പാക് സ്വദേശികൾ മത്സരിച്ചു; 2020 ലെ കശ്മീർ തെരഞ്ഞെടുപ്പിന്റെ റീ​​ പോളിങ് ഇന്ന്


ശ്രീനഗർ: ജമ്മുകശ്മീരിലെ രണ്ട് ജില്ലാ വികസന സമിതി സീറ്റുകളിൽ ഇന്ന് റീ​പോളിങ്. പാകിസ്താൻ സ്വദേശികൾ മത്സരിച്ചതിനെ തുടർന്നാണ് റീപോളിങ് നടത്തുന്നത്. കുപ്‍വാരയിലെ ദ്രുഗ്മുല്ല, ബന്ദിപൊരയിലെ ഹജിൻ എന്നീ വനിതാ സീറ്റുകളിലാണ് റീ പോളിങ് നടക്കുന്നത്. രണ്ട് വർഷം മുമ്പാണ് ആദ്യ വോട്ടെടുപ്പ് നടന്നത്. 2020 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ രണ്ട് പാകിസ്താനി സ്ത്രീകൾ മത്സരിച്ചിരുന്നു. സോമിയ സഫദ്, ഷാസിയ ബീഗം എന്നിവരാണ് മത്സരിച്ച പാക് വനിതകൾ.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇവരുടെ ദേശീയത സംബന്ധിച്ച് തർക്കം ഉയരുകയും തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെ പരാതി എത്തുകയും ചെയ്തു. ഇതോടെ കമീഷൻ തെരഞ്ഞെടുപ്പ് ഫലം പിടിച്ചുവെക്കുകയും വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. അന്വേഷണത്തിന് ശേഷം തെരഞ്ഞെടുപ്പ് റദ്ദാക്കിയ കമീഷൻ റീ പോളിങ് നടത്താൻ തീരുമാനിച്ചു.

സോമിയയും ഷാസിയയും പാകിസ്താൻ സ്വദേശികളാണ്. പാക് അധീന കശ്മീരാണ് സ്വദേശം. മുൻ തീവ്രവാദികളെയാണ് ഇരുവരും വിവാഹം ചെയ്തത്. ഭർത്താക്കൻമാർക്കൊപ്പം അനധികൃതമായാണ് ഇന്ത്യയിലേക്ക് കടന്നതെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. 2020ൽ കീഴങ്ങിയ തീവ്രവാദികൾക്കായുള്ള ഇന്ത്യൻ സർക്കാറിന്റെ പുനരധിവാസ നയം വഴിയാണ് ഇവർ ഇന്ത്യയിലെത്തിയത്.

എന്നാൽ സർക്കാർ നിർദേശിച്ച വഴിയിലൂടെയല്ല ഇവർ ഇന്ത്യയിലെത്തിയത് എന്നതിനാൽ അനധികൃതമായി ഇന്ത്യയിലെത്തിയതായാണ് കണക്കാക്കുന്നത്.

കശ്മീരി യുവാക്കൾ നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മീരിൽ ആയുധ പരിശീലനം നേടുകയും തീവ്രവാദ ഗ്രൂപ്പുകളിൽ ചേരുകയും ചെയ്തിരുന്നു. തീവ്രവാദ ഗ്രൂപ്പുകളിൽ എത്തിയ ശേഷം പലർക്കും മനംമാറ്റമുണ്ടാവുകയും തീവ്രവാദത്തിൽ നിന്ന് പിന്തിരിയുകയും ചെയ്തു. ഇവരിൽ ചിലരാണ് പാക് യുവതികളെ വിവാഹം ചെയ്തത്. ഇങ്ങനെ ഏക​ദേശം 350 പാക് വനിതകൾ കശ്മീരി യുവാക്കളെ വിവാഹം ചെയ്തിട്ടുണ്ട്.

ഇന്ത്യൻ സർക്കാർ പുനരധിവാസ നയം പ്രഖ്യാപിച്ചപ്പോൾ ഇവർക്ക് ഇന്ത്യയിലേക്ക് എത്താൻ വഴി തെളിഞ്ഞു. നിയന്ത്രണ രേഖയിൽ രേഖപ്പെടുത്തിയ അതിർത്തി വഴികളിലൂടെ മാത്രമേ ഇന്ത്യയിലേക്ക് കടക്കാവൂ. ​എന്നാൽ സോമിയയും ഷാസിയയും ഭർത്താക്കൻമാർക്കൊപ്പം നേപ്പാൾ വഴിയാണ് ഇന്ത്യയിലെത്തിയത്. അതിനാൽ ഇന്ത്യൻ നിയമങ്ങൾ അനുസരിച്ച് ഇവർ അനധികൃതമായി കശ്മീരിൽ കഴിയുന്നതായാണ് കണക്കാക്കുന്നത്.

ഇവരുടെ ഭർത്താക്കൻമാരെ ചോദ്യം ചെയ്തപ്പോൾ, കീഴടങ്ങുന്നതിനായി നിയന്ത്രണ രേഖ കടക്കാൻ പാക് ഏജൻസികൾ അനുവദിച്ചിരുന്നില്ലെന്നും അവരിൽ നിന്നും രക്ഷപ്പെടുന്നതിനാണ് നേപ്പാൾ വഴി കടന്നതെന്നുമാണ് മൊഴി നൽകിയിരിക്കുന്നത്.

സോമിയയുടെയും ഷാസിയയുടെയും പേരുകൾ ഒഴിവാക്കിയണ് ഇന്ന് റീ പോളിങ് നടക്കുന്നത്. ദ്രഗ്മുല്ലയിൽ 10 സ്ഥാനാർഥികളും ഹജിനിൽ അഞ്ച് സ്ഥാനാർഥികളും മത്സരത്തിനുണ്ട്.

രണ്ട് വർഷം മുമ്പുള്ള സ്ഥാനാർഥി പട്ടികയിൽ ചില സ്ഥാനാർഥികൾ പാർട്ടി മാറിയിട്ടുണ്ടെങ്കിലും അവരുടെ ചിഹ്നം പഴയതു തന്നെയായി തുടരുന്നുണ്ട്. ദ്രഗ്മുല്ലയിൽ നേരത്തെ മെഹ്ബൂബ മുഫ്തിയുടെ പി.ഡി.പി അംഗമായിരുന്ന സ്ഥാനാർഥി ഇപ്പോൾ സജാദ് ലോൺസിന്റെ പീപ്പിൾ കോൺഫറൻസിൽ ചേർന്നിട്ടുണ്ട്. പി.ഡി.പിയുടെ ചിഹ്നം മഷിക്കുപ്പിയും പേനയുമാണ്. ഈ സ്ഥാനാർഥി അതേ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. പി.ഡി.പിയാണെങ്കിൽ സ്വന്തം ചിഹ്നത്തിന് വോട്ട് ചെയ്യാതിരിക്കാൻ ആളുകളെ നിർബന്ധിച്ചുകൊണ്ടിരിക്കുകയുമാണ്.

ഇരു പാർട്ടികളും തെരഞ്ഞെടുപ്പ് ചിഹ്നം മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും കമീഷൻ നിഷേധിച്ചു. 2020 നവംബർ 23നായിരുന്നു നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന അവസരം എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. 

Tags:    
News Summary - Re-Polling On 2 J&K Local Body Seats. Reason: Pakistan Nationals Contested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.