ന്യൂഡൽഹി: അരാവലി മലനിരകളുടെ സംരക്ഷണത്തിനായി സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ നിഷ്പക്ഷതയിലും പദവിയിലും ആശങ്ക പ്രകടിപ്പിച്ച് പരിസ്ഥിതി വിദഗ്ധരും മുൻ ഐ.എ.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരും രംഗത്ത്. ഖനന അനുകൂല നിലപാടുള്ളവരും വനം സംരക്ഷണ ഉത്തരവുകൾ നടപ്പാക്കാത്ത ചരിത്രമുള്ളവരും സമിതിയിൽ ഉൾപ്പെട്ടതായി ഇവർ ചൂണ്ടിക്കാട്ടുന്നു.
സമിതി കേന്ദ്ര സർക്കാറിനോട് ചേർന്നുനിൽക്കുന്നതാണെന്ന കാഴ്ചപ്പാടാണ് പൊതുവേയുള്ളതെന്ന് മുൻ ഐ.എഫ്.എസ് ഓഫിസറും കേരളത്തിലെ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുമായിരുന്ന പ്രകൃതി ശ്രീവാസ്തവ പറഞ്ഞു. സമിതിയിലെ ഒരംഗം മിനറൽ-മൈനിങ് പര്യവേക്ഷണ മേഖലയിലെ വിദഗ്ധനാണ്. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ മുൻ ഡി.ജി ആയിരുന്ന മറ്റൊരംഗം, മുമ്പ് സംരക്ഷിത വനങ്ങളുടെ ജിയോ-റഫറൻസിങ്ങും വന്യജീവികളുടെ സഞ്ചാരപാതകൾ കണ്ടെത്തലും സംബന്ധിച്ച കോടതി ഉത്തരവുകൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ട വ്യക്തിയാണെന്നും അവർ ചൂണ്ടിക്കാട്ടി.
അരാവലി കുന്നുകൾ വ്യാപിച്ചുകിടക്കുന്ന സംസ്ഥാനങ്ങളിൽ പ്രവൃത്തിപരിചയമുള്ള ഒരംഗം പോലും സമിതിയിൽ ഇല്ലാത്തതും വന്യജീവി മേഖലയിലെ വിദഗ്ധരുടെ അഭാവവും പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അരാവലി കുന്നുകളുടെ ശാസ്ത്രീയ നിർവചനവും അതിർത്തി നിർണയവും സ്വതന്ത്രമായി വിലയിരുത്തുന്നതിനായി 2026 ജൂൺ മൂന്നിനാണ് റിസർച് ആൻഡ് എജുക്കേഷൻ ഡയറക്ടർ ജനറൽ കാഞ്ചൻ ദേവി അധ്യക്ഷയായ അഞ്ചംഗ ഉന്നതാധികാര സമിതി രൂപവത്കരിച്ചത്. മലനിരകളുടെ ശാസ്ത്രീയ നിർവചനം സ്വതന്ത്രമായി വിശകലനം ചെയ്ത് 2026 ആഗസ്റ്റ് 31നകം റിപ്പോർട്ട് സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.