ബംഗളൂരു: വോട്ടർപട്ടിക ക്രമക്കേട് സംബന്ധിച്ച് കർണാടകയിൽനിന്ന് ലഭിച്ച ഡേറ്റ തെരഞ്ഞെടുപ്പ് കമീഷന്റെ കുറ്റകൃത്യത്തിന് തെളിവാണെന്നും കഴിഞ്ഞ 10 വർഷത്തെ ഡിജിറ്റൽ വോട്ടർ ഡേറ്റയും പോളിങ് ബൂത്തുകളിലെ വിഡിയോ തെളിവുകളും കൈമാറാൻ കമീഷൻ തയാറാവണമെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അതിന് തയാറാവുന്നില്ലെങ്കിൽ, തെരഞ്ഞെടുപ്പ് കമീഷൻ ചിലത് മറച്ചുവെക്കുകയും വോട്ടുമോഷണത്തിനായി ബി.ജെ.പിയെ സഹായിക്കുകയുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെള്ളിയാഴ്ച ബംഗളൂരു ഫ്രീഡം പാർക്കിൽ കോൺഗ്രസ് സംഘടിപ്പിച്ച ‘വോട്ട് അധികാർ റാലി’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടു തട്ടിപ്പിനെക്കുറിച്ച് കർണാടക സർക്കാർ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ ഞെട്ടിച്ച വോട്ടർ പട്ടിക ക്രമക്കേട് സംബന്ധിച്ച വെളിപ്പെടുത്തലിന് പിന്നാലെ നടന്ന പരിപാടിയിലും തെരഞ്ഞെടുപ്പ് കമീഷനെതിരായ ഗുരുതര ആരോപണങ്ങൾ മൂർച്ചയേറിയ ഭാഷയിൽ രാഹുൽ ആവർത്തിച്ചു. ‘ഭരണഘടനയെ ആക്രമിച്ചുകൊണ്ട് ഓടിയൊളിക്കാമെന്ന് നിങ്ങൾ കരുതേണ്ട. നന്നായി ഒന്നുകൂടെ ചിന്തിച്ചോളൂ. സമയമെടുത്താലും നിങ്ങളെ ഞങ്ങൾ പിടികൂടിയിരിക്കും. നിങ്ങൾ ഭരണഘടനയെ ലക്ഷ്യമിട്ടാൽ നിങ്ങളെ ഞങ്ങൾ ലക്ഷ്യമിടും. 25 സീറ്റിന്റെയും 34,000 വോട്ടിന്റെയും ബലത്തിലാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായത്.
തെരഞ്ഞെടുപ്പ് കമീഷനിൽനിന്നുള്ള ഡേറ്റ ലഭിച്ചാൽ, മോദി പ്രധാനമന്ത്രിയായത് കള്ളവോട്ടിലൂടെയാണെന്ന് ഞങ്ങൾ തെളിയിക്കും. കർണാടകയിൽനിന്ന് ഞങ്ങൾ വെളിപ്പെടുത്തിയ ഡേറ്റ കുറ്റകൃത്യത്തിനുള്ള തെളിവാണ്. ഒറ്റ സീറ്റിലെ ക്രമക്കേടിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ഞങ്ങൾക്ക് ആറുമാസം വേണ്ടിവന്നു. കഴിഞ്ഞ 10 വർഷത്തിനിടയിലെ രാജ്യത്തെ ഡിജിറ്റൽ വോട്ടർ ഡേറ്റ കൈമാറാൻ കമീഷൻ തയാറാവണം. കർണാടകയിലെ ഒറ്റ സീറ്റിലെ മാത്രമല്ല, രാജ്യത്തെ മുഴുവൻ വോട്ട് ക്രമക്കേടിന്റെയും തെളിവുകൾ ഞങ്ങൾ പുറത്തുകൊണ്ടുവരും. സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ട തെരഞ്ഞെടുപ്പ് കമീഷന്, താൻ ഭരണഘടനകൊണ്ട് പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നും രാഹുൽ മറുപടിയായി നൽകി.
ഒരു കൈയിൽ ഭരണഘടന ഉയർത്തിപ്പിടിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. ഭരണഘടനയെ സംരക്ഷിക്കാനാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയുടെയും നെഹ്റുവിന്റെയും അംബേദ്കറിന്റെയും മാത്രമല്ല, ബസവണ്ണയുടെയും ഫുലെയുടെയും നാരായണഗുരുവിന്റെയും ചിന്തകളടങ്ങിയതാണ് നമ്മുടെ ഭരണഘടന. ഒരാൾക്ക് ഒരു വോട്ട് എന്നതാണ് ഭരണഘടനയുടെ അടിസ്ഥാനം.
എല്ലാ പൗരന്മാർക്കും ഒരു വോട്ടുചെയ്യാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ ഭരണഘടനയെ ആക്രമിക്കാനാണ് ശ്രമിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് വന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാത്ത ഒരുകോടിയിലേറെ വോട്ടർമാരാണ് നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്തത്. ഇൻഡ്യ സഖ്യത്തിന്റെ വോട്ടുവിഹിതം കുറഞ്ഞിട്ടില്ല. എന്നാൽ, പുതുതായി ചേർക്കപ്പെട്ടവർ ബി.ജെ.പിക്ക് വോട്ടുചെയ്തു. അപ്പോഴാണ് ചില ക്രമക്കേടുകൾ നടന്നതായി തിരിച്ചറിഞ്ഞതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
തെരഞ്ഞെടുപ്പുകൾ വരികയും പോവുകയും ചെയ്യുമെന്നും എന്നാൽ, തെരഞ്ഞെടുപ്പ് സംവിധാനത്തെ നമ്മൾ സംരക്ഷിക്കേണ്ടതുണ്ടെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, രൺദീപ്സിങ് സുർജെവാല തുടങ്ങിയവരും റാലിയിൽ പങ്കെടുത്തു.
ന്യൂഡൽഹി: വോട്ടുകൊള്ളക്കും വോട്ടർപട്ടിക തട്ടിപ്പിനുമെതിരെ രാജ്യവ്യാപകമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാൻ തീരുമാനിച്ച കോൺഗ്രസ് ഇതിനായി പാർട്ടിയുടെയും പോഷക സംഘടനകളുടെയും നേതൃയോഗം വിളിച്ചു. 11ന് വൈകീട്ട് 4.30ന് 24 അക്ബർ റോഡിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം ഇതിനായുള്ള കർമപരിപാടികൾ ആസൂത്രണം ചെയ്യും.
എ.ഐ.സി.സി ജനറൽ സെക്രട്ടറിമാർ, ഇൻ ചാർജുമാർ, പോഷക സംഘടനാ നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ഇന്ന് പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾ പാർട്ടിയുടെ സംസ്ഥാന ആസ്ഥാനങ്ങളിൽ രാഹുൽ ഗാന്ധിയുടെ വാർത്തസമ്മേളനം പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.