ന്യൂഡൽഹി: കൊളീജിയം മുന്നോട്ടുവെക്കുന്ന ജഡ്ജി നിയമന ശിപാർശകളിൽ ഏകപക്ഷീയ നില പാട് എടുക്കുന്നതിലുള്ള പ്രതിഷേധം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പ്രധാനമന്ത്രിയെ അറിയിച്ചു. ഇഷ്ടമുള്ളവരുടെ കാര്യത്തിൽ അതിവേഗം നടപടിയെടുക്കുകയും താൽപര്യമില്ലാത്തവരുടെ ശിപാർശകൾ വെച്ചുതാമസിപ്പിക്കുകയും ചെയ്യുന്ന സർക്കാർ നടപടിക്കെതിരായാണ് തെൻറ അതൃപ്തി ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രിയെ നേരിട്ട് അറിയിച്ചത്.
കൊളീജിയം ശിപാർശ ചെയ്ത നാലു ജഡ്ജിമാരുടെ നിയമനം 48 മണിക്കൂറിനകം നടത്തിയ മോദി സർക്കാർ 40ലേറെ ശിപാർശകൾ തീരുമാനമെടുക്കാതെ വെച്ചിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് മാധ്യമപ്രവർത്തകരുമായുള്ള ആശയവിനിമയത്തിൽ തുറന്നു പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ താൻ ഇടപെടുമെന്നും അദ്ദേഹം അന്ന് സൂചന നൽകിയിരുന്നു. അതിനു പിന്നാലെയാണ് പ്രധാനമന്ത്രിയെതന്നെ നേരിൽ വിളിച്ച് വിഷയം ചർച്ചചെയ്തുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.
തങ്ങൾക്ക് താൽപര്യമില്ലാത്ത ശിപാർശകൾ വെച്ചു താമസിപ്പിക്കുകയും വിഷയം വിവാദമാകുന്ന വേളയിൽ തള്ളിക്കളയുകയും ചെയ്യുന്ന രീതിയാണ് മോദി സർക്കാർ അധികാരമേറ്റതിനുശേഷം നടപ്പാക്കുന്നത്. കേരള െഹെകോടതിയിലെ അഭിഭാഷകൻ അഡ്വ. പി.വി. കുഞ്ഞികൃഷ്ണനെ അഡീഷനൽ ജഡ്ജിയായി നിയമിക്കാൻ ഒക്ടോബർ ഒമ്പതിന് സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തത് നേരിട്ട് കൂടിക്കാഴ്ച നടത്തിയായിരുന്നു. എന്നാൽ, കുഞ്ഞികൃഷ്ണനൊപ്പം കൊളീജിയം സമർപ്പിച്ച മറ്റു നാലു േപരുകൾ അംഗീകരിച്ചപ്പോൾ അദ്ദേഹത്തെ മാത്രം ഒഴിവാക്കി. ഡൽഹി ഹൈകോടതിയുടെ കാര്യത്തിലും െകാളീജിയം സമർപ്പിച്ച പേരുകളിൽ തങ്ങൾക്ക് താൽപര്യമുള്ളവർക്കുവേണ്ടി മാത്രം സർക്കാർ നിയമന ഉത്തരവിറക്കി.
മുതിർന്ന അഭിഭാഷകൻ മനോജ് ഒാഹ്രിയുടെ പേരിനൊപ്പം സമർപ്പിച്ച മറ്റെല്ലാവരെയും അംഗീകരിച്ചപ്പോൾ അദ്ദേഹത്തെ മാത്രം ഉൾപ്പെടുത്താതെയായിരുന്നു സർക്കാർ നിയമന ഉത്തരവ്. ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിൽ സർക്കാർ പ്രകടിപ്പിക്കുന്ന താൽപര്യവും ഏകപക്ഷീയമാണെന്ന്, ഗുജറാത്ത് ഹൈകോടതി ജഡ്ജി ആക്കിൽ ഖുറൈശിയുടെ സ്ഥലംമാറ്റത്തോടെ ആക്ഷേപമുയർന്നിരുന്നു. ഇതിനിടയിലാണ് ജഡ്ജി നിയമനത്തിൽ സർക്കാർ നിലപാടിൽ ചീഫ് ജസ്റ്റിസ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.