ന്യൂഡൽഹി: പ്രതിപക്ഷനിരയിലെ പ്രമുഖ കക്ഷികളെ പിളർത്തി പാർലമെന്റിൽ മൂന്നിൽരണ്ട് ഭൂരിപക്ഷം തികക്കാൻ ഊർജിതനീക്കവുമായി ബി.ജെ.പി. പ്രതിപക്ഷനിരയിലെ ആഭ്യന്തര കലഹങ്ങളും കൂറുമാറ്റങ്ങളും ഉപയോഗപ്പെടുത്തിയാണ് എൻ.ഡി.എ സഖ്യത്തിന്റെ വിപുലീകരണനീക്കം. പാർലമെന്റിൽ ഭരണഘടന ഭേദഗതികൾ പാസാക്കാൻ ആവശ്യമായ മൂന്നിൽരണ്ട് ഭൂരിപക്ഷം ഭരണമുന്നണി ലക്ഷ്യമിടുന്നു. മണ്ഡല പുനർനിർണയം, വനിത സംവരണം തുടങ്ങിയ നിർണായക ബില്ലുകൾ നടപ്പിലാക്കാൻ ഇത് അനിവാര്യമാണ്.
2024-ലെ പൊതുതെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തമിഴ്‌നാട് എന്നീ വലിയ സംസ്ഥാനങ്ങളിൽ കനത്ത തിരിച്ചടി നേരിട്ട ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം നഷ്ടപ്പെടുകയും എൻ.ഡി.എ സഖ്യത്തിന്റെ സീറ്റ് നില 293 ലേക്ക് ചുരുങ്ങുകയും ചെയ്തിരുന്നു. എന്നാൽ, അടുത്തിടെ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ പ്രതിപക്ഷ സഖ്യത്തിനുമേൽ മേധാവിത്വം സ്ഥാപിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ബി.ജെ.പി.
പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ (ടി.എം.സി) പിളർത്തിയതിനു പിന്നാലെ ഉത്തർപ്രദേശിലും തമിഴ്‌നാട്ടിലും കണ്ണ് വെച്ചിട്ടുണ്ട്. ബംഗാളിൽ തൃണമൂലിലെ 20 വിമത എം.പിമാർ എൻ.സി.പി.ഐയുമായി (നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ) ലയിക്കാൻ ഒരുങ്ങുകയാണ്. വിമത വിഭാഗത്തിന്റെ പ്രധാന നേതാവായ കകോലി ഘോഷ് ദസ്തിദാർ, തങ്ങൾ പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എൻ.ഡി.എ സർക്കാരിനും പിന്തുണ നൽകുമെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യു.ബി.ടി) എം.പിമാരെ വിലക്കുവാങ്ങാൻ 50 കോടി രൂപയാണ് വാഗ്ദാനം ചെയ്തതെന്ന് പാർട്ടി നേതാവ് സഞ്ജയ് റാവത്ത് ആരോപിക്കുന്നു. ഇതിൽ 15 കോടി രൂപ മുൻകൂറായി നൽകിയതായാണ് വിവരം. പാർട്ടിയിൽ ആകെയുള്ള ഒമ്പത് എം.പിമാരിൽ ആറുപേരും ലോക്‌സഭ സ്പീക്കർ ഓം ബിർളക്ക് കത്ത് നൽകി പ്രത്യേക ഗ്രൂപ്പായി മാറാനും അനുമതി തേടിയതായും റിപ്പോർട്ടുണ്ട്. ഈ വിമത നീക്കം വിജയിച്ചാൽ എൻ.ഡി.എയുടെ ലോക്‌സഭയിലെ അംഗസംഖ്യ 319 ആയി ഉയരും.
ഇപ്പോൾ ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ബി.ജെ.പി സഖ്യകക്ഷിയായ സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി തലവനും യു.പി മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭറാണ് കഴിഞ്ഞദിവസം എസ്.പി എം.പിമാർ കൂറുമാറുന്നതായി വെളിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് എസ്.പി നേതാവ് രാം ഗോപാൽ യാദവ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്ത് നൽകിയതായും മന്ത്രി പറഞ്ഞു. എന്നാൽ, ഈ വാർത്തകൾ നിഷേധിച്ച അഖിലേഷ്, എസ്.പി പാർട്ടി ഒറ്റക്കെട്ടായി തുടരുമെന്നും ഇത്തരം പ്രചാരണങ്ങൾ കിംവദന്തികൾ മാത്രമാണെന്നും പ്രതികരിച്ചു.
ഏറ്റവും ഒടുവിൽ, തമിഴ്‌നാട്ടിൽ ഡി.എം.കെയും കോൺഗ്രസും തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകൾ മുതലെടുക്കാൻ ബി.ജെ.പി ശ്രമിക്കുന്നതായി വിവരങ്ങൾ പുറത്തുവരുന്നു. ലോക്‌സഭയിൽ 22 എം.പിമാരുള്ള ഡി.എം.കെയെയാണ് നോട്ടമിടുന്നത്.
540 അംഗ ലോക്‌സഭയിൽ നിലവിൽ എൻ.ഡി.എക്ക് 293 അംഗങ്ങളാണുള്ളത്. ഭരണഘടന ഭേദഗതി ബില്ലുകൾ പാസാക്കാൻ 360 വോട്ടുകൾ ആവശ്യമാണ്.
രാജ്യസഭയിലും എൻ.ഡി.എ നില ഭദ്രമാക്കാൻ ശ്രമിക്കുകയാണ്. 245 അംഗ രാജ്യസഭയിൽ 149 പേരാണ് ഭരണമുന്നണിക്കുള്ളത്. മൂന്നിൽരണ്ട് ഭൂരിപക്ഷത്തിന് വേണ്ടത് 164 പേരുടെ പിന്തുണ.
ഈ മാസം വിവിധ സംസ്ഥാനങ്ങളിലെ രാജ്യസഭ തെരഞ്ഞെടുപ്പുകൾ പൂർത്തിയാകുന്നതോടെ എൻ.ഡി.എയുടെ അംഗസംഖ്യ 155 ആയി ഉയരും. ബംഗാളിൽനിന്നുള്ള ഒഴിവുകൾ കൂടി വരുന്നതോടെ രാജ്യസഭയിലും ബി.ജെ.പി സഖ്യത്തിന് ലക്ഷ്യം കൈവരിക്കാനാകും.
എന്നാൽ, വഴിവിട്ട നീക്കങ്ങളിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും വിവിധ കക്ഷികളിൽനിന്നുള്ള കൊഴിഞ്ഞുപോക്കിനെ നേരിടാൻ കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.