അസ്സമിൽ തടവിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശി ഹിന്ദു യുവതിക്ക് ഇന്ത്യൻ പൗരത്വം
സിൽചാർ (അസം): വിദേശിയായി പ്രഖ്യാപിക്കപ്പെട്ട് രണ്ട് വർഷത്തോളം തടവിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശി ഹിന്ദു യുവതിക്ക് പൗരത്വ ഭേദഗതി നിയമപ്രകാരം (സി.എ.എ) ഇന്ത്യൻ പൗരത്വം ലഭിച്ചു. അസ്സമിലെ കാച്ചാർ ജില്ലയിലെ ഹവായിതാങ്ങിൽ താമസിച്ചിരുന്ന ദീപാലി ദാസിനാണ് (59) പൗരത്വം ലഭിച്ചത്. അസ്സമിൽ വിദേശിയായി പ്രഖ്യാപിക്കപ്പെട്ട് തടവിൽ കഴിഞ്ഞ ശേഷം സി.എ.എ വഴി പൗരത്വം നേടുന്ന ആദ്യ തടവുകാരിയാണ് ഇവർ.
2019 ഫെബ്രുവരിയിലാണ് ഫോറിനേഴ്സ് ട്രിബ്യൂണൽ ദീപാലിയെ അനധികൃത കുടിയേറ്റക്കാരിയായി പ്രഖ്യാപിച്ചത്. തുടർന്ന് മേയ് മാസത്തിൽ ഇവരെ സിൽചാർ സെൻട്രൽ ജയിലിലേക്ക് മാറ്റി. സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടർന്ന് 2021 മേയ് മാസത്തിലാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. ബംഗ്ലാദേശിലെ സിൽഹെറ്റ് ജില്ലയിൽ ജനിച്ച ദീപാലി, 1988ലാണ് ഭർത്താവിനൊപ്പം അതിർത്തി കടന്ന് ഇന്ത്യയിലെത്തിയത്.
സാധാരണയായി സി.എ.എ വഴി പൗരത്വത്തിന് അപേക്ഷിക്കുന്നവർ ബംഗ്ലാദേശിൽ നിന്നോ പാക്കിസ്താനിൽ നിന്നോ വന്നവരാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്നതിൽ പരാജയപ്പെടാറുണ്ട്. എന്നാൽ ദീപാലിയുടെ കേസിൽ, 2013ൽ പൊലീസ് സമർപ്പിച്ച കുറ്റപത്രം നിർണായകമായി. ദീപാലി ബംഗ്ലാദേശിൽ നിന്നുള്ള പൗരയാണെന്ന് പൊലീസ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരുന്നു. അധികൃതർ ഈ രേഖ സാധുവായ തെളിവായി സ്വീകരിച്ചതോടെയാണ് പൗരത്വത്തിലേക്കുള്ള വഴി തെളിഞ്ഞതെന്ന് ദീപാലിയുടെ അഭിഭാഷകൻ ധർമാനന്ദ ദേബ് പറഞ്ഞു.
ഫീൽഡ് വെരിഫിക്കേഷന് ശേഷം മാർച്ച് 6നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദീപാലിക്ക് പൗരത്വ സർട്ടിഫിക്കറ്റ് അനുവദിച്ചത്. ഇന്ത്യയിൽ ജനിച്ച ദീപാലിയുടെ നാല് മക്കൾക്കും അമ്മയുടെ പൗരത്വ സർട്ടിഫിക്കറ്റ് ഇനി വലിയൊരു സംരക്ഷണമാകും. 1971 മാർച്ച് 25-നും 2014 ഡിസംബർ 31-നും ഇടയിൽ ബംഗ്ലാദേശ്, പാക്കിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈന, പാഴ്സി വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്നതാണ് പൗരത്വ ഭേദഗതി നിയമം.ദീപാലിക്ക് മുൻപ് അസ്സമിൽ താമസിക്കുന്ന മറ്റു നാല് ബംഗ്ലാദേശി പൗരന്മാർക്കും സി.എ.എ പ്രകാരം പൗരത്വം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.