ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പെയ്ഡ് ആകുന്നു; മെറ്റയുടെ ഈ ചുവടുമാറ്റത്തിന് പിന്നിലെ യഥാർഥ കാരണം ഇതാണ്!

ന്യൂഡൽഹി: എ.ഐ സാങ്കേതികവിദ്യയ്ക്കായി നടത്തുന്ന ഭീമമായ നിക്ഷേപം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നിവയുടെ പെയ്ഡ് സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകൾ വ്യാപിപ്പിക്കാനൊരുങ്ങി മെറ്റാ. നിലവിൽ സൗജന്യമായി ലഭിക്കുന്ന സേവനങ്ങൾക്ക് പുറമെ, കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തിയുള്ള പ്ലസ് സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളാണ് കമ്പനി ഉപയോക്താക്കൾക്ക് മുന്നിൽ വെക്കുന്നത്.

ഇന്ത്യയിൽ ഇൻസ്റ്റഗ്രാം പ്ലസ്, ഫേസ്ബുക്ക് പ്ലസ് എന്നിവയ്ക്ക് പ്രതിമാസം 99 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. വാട്സാപ്പ് വെബ്ബിൽ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച വാട്സാപ്പ് പ്ലസിനും 99 രൂപയാണെങ്കിലും നിലവിൽ 50 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്. പ്രൊഫൈൽ കസ്റ്റമൈസേഷൻ, അക്കൗണ്ടുകൾ കൂടുതൽ എളുപ്പത്തിൽ ക്രമീകരിക്കാനുള്ള ടൂളുകൾ തുടങ്ങിയവയാണ് ഈ പ്രീമിയം പ്ലാനുകളിൽ ലഭിക്കുക. ഇതുകൂടാതെ ഉയർന്ന എ.ഐ ഫീച്ചറുകൾ ആവശ്യമുള്ള പവർ ഉപയോക്താക്കൾക്കായി പ്രതിമാസം 775 രൂപ നിരക്കിലുള്ള മെറ്റാ വൺ പ്ലസും, 1,939 രൂപ നിരക്കിലുള്ള മെറ്റാ വൺ പ്രീമിയം പ്ലാനുകളും കമ്പനി അവതരിപ്പിക്കുന്നുണ്ട്.

ഓപ്പൺ എ.ഐ, ഗൂഗിൾ തുടങ്ങിയ ആഗോള ഭീമന്മാരുമായി എ.ഐ സാങ്കേതികവിദ്യയിൽ മത്സരിക്കുന്നതിനായി മെറ്റാ അടുത്ത കാലത്ത് വലിയ തുകയാണ് നിക്ഷേപിച്ചത്. ഈ വർഷത്തെ മെറ്റായുടെ ചെലവ് 125 ബില്യൺ മുതൽ 145 ബില്യൺ ഡോളർ വരെയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. എ.ഐ കമ്പ്യൂട്ട് ഇൻഫ്രാസ്ട്രക്ചർ, ഡാറ്റാ സെന്ററുകൾ എന്നിവയുടെ നിർമ്മാണത്തിനാണ് പ്രധാനമായും ഈ തുക വിനിയോഗിക്കുന്നത്. ഇന്ത്യയിലും റിലയൻസ് ഇൻഡസ്ട്രീസുമായി ചേർന്ന് ഗുജറാത്തിലെ ജാംനഗറിൽ മെറ്റാ എ.ഐ ഡാറ്റാ സെന്റർ സ്ഥാപിക്കുന്നുണ്ട്.

ഈ ഭീമമായ ചെലവുകൾ നിലവിലുള്ള പരസ്യവരുമാനം കൊണ്ട് മാത്രം നികത്താൻ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് മെറ്റാ പെയ്ഡ് സബ്‌സ്‌ക്രിപ്ഷനിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് മെറ്റായുടെ ആകെ വരുമാനത്തിന്റെ 97.6 ശതമാനവും ഡിജിറ്റൽ പരസ്യങ്ങളിൽ നിന്നായിരുന്നു. വരുമാനത്തിനായി ഒരൊറ്റ മേഖലയെ മാത്രം ആശ്രയിക്കുന്ന ഈ രീതി മാറ്റാനും സബ്‌സ്‌ക്രിപ്ഷനിലൂടെ പുതിയ വരുമാന മാർഗ്ഗം കണ്ടെത്താനും കമ്പനി ലക്ഷ്യമിടുന്നു.

എ.ഐ മേഖലയിലേക്കുള്ള പെട്ടെന്നുള്ള ചുവടുമാറ്റം മെറ്റയ്ക്കുള്ളിൽ ചില ആഭ്യന്തര തർക്കങ്ങൾക്കും കാരണമായിട്ടുണ്ട്. എ.ഐ പുനഃക്രമീകരണത്തിന്റെ ഭാഗമായി കമ്പനിയിൽ 10 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടതും, പുതിയ എ.ഐ വിദഗ്ധർക്ക് നൽകുന്ന ഉയർന്ന ശമ്പള പാക്കേജുകളും നിലവിലുള്ള ജീവനക്കാർക്കിടയിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

അതേസമയം, പുതിയ പെയ്ഡ് പ്ലാനുകൾ വഴി 2030 ഓടെ പ്രതിവർഷം 20 ബില്യൺ ഡോളർ വരെ അധിക വരുമാനം നേടാനാകുമെന്നാണ് പ്രമുഖ സാമ്പത്തിക വിശകലന ഏജൻസിയായ ട്രൂയിസ്റ്റ് സെക്യൂരിറ്റീസ് വിലയിരുത്തുന്നത്. എന്നാൽ, സാധാരണ ഉപയോക്താക്കൾ പ്രൊഫൈൽ മാറ്റങ്ങൾ പോലുള്ള ചെറിയ ഫീച്ചറുകൾക്കായി പണം നൽകാൻ എത്രത്തോളം തയ്യാറാകുമെന്ന കാര്യത്തിൽ വിപണി വിദഗ്ധർക്കിടയിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.

Tags:    
News Summary - Costs are soaring; Meta introduces paid subscriptions to boost revenue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.