കാർ ഇങ്ങനെ ഉപ്പുവാരിത്തിന്നിട്ട്! ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ ദേശീയ എപ്പിഡെമോളജി ഇൻസ്റ്റിറ്യുട്ട് നടത്തിയ പഠനമനുസരിച്ച് ഏറ്റവും കുടുതൽ ഉപ്പ് കഴിക്കുന്നത് ഇന്ത്യക്കാരാണത്രെ. ഇങ്ങനെ ഉപ്പുവാരിക്കഴിക്കുന്നതുകൊണ്ടുള്ള റിസ്ക് കുറച്ചൊന്നുമല്ല, ഹൈപ്പർ ടെൻഷൻ, സ്ട്രോക്, ഹൃദ്രോഗം, വൃക്കരോഗം ഇതൊക്കെ ക്ഷണിച്ചുവരുത്തുകയാണത്രെ നമ്മൾ.
ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത് ഒരാൾ ഒരു ദിവസം അഞ്ച് ഗ്രാമിൽ താഴെ ഉപ്പ് മാത്രമേ കഴിക്കാവൂ എന്നാണ്. എന്നാൽ ഇന്ത്യയിലെ നഗരവാസികൾ കഴിക്കുന്നത് ശരാശരി 9.2 ഗ്രാം ഉപ്പാണ് എന്ന് പഠനം പറയുന്നു. ഗ്രാമീണരും ലോകാരോഗ്യ സംഘടനയുടെ കണക്കിന് പുറത്താണ്; 5.6 ഗ്രാം ആണ് ഒരാൾ ശരാശരി കഴിക്കുന്നത്.
എന്നാൽ സോഡിയം കുറഞ്ഞ ഉപ്പാണ് കഴിക്കുന്നതെങ്കിൽ ഇതുമൂലമുള്ള റിസ്ക് കുറയ്ക്കാൻ കഴിയുമെന്ന് ദേശീയ എപ്പിഡെമോളജി ഇൻസ്റ്റിറ്യുട്ടിലെ സീനിയർ സയന്റിസ്റ്റ് ഡോ. ശരൺ മുരളി പറയുന്നു. സോഡിയം ക്ലോറൈഡിന് പകരം പൊട്ടാസ്യം സാൾട്ടോ, മഗ്നീഷ്യം സാൾട്ടോ ഉപയോഗിക്കാം. സോഡിയത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിലൂടെ ബ്ലഡ് പ്രഷർ കൂടുന്നത് നിയന്ത്രിക്കാനാവും. ഹൃദ്രോഗത്തിലേക്കുള്ള പോക്കും തടയാനാകുമെന്ന് ഡോ. മുരളി പറയുന്നു. സോഡിയത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിലൂടെ രക്തസമ്മർദ്ദം നന്നായി കുറയ്ക്കാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു.
ജനങ്ങളെ അമിത ഉപ്പിന്റെ ഉപഭോഗം മൂലമുണ്ടാകുന്ന രോഗാവസ്ഥകളെക്കുറിച്ച് ബോധവാൻമാരാക്കാനായി ഉപ്പ് കുറയ്ക്കൽ പ്രചാരണം നടത്താനുള്ള നീക്കത്തിലാണിവർ. ദേശീയ എപ്പിഡെമോളജി ഇൻസ്റ്റിറ്യുട്ടിന്റെ നേതൃത്വത്തിൽ പഞ്ചാബിലും തെലങ്കാനയിലും അടുത്ത മൂന്നുവർഷം നീണ്ടുനിൽക്കുന്ന കാമ്പയിൻ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ എജുക്കേഷനുമായി സഹകരിച്ച് നടത്തും. ഹെൽത്ത് വർക്കർമാരുടെയും വെൽനെസ് സെന്ററുകളുടെയും സഹായം ഇതിനായി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.