അയോധ്യ രാമക്ഷേത്ര തട്ടിപ്പ്: വി.എച്ച്.പി നേതാവ് ചമ്പത് റായ് ട്രസ്റ്റ് മേധാവി സ്ഥാനം രാജിവെച്ചു

അയോധ്യ: അയോധ്യ രാമ​ക്ഷേത്രത്തിൽ കോടികളുടെ കൊള്ള നടത്തിയ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ, വി.എച്ച്.പി നേതാവും ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയുമായ ചമ്പത് റായ് രാജിവെച്ചു. ഭക്തർ കാണിക്കയായി നൽകിയ 200 കോടിയോളം മൂല്യം വരുന്ന സ്വർണവും പണവുമടക്കം മോഷണം പോയ സംഭവത്തിൽ ക്ഷേത്രനടത്തിപ്പുകാരിലേക്ക് അന്വേഷണം നീളുന്നതിനിടയിലാണ് രാജി. സംഘ്പരിവാറിന്റെ ഉന്നതനേതാവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനുമാണ് ചമ്പത് റായി.

ഇയാൾക്ക് പുറമേ അയോധ്യ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്രം ട്രസ്റ്റി അനിൽ മിശ്രയും രാജി സമർപ്പിച്ചു. യു.പിയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാമക്ഷേത്രത്തിൽ നടന്ന തീവെട്ടിക്കൊള്ള ബി.ജെ.പിക്ക് തിരിച്ചടിയായിട്ടുണ്ട്. ഇതിൽനിന്ന് മുഖം രക്ഷിക്കാൻ അന്വേഷണത്തിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രത്യേക അന്വേഷണ സംഘ​ത്തെ (എസ്‌ഐടി) നിയോഗിച്ചിരുന്നു. എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് രാജി.

ചമ്പത് റായിയുടെ വിശ്വസ്തനായ ഡ്രൈവർ ഉൾപ്പെടെ എട്ട് പേരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ പണം എണ്ണാൻ ഉത്തരവാദികളായ ആറ് ക്ഷേത്ര ജീവനക്കാരും ഉൾപ്പെടും. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാംശങ്കർ യാദവ് എന്ന ടിന്നു എന്നിവരാണ് പ്രതികൾ. മോഷണം, ക്രിമിനൽ വിശ്വാസവഞ്ചന, അനധികൃത സ്വത്ത് സമ്പാദനം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ ഇന്നലെ പൊലീസ് കേസ് ഫയൽ ചെയ്തത്.

ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് അംഗം കൃഷ്ണ മോഹൻ നൽകിയ രേഖാമൂലമുള്ള പരാതിയിലാണ് പൊലീസിന്റെ നടപടി. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലഖ്‌നോ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത് തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറി സഞ്ജയ് പ്രസാദിന് കൈമാറിയതിന് പിന്നാലെയാണ് കേസ് ഫയൽ ചെയ്തത്.

ക്ഷേത്ര നിർമ്മാണത്തിന് ലഭിച്ച വലിയ തുകയുടെ വിനിയോഗത്തിൽ സുതാര്യത വേണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നു. അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽ നിന്ന് പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. 

Tags:    
News Summary - Ram Mandir trust chief Champat Rai steps down as 8 held in temple donation theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.