ന്യൂഡൽഹി: മേയ് മൂന്നിന് നടന്ന നീറ്റ്-യു.ജി പരീക്ഷ റദ്ദാക്കി, 22 ലക്ഷത്തോളം വരുന്ന വിദ്യാർഥികൾക്കായി രാജ്യവ്യാപകമായി വീണ്ടും പരീക്ഷ നടത്താനുമുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ) തീരുമാനം ചോദ്യം ചെയ്ത് സമർപ്പിച്ച റിട്ട് ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി ജൂലൈയിലേക്ക് മാറ്റി. ജൂൺ 21ന് നടത്താൻ നിശ്ചയിച്ച പുനഃപരീക്ഷ സ്റ്റേ ചെയ്യണമെന്ന ഹരജിയിലെ ഇടക്കാല ആവശ്യം ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചില്ല.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട മറ്റ് കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസ് പി.എസ്. നരസിംഹയുടെ ബെഞ്ചിലേക്ക് പുനഃപരീക്ഷക്കെതിരായ ഹരജിയും മാറ്റി. വേനലവധിക്കുശേഷം ജൂലൈ 13ന് സുപ്രീംകോടതിയുടെ പതിവ് സിറ്റിങ്ങുകൾ പുനരാരംഭിച്ചതിനുശേഷം ജസ്റ്റിസ് നരസിംഹയുടെ ബെഞ്ച് ഈ ഹരജിയും പരിഗണിക്കും. പരീക്ഷ പൂർണമായി റദ്ദാക്കുന്നതും രാജ്യവ്യാപകമായി വീണ്ടും പരീക്ഷ നടത്തുന്നതും യാതൊരു തെറ്റും ചെയ്യാത്ത ലക്ഷക്കണക്കിന് യഥാർഥ ഉദ്യോഗാർഥികളെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സേവന വിഭാഗം മുൻ അസി. ഡയറക്ടർ ജനറൽ ഡോ. മംഗള കോഹ്ലിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും ഗൗരവമേറിയ വിഷയമായതിനാൽ കർശന അന്വേഷണവും കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടിയും ആവശ്യമാണ്. എന്നാൽ, പരീക്ഷ നടത്തുന്ന അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ ഭരണപരവും സ്ഥാപനപരവുമായ പരാജയങ്ങൾ കാരണം ലക്ഷക്കണക്കിന് നിരപരാധികളായ വിദ്യാർഥികളുടെ ഭരണഘടനാപരമായ അവകാശങ്ങളും താൽപര്യങ്ങളും ബലികഴിക്കരുതെന്നും ഹരജിയിൽ ആവശ്യപ്പെടുനു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.