ന്യൂഡൽഹി: ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിൽ പരാജയപ്പെട്ടതിന്റെ അപമാനം മറക്കാൻ പ്രതിപക്ഷത്തിനുനേരെ ആക്രമണം അഴിച്ചുവിടുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെയ്യുന്നതെന്ന് കോൺഗ്രസ്. അദ്ദേഹത്തിന്റെ നടപടി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
രണ്ടുവർഷം മുമ്പ് തങ്ങൾക്കെതിരെ പോരാടി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ബി.ജെ.പിയിൽ ചേർക്കാൻ പ്രലോഭനങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ് അമിത് ഷായെന്നും എന്നാൽ അദ്ദേഹം അതിൽ വിജയിക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. മഹാരാഷ്ട്രയിൽനിന്നുള്ള എം.പിമാരെ വിലക്കെടുക്കാൻ 15 കോടി രൂപ മുൻകൂറായി നൽകുന്നുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് വിമർശനം. ഒരു വിഭാഗം ലോക്സഭ അംഗങ്ങൾ പാർട്ടി മാറുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് റാവത്തിന്റെ ഈ പരാമർശം.
മണ്ഡല പുനർനിർണയ ബില്ലുകൾ പാസാക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ ലോക്സഭയിലുണ്ടായ അപമാനത്തിന് പരിഹാരം കാണാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പ്രതിപക്ഷത്തിന് നേരെയുള്ള ആക്രമണവും ജനാധിപത്യ കശാപ്പും തുടരുന്നതെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. തൃണമൂൽ കോൺഗ്രസ് മാതൃകയിൽ, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന എം.പിമാരുടെ ഭാഗത്തുനിന്ന് ഉടൻ തന്നെയൊരു കലാപം ഉണ്ടായേക്കുമെന്ന ഊഹാപോഹങ്ങൾ ശക്തമാണ്. വിമതരെ സ്വാഗതം ചെയ്യുമെന്നും അവർ പാർട്ടി മാറുകയാണെങ്കിൽ മുൻഗണന നൽകുമെന്നും ഭരണകക്ഷിയിലുള്ള ശിവസേനാ നേതാവ് പ്രതാപ് സർനായിക് സൂചന നൽകിയതോടെ ഈ സംശയം കൂടുതൽ ബലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.